
സ്വന്തം ലേഖകൻ
പമ്പ : തീർത്ഥാടകരുടെ വിലകൂടിയ മൊബൈൽ ഫോണുകളും പണവും മോഷ്ടിക്കുന്ന സംഘത്തിലെ ഒരാളെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തേനി പഴയ ബസ് സ്റ്റാൻഡിന് സമീപം ഡോർ നമ്പർ 16ൽ ശരവണൻ (48) ആണ് പിടിയിലായത്. കഴിഞ്ഞ ഒന്നിന് പുലർച്ചെ സന്നിധാനത്തേക്കുള്ള വഴിയിൽ കായംകുളം സ്വദേശിയായ തീർത്ഥാടകന്റെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വിലയുള്ള സ്മാർട്ട് ഫോൺ ബാഗ് തുറന്നെടുത്ത കേസിലാണ് അറസ്റ്റ്.
അന്വേഷണത്തിൽ നഷ്ടപ്പെട്ട ഫോണിന്റെ ലൊക്കേഷൻ മനസിലാക്കി. തുടർന്ന് പമ്പയിൽ നിന്ന് കുമളിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത പ്രതിയെ എരുമേലിക്ക് സമീപം വാഹന പരിശോധന നടത്തി പിടികൂടുകയായിരുന്നു. പരിശോധനയിൽ ഫോൺ ലഭിച്ചു. കൂടാതെ രണ്ടു ഫോണുകളും 5000 രൂപയും കണ്ടെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പമ്പ പൊലീസ് ഇൻസ്‌പെക്ടർ സി.കെ.മനോജ്, എസ്.ഐമാരായ ബി.എസ്.ശ്രീജിത്ത്, ബിജു, എസ്.സി.പി.ഓമാരായ ഗിരിജേന്ദ്രൻ, ബിനു ലാൽ, സുധീഷ്, ആന്റി തെഫ്റ്റ് സ്‌ക്വാഡിലെ എസ്.ഐ.അജി സാമുവൽ, സി.പി.ഓമാരായ അവിനാശ് വിനായകൻ, മനോജ് കുമാർ, സജികുമാർ എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാവിനെ കുടുക്കിയത്. പ്രതിയെ റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



