
പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’; മോഹൻലാലിന് ആശംസകളുമായി മമ്മൂട്ടി; ഇരുവരും കൈകോർത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടുള്ള മമ്മൂട്ടിയുടെ ആശംസ വൈറലാക്കി ആരാധകർ
സ്വന്തം ലേഖകൻ
നടൻ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് നടൻ മമ്മൂട്ടി. മെയ് 21നാണ് മോഹൻലാൽ ജന്മദിനം ആഘോഷിക്കുന്നത്. അർധരാത്രിയിൽ തന്നെയാണ് മമ്മൂട്ടി ജന്മദിനാശംസകൾ നേർന്നത്. ഇരുവരും ഒരുമിച്ച് കൈകോർത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു മമ്മൂട്ടിയുടെ ആശംസ.
പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍.. ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു. ഇരുവരുടെയും ചിത്രം ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ടയിലെ ഇലന്തൂരിൽ 1960 മെയ് 21ന് ആണ് മോഹൻലാൽ ജനിച്ചത്. 1978ല്‍ തിരനോട്ടം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ലാല്‍. 1980ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിൽ നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
മോഹൻലാലിന് പിറന്നാൾ സമ്മാനമായി ഒരു വീഡിയോയാണ് പൃഥ്വിരാജ് പുറത്തിറക്കിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിച്ച ബ്രോ ഡാഡി എന്ന ചിത്രത്തിലെ ഡയറക്ടേഴ്സ് കട്ട് ആണ് വീഡിയോ. താരത്തിന് പിറന്നാൾ ആശംസ നേർന്നുകൊണ്ടാണ് പൃഥ്വി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്ത ‘ബ്രോ ഡാഡി’ക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലബിച്ചത്. മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ഇത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലൂടെ ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത് കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.
മുന്നൂറിലേറെ കഥാപാത്രങ്ങളായി ജീവിച്ച താരവിസ്മയത്തിന് ജനഹൃദയങ്ങളില്‍ 62-ന്റെ ചെറുപ്പമെന്ന് ആരാധകര്‍ വാഴ്ത്തുന്നു. തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്ന്, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്ന്, മലയാളത്തിന്റെ മഹാനടനായി മാറിയ താരമാണ് മോഹന്‍ലാല്‍. ആദ്യ ഓഡീഷനില്‍ നിര്‍മ്മാതാവ് സംശയം പ്രകടിപ്പിച്ച പുതുമുഖം, പില്‍ക്കാലത്ത് ഇന്ത്യന്‍ സിനിമയുടെ മുഖമായത് ചരിത്രം. ടി പി ബാലഗോപാലനും ദാസനും ജോജിയും സേതുമാധവനും സുധിയും മണ്ണാറത്തൊടി ജയകൃഷ്ണനും കുഞ്ഞികുട്ടനും പുലിമുരുകനുമെല്ലാം മായാതെ, തിളക്കത്തോടെ ഇന്നും പ്രേക്ഷകരുടെ കണ്‍മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു.
വര്‍ഷങ്ങള്‍ അനവധി പിന്നിട്ടിട്ടും മോഹന്‍ലാലിന്‍റെ താരമൂല്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല എന്നത് വസ്തുതയാണ്. നടന്‍, നിര്‍മ്മാതാവ്, ഗായകന്‍, അവതാരകന്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച അദ്ദേഹത്തിന്‍റെ സംവിധായക പ്രതിഭ അറിയാനും ആസ്വദിക്കുവാനും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ജന്മദിനത്തിന് മുന്നോടിയായി, നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ (NFAI) മോഹന്‍ലാലിനെ ‘ഫേസ് ഓഫ് ദി വീക്ക്’ ആയി ആദരിച്ചിരുന്നു.