മാമി തിരോധാന കേസ്; പൊലീസിന് വൻ വീഴ്ചയെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്‌, നിർണായ തെളിവായ സിസിടിവി ശേഖരിച്ചില്ല

Spread the love

കോഴിക്കോട്: കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ ലോക്കല്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ട്. നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലുള്‍പ്പെടെ പോലീസിന് വീഴ്ചയുണ്ടായതായാണ് റിപ്പോര്ട്ട്. കേസിലെ നിർണായ തെളിവായ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചില്ലെന്നും, സിസിടിവി മനപ്പൂർവം ശേഖരിക്കാതിരുന്നതാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ വിലയിരുത്തൽ.

ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അന്നത്തെ നടക്കാവ് എസ് എച്ച് ഉള്‍പ്പെടെയുളളവര്‍ക്കെതിരെ ഉത്തരമേഖലാ ഐജി അന്വേഷണം പ്രഖ്യാപിച്ചു. സിസിടിവി ശേഖരിച്ചില്ല എന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഇതിനായി നീക്കം തുടങ്ങിയപ്പോഴേക്ക് ദൃശ്യങ്ങൾ മാഞ്ഞു പോയിരുന്നു. മാന്‍ മിസ്സിംഗിന് കേസെടുത്ത് അന്വഷണം നടത്തിയതില്‍ ലോക്കല്‍ പോലീസിന് ഗുരുതര വീഴ്ചയുണ്ടായതായാണ് ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രാഥമിക അന്വേഷണത്തിന്‍റെ ഘട്ടത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം ശ്രമിച്ചില്ല. ആദ്യഘട്ടത്തിലെ സൂചനകള്‍ ശേഖരിക്കുന്നതിലും ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോര്ട്ടില്‍ പറയുന്നു.

ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരമേഖലാ ഐ ജി രാജ് പാല്‍ മീണ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. നടക്കാവ് മുന്‍ എസ് എച്ച് ഓ പി കെ ജിജീഷ്,എസ് ഐ ബിനു മോഹന്‍,സീനിയര്‍ സിപിഓ എം പി ശ്രീകാന്ത്,കെ കെ ബിജു എന്നിവര്‍ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.എസ് ഐക്കായിരുന്നു അന്വേഷണ ചുമതലയെങ്കിലും മേല്‍ നോട്ടചുമതലയുണ്ടായിരുന്നതിനാലാണ് എസ് എച്ച് ഓക്കെതിരെയും അന്വേഷണം നടത്തുന്നത്. ക്രമസമാധാന ചുമതലയില്ലാത്ത അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കാണ് അന്വേഷണത്തിന്‍റെ ചുമതല. അറുപതു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്കല്‍ പൊലീസിന്‍റെ അന്വേഷണത്തില്‍ മനപൂര്‍വ്വം വീഴ്ചവരുത്തിയെന്നാരോപിച്ച് മുന്‍ എം എല്‍ എ പിവി അന്‍വറും മാമിയുടെ കുടുംബാംഗങ്ങളും നേരത്തെ രംഗത്ത് വന്നിരുന്നു. മാമി തിരോധാന കേസ് നിലവില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ബാലുശേരി എരമംഗലം സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനുമായിരുന്ന മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയെ 2023 ഓഗസ്റ്റ് 21 നാണ് കോഴിക്കോട്ട് നിന്ന് കാണാതായത്. കേരളത്തിനകത്തും പുറത്തുമുള്ള ഇടനിലക്കാരുമായി ബന്ധമുള്ള മാമി അരയിടത്തുപാലത്തെ ഓഫീസില്‍ നിന്നും വീട്ടിലേക്ക് ഇറങ്ങിയതിന് ശേഷം തിരിച്ചെത്തിയിട്ടില്ല. നടക്കാവ് പൊലീസ് കേസ് എടുത്ത് ഉടനടി അന്വേഷണം തുടങ്ങി. സുഹൃത്തുക്കളില്‍ നിന്നും ബിസിനസ്‍ പങ്കാളികളില്‍ നിന്നും മൊഴി എടുത്തു. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു.

എന്നാല്‍ അന്വേഷണത്തില്‍ പുരോഗതിയൊന്നും ഉണ്ടായില്ല. നടക്കാവ് പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം ഉയർന്നതോടെ കോഴിക്കോട് കമ്മീഷണരുടെ മേല്‍നോട്ടത്തിലുള്ള സ്ക്വാഡും കേസ് അന്വേഷിച്ചിരുന്നു. കേസ് സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാക്കി കുടുംബം രംഗത്തെത്തിയെങ്കിലും സംസ്ഥാന സർക്കാർ സി ബി ഐക്ക് കൈമാറിയില്ല. പൊലീസീൽ നിന്ന് ക്രൈം ബ്രാഞ്ചിന് കൈമാറിയ കേസിൽ ഇപ്പോഴിതാ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതോടെ മാമിയെ കണ്ടെത്താം എന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.