
മാൾട്ടയിൽ സർക്കാർ സർവീസിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കോട്ടയത്തും പരിസര പ്രദേശങ്ങളിൽ നിന്നുമായി തട്ടിയെടുത്തത് ലക്ഷങ്ങൾ
സ്വന്തം ലേഖകൻ
കോട്ടയം: മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് കോട്ടയത്ത്.
മാൾട്ടയിൽ സർക്കാർ സർവീസിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്താണ് മൂന്ന് യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂത്താട്ടുകുളം സ്വദേശിയും മാൾട്ടയിൽ ജോലി ചെയ്തിരുന്നതുമായ പ്രിൻസ് ജോർജാണ് കോട്ടയം അയ്മനം സ്വദേശികളായ അരുൺ മനോഹർ, ഷിബു, സെർജ്ജിൻ എന്നിവരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയത്.
തുടക്കത്തിൽ ഇവരിൽ നിന്ന് മൂന്ന് ലക്ഷം രൂപ വീതം തട്ടിയ പ്രിൻസ് പിന്നീട് മറ്റു നടപടി ക്രമങ്ങൾ എന്ന പേരിൽ ഇവരിൽ നിന്ന് 30000 രൂപ വീതം പ്രതിയുടെ പിതാവ് വഴി കൈക്കലാക്കുകയായിരുന്നു.
2017 ലാണ് കേസിനാസ്പദമായ സംഭവം. 2019ൽ തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ യുവാക്കൾ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് പ്രതിയുടെ പിതാവായ ജോർജ് കെ പി യെ അറസ്റ്റ് ചെയ്യുകയും തുടർന്ന് ഇയാൾ ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു.
പ്രതിയായ പ്രിൻസ് മാൾട്ടയിൽ നിരവധി പേർക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതിന് ശേഷം ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് സൗദിയിലുള്ള കമ്പനിയിൽ ജോലിക്ക് കയറുകയും അവിടത്തെ ജീവനക്കാരനെ കബളിപ്പിച്ച് ഇരുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു.
നിലവിൽ സൗദിയിലുള്ള പ്രിൻസ് ജോർജ് പാസ്പോർട്ട് കാലാവധി പുതുക്കിയെടുക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി നാട്ടിലേക്ക് പോരാൻ തയ്യാറെടുക്കയാണ്. യുവാക്കൾ നൽകിയ പരാതിയിൻമേൽ പ്രതിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും നടപടികളായിട്ടുണ്ട്.