മൊബൈല്‍ ഷോപ്പില്‍ നിന്ന് സ്‌മാർട്ട്ഫോണ്‍ വാങ്ങിയ ശേഷം കടയുടമയെ തെറ്റിദ്ധരിപ്പിച്ച്‌ കടന്നുകളയാൻ ശ്രമം ; യുവാവ് അറസ്റ്റിൽ

Spread the love

തൃശൂർ : മൊബൈൽ ഷോപ്പിൽ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. പെരിഞ്ഞനം സ്വദേശി എള്ളുംപറമ്ബില്‍ വീട്ടില്‍ അഹമ്മദ് (18) നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാജ ആപ്പ് ഉപയോഗിച്ച്‌ ക്യുആർ കോഡ് സ്കാൻ ചെയ്ത് 17000 രുപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. മതിലകം സെൻ്ററിലെ മൊബൈല്‍ ഷോപ്പില്‍ നിന്ന് സ്‌മാർട്ട്ഫോണ്‍ വാങ്ങിയ ശേഷം കടയുടമയെ തെറ്റിദ്ധരിപ്പിച്ച്‌ കടക്കാൻ ശ്രമിച്ച ഇയാളെ തടഞ്ഞുവെച്ച്‌ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് മതിലകം സെന്ററില്‍ പ്രവർത്തിയ്ക്കുന്ന മൊബൈല്‍പാർക്ക് മൊബൈല്‍ ഷോപ്പിലാണ് തട്ടിപ്പ് നടത്തിയത്. മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ട യുവാവ് 17,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ വാങ്ങിയ ശേഷം മൊബൈല്‍ ഷോപ്പിലെ ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഫോണ്‍ പേ വഴി പണം അയച്ചതായി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൻ്റെ സ്ക്രീൻ ഷോട്ട് കാണിച്ചുകൊടുത്ത ശേഷം പെട്ടെന്ന് മൊബൈല്‍ ഷോപ്പില്‍ നിന്ന് ഇറങ്ങിപ്പോകാൻ ശ്രമിച്ചു. എന്നാല്‍ സംശയം തോന്നിയ കടയുടമ നൗഫല്‍ പ്രതിയെ തടഞ്ഞുവെച്ചു. പിന്നീട് നൗഫല്‍ സ്വന്തം ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ പണം ലഭിച്ചില്ലെന്ന് വ്യക്തമായി.

പണം ക്രെഡിറ്റ് ആയിട്ടില്ലെന്നും വ്യാജ ആപ്പ് വഴി ക്യുആർ കോഡ് സ്കാൻ ചെയ്താണ് 17000 രൂപ അയച്ചതായി തെറ്റിധരിപ്പിച്ചതെന്നും പിന്നീട് വ്യക്തമായി. ഇതിന് പിന്നാലെ കടയുടമ മതിലകം പൊലീസ് സ്റ്റേഷനില്‍ വിളിച്ച്‌ വിവരം അറിയിച്ചു.

ഉടമയുടെ പരാതിയില്‍ മതിലകം പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പിന്നീട് അഹമ്മദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. മതിലകം പൊലീസ് എസ്.എച്ച്‌.ഒ ഷാജി.എം.കെ, എസ്.ഐ അശ്വിൻ റോയ്, ജി.എസ്.സി.പി.ഒ. മാരായ സനീഷ്, ഷനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.