മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിച്ച് ആരാധകർ: നിരവധി ആളുകളാണ് മലയാളത്തിന്റെ പ്രിയതാരത്തിന് പിറന്നാള്‍ ആശംസയുമായി സോഷ്യല്‍ മീഡിയയില്‍ അടക്കം പോസ്റ്റുകള്‍ പങ്കുവച്ചിരിക്കുന്നത്

Spread the love

കൊച്ചി: ഇന്ന് മമ്മൂക്കയുടെ ജന്മദിനം.ആരാധകരും സഹപ്രവർത്തകരും അടക്കം നിരവധി ആളുകളാണ് മലയാളത്തിന്റെ പ്രിയതാരത്തിന് പിറന്നാള്‍ ആശംസയുമായി സോഷ്യല്‍ മീഡിയയില്‍ അടക്കം പോസ്റ്റുകള്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി മമ്മൂട്ടിയുടെ ആരോഗ്യത്തിനെക്കുറച്ചും തിരിച്ചുവരവിനെക്കുറുച്ചുമുള്ള ചർച്ചകളായിരുന്നു ആരാധകർക്കിടയില്‍ സജീവം. ചികിത്സയ്ക്കായി സിനിമയില്‍ നിന്ന് അവധിയെടുത്ത് ഏഴുമാസത്തോളമായി ചെന്നൈയില്‍ വിശ്രമത്തിലായിരുന്നു മമ്മൂട്ടി.

താരം ഇപ്പോള്‍ പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടി വീണ്ടും സിനിമയില്‍ സജീവമാകുന്നുവെന്ന വാർത്തകള്‍ വലിയ ആവേശത്തോടെയായിരുന്നു ആരാധകർ ഏറ്റെടുത്തത്.

അഞ്ചു പതിറ്റാണ്ടിലേറെ അഭിനയരംഗത്ത്‌ സജീവമായ അദ്ദേഹത്തിന്റെ പ്രായം തട്ടാത്ത ‘ലുക്ക്‌’ എല്ലായ്‌പ്പോഴും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ അതിലും പ്രധാനമാണ് അദ്ദേഹത്തിനു അഭിനയത്തോടുള്ള ആര്‍ജ്ജവം.

1951 സെപ്റ്റംബർ ഏഴിന് ജനിച്ച മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിക്ക് ഇന്ന് 74 വയസ് തികയുകയാണ്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പില്‍, ഒരു സാധാരണ കുടുംബത്തില്‍ ഇസ്മയിലിന്‍റെയും ഫാത്തിമയുടെയും മൂത്ത മകനായിട്ടാണ് മുഹമ്മദ്‌ കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം.

കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മാറിയ അദ്ദേഹം, സെന്‍റ് ആല്‍ബര്‍ട്ട് സ്കൂള്‍‌, ഗവണ്‍മെന്‍റ് ഹൈസ്കൂള്‍, മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങിളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കി. നിയമപഠനത്തിന് ശേഷം രണ്ട് വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി നോക്കി. 1980ലായിരുന്നു സുല്‍ഫത്തുമായുളള വിവാഹം.

1971 ഓഗസ്റ്റ് ആറിന്, ‘അനുഭവങ്ങള്‍ പാളിച്ചകളെന്ന’ സിനിമയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ മമ്മൂട്ടി, അഭിനയ ജീവിതത്തില്‍ പാളിച്ചകളില്ലാതെ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ‘അനുഭവങ്ങള്‍ പാളിച്ചകളില്‍’ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനായെങ്കിലും സംഭാഷണമുള്ള വേഷം ലഭിച്ചത്, 1973ല്‍ പുറത്തിറങ്ങിയ ‘കാലചക്രം’ എന്ന സിനിമയിലാണ്. 1980ല്‍ ‘വില്‍‌ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്. എം.ടി.വാസുദേവന്‍ നായര്‍

തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ഈ സിനിമയില്‍ അഭിനയിക്കുമ്പോഴാണ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിര്‍ദ്ദേശിച്ചത്. ഈ സിനിമയില്‍ മമ്മൂട്ടിയ്ക്ക് ശബ്ദം നല്‍കിയത് ശ്രീനിവാസനാണ്. 1980ല്‍ ഇറങ്ങിയ കെ.ജി.ജോര്‍ജ്ജിന്‍റെ ‘മേള ‘എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ലഭിക്കുന്നത്.

പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി നൂറുകണക്കിന് സിനിമകള്‍. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്കാരങ്ങള്‍, ദേശീയ അവാർഡുകളും, ഫിലിം ഫെയർ പുരസ്കാരങ്ങള്‍, കേരള- കാലിക്കറ്റ് സർവകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധിയേറെ പുരസ്കാരങ്ങള്‍.