ആലുവയിൽ ട്രെയിനിന് മുന്നില്‍ ചാടി യുവതി ജീവനൊടുക്കി; പിന്നാലെ യുവാവ് പുഴയില്‍ ചാടി മരിച്ചു; ഇരുവരും പ്രണയത്തിലായിരുന്നുവെന്നും, വീട്ടുകാർ വിവരം അറിഞ്ഞതിനെത്തുടർന്നാണ് ആത്മഹത്യയെന്നും പ്രാഥമിക വിവരം
സ്വന്തം ലേഖകൻ
കൊച്ചി: ആലുവയില്‍ യുവതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. തൊട്ടു പിന്നാലെ സുഹൃത്തായ യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുഴിവേലിപ്പടി പുത്തന്‍ വീട്ടില്‍ മഞ്ജു( 42)വും, സുഹൃത്തായ എടത്തല താഴത്തേടത്ത് വീട്ടില്‍ ശ്രീകാന്തും (36) ആണ് മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
മൂന്ന് മാസം മുന്‍പാണ് ഡ്രൈവറായ ശ്രീകാന്ത് മഞ്ജുവിന്റെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കാനെത്തിയത്. പിന്നീട് ഇരുവരും പ്രണയത്തിലായി. മഞ്ജു ആലുവയിലെ ഗ്യാരേജിന് സമീപം ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നാലെ ഓട്ടോയില്‍ ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലത്തിനടുത്തെത്തിയ ശ്രീകാന്ത് പുഴയിലേക്ക് ചാടുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇവരുടെ പ്രണയം വീട്ടുകാര്‍ അറിഞ്ഞിരുന്നു. ശ്രീകാന്തിനെ ആലുവയിലേക്ക് വിളിച്ചു വരുത്തിയ മഞ്ജു, സംസാരിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പിന്നീട് ശ്രീകാന്ത് ഓട്ടോയില്‍ ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ എത്തിയ ശേഷം പുഴയിലേക്ക് ചാടി ജീവനൊടുക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇരുവരുടെയും മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലാണുള്ളത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.