
തിരുവനന്തപുരം : ഓണാഘോഷം ഉപേക്ഷിച്ച് മലയാളികൾ, ഓണക്കാലം നാട്ടിൽ ആഘോഷിക്കാതെ വിനോദസഞ്ചാരത്തിന് വിദേശത്തേയ്ക്ക് പറക്കുകയാണ് ഒട്ടുമിക്ക മലയാളികളും. വിമാനടിക്കറ്റുകള്‍ ലഭിക്കാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് അധികൃതർ തന്നെ പറയുന്നു.
മലേഷ്യ, സിംഗപ്പൂർ, അസർബൈജാൻ രാജ്യങ്ങളാണ് ഓണാവധിക്കാലത്ത് കൂടുതല്‍പ്പേർ തിരഞ്ഞെടുത്തത്. ഒരാഴ്ച നീളുന്ന പാക്കേജുകളിലാണ് ഇവിടങ്ങളിലേയ്‌ക്ക് യാത്രകള്‍. യൂറോപ്യൻ രാജ്യങ്ങളിലെ പാക്കേജുകളും തിരഞ്ഞെടുക്കുന്നവരുണ്ട്. കുടുംബസമേതം യാത്ര ചെയ്യുന്നവരാണ് ഇവരില്‍ കൂടുതലും.
അതേസമയം, ആലപ്പുഴ, കുമരകം എന്നിവിടങ്ങളിലെ ഹൗസ് ബോട്ടുകള്‍ക്ക് ഒക്ടോബർ മുതല്‍ മുഴുവൻ ദിവസവും ബുക്കിംഗ് ലഭിച്ചുകഴിഞ്ഞു. വിദേശികള്‍ ഉള്‍പ്പെടെയാണ് ഹൗസ് ബോട്ടുകളും ഹോട്ടലുകളും ബുക്ക് ചെയ്‌തിട്ടുള്ളത്. വലിയ സംഘങ്ങളും കൊച്ചി, തേക്കടി, മൂന്നാർ, ആലപ്പുഴ എന്നിവിടങ്ങളിലും ബുക്കിംഗുകള്‍ വർദ്ധിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നവരാത്രി ഉള്‍പ്പെടെ വടക്കേയിന്ത്യയിലെ ഉത്സവകാലങ്ങളില്‍ വൻതോതില്‍ സഞ്ചാരികള്‍ എത്താറുള്ളത് ഇക്കുറിയും ആവർത്തിക്കുമെന്നാണ് സൂചനകള്‍. മികച്ച സീസണ്‍ ലഭിക്കുമെന്ന പ്രതീക്ഷ നല്‍കുന്നതാണിതെന്ന് അധികൃതർ പറഞ്ഞു.
കേരളത്തിനകത്ത് മലയാളികള്‍ രണ്ടോ മൂന്നോ ദിവസം നീളുന്ന യാത്രകള്‍ നടത്തുന്നത് വർദ്ധിച്ചിട്ടുണ്ട്. കൊച്ചി, മൂന്നാർ, തേക്കടി, ആലപ്പുഴ, ഗവി, വയനാട്, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിലാണ് കൂടുതല്‍ പേരെത്തുന്നത്. സമീപത്തെ അയല്‍സംസ്ഥാന വിനോദകേന്ദ്രങ്ങളിലേക്കും മലയാളികള്‍ സഞ്ചരിക്കുന്നതും വർദ്ധിച്ചു.
ഓണക്കാലത്തും വിനോദയാത്രകള്‍ മലയാളികള്‍ ധാരാളം നടത്തുന്നുണ്ട്. യാത്രയുടെ രീതികളിലും ലക്ഷ്യസ്ഥാനത്തിലും പുതിയ ട്രെൻഡുകള്‍ വരുന്നുമുണ്ട്.- മറിയാമ്മ ജോസ്, സംസ്ഥാന പ്രസിഡന്റ്, ട്രാവല്‍ ഏജന്റ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ.
ഓണം കാണാനെത്തുന്നവർ കുറഞ്ഞു
ഓണക്കാലത്ത് മാവേലിനാട് കാണാനും വള്ളംകളി ആസ്വദിക്കാനും സഞ്ചാരികളുടെ വരവ് കുറഞ്ഞു. ചതിച്ചത് കാലാവസ്ഥ. ഓണാവധിക്കാലം സ്വദേശത്തും വിദേശത്തും വിനോദസഞ്ചാരത്തിന് തിരഞ്ഞെടുത്ത മലയാളികള്‍ വർദ്ധിക്കുകയും ചെയ്‌തു. ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളംകളി ആസ്വദിക്കാൻ വിദേശികളും അന്യസംസ്ഥാന സഞ്ചാരികളും ധാരാളമായി വരുന്നത് പതിവായിരുന്നു. എന്നാല്‍, ഇക്കുറി വിദേശികളുടെ എണ്ണം കുറഞ്ഞു. കനത്ത മഴയാണ് സഞ്ചാരികളെ അകറ്റിയതെന്നാണ് ട്രാവല്‍, ടൂർ ഓപ്പറേറ്റർമാർ പറയുന്നത്. മഴയും കനത്ത ചൂടും മാറിമാറി വന്നത് സഞ്ചാരികളെ അകറ്റിയെന്നാണ് സൂചനകള്‍. വള്ളംകളി കാണാനെത്തിയ വിദേശികളുടെ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ലെങ്കിലും കുറഞ്ഞുവെന്ന് ടൂറിസം വകുപ്പ് അധികൃതരും പറഞ്ഞു.