
സ്വന്തം ലേഖിക
തിരുവനന്തപുരം: മരണവീട്ടിലെ ഗ്രൂപ്പ് ഫോട്ടോയുടെ പേരില്‍ കുടുംബത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി.അമ്മച്ചിയുടെ മൃതദേഹത്തിന് മുന്നില്‍ ഉറ്റവര്‍ ചിരിച്ചുനില്ക്കുന്ന ഫോട്ടോക്ക് നെഗറ്റീവ് കമന്റുകള്‍ അല്ല വേണ്ടതെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ജീവിതത്തിലെ പരമമായ സത്യം മരണം തന്നെയാണ്. മരിച്ച ഒരു വ്യക്തിയെ കരഞ്ഞു കൊണ്ട് യാത്ര അയക്കുന്നതാണ് നാം സാധാരണ കാണാറുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മരണം ഒരു വേര്‍പാട് ആണ്, സങ്കടകരവും. എന്നാല്‍ അതൊരു വിടവാങ്ങലും യാത്രയയപ്പും കൂടിയാണ്. സന്തോഷത്തോടെ ജീവിച്ചവര്‍ക്ക് പുഞ്ചിരിയോടെ ഒരു യാത്രയയപ്പ് നല്കുന്നതിനേക്കാള് സന്തോഷകരമായി മറ്റെന്താണ് ഉള്ളത്? ഈ ഫോട്ടോക്ക് നെഗറ്റീവ് കമന്റുകള്‍ അല്ല വേണ്ടത്,’ മന്ത്രി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹത്തിന് മുന്നില്‍ പല തലമുറകളില്‍പ്പെട്ട നാല്പതോളം പേര് പേര് നില്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. രണ്ട് പുരോഹിതര്‍ ഉള്‍പ്പെടെയാണിത്. ഫോട്ടോയ്ക്ക് പോസ് ചെയ്തത് സ്നേഹവും ബഹുമാനവും ഇല്ലാത്ത പ്രവൃത്തി ആയിപ്പോയെന്ന തരത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നു. കോട്ടയം മല്ലപ്പള്ളി സ്വദേശി മറിയാമ്മയാണ് 95-ാം വയസില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്ന് നിര്യാതയായത്. സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ പ്രതികരണവുമായി മരിച്ച മറിയാമ്മയുടെ ബന്ധുക്കള്‍ രംഗത്തെത്തി.
‘ക്രിസ്തീയ വിശ്വാസ പ്രകാരം മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകുമെന്നാണ് വിശ്വാസം. മറിയാമ്മ എന്ന അമ്മ അമ്മച്ചി വളരെ നല്ല ജീവിതമാണ് നയിച്ചത്. അമ്മച്ചി സ്വര്‍ഗത്തില്‍ പോകുന്ന സന്തോഷമാണ് അവിടെ പ്രകടമായത്. അമ്മച്ചിക്കൊപ്പം കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടി പ്രാര്‍ത്ഥിച്ച് ഓര്‍മ്മകള്‍ പങ്കുവെച്ചു.
വിശ്രമിക്കാനായി പിരിയാന്‍ നേരത്ത് എടുത്ത ഫോട്ടോയാണിത്. സ്വകാര്യതയില്‍ ഒതുങ്ങേണ്ട ചിത്രം എങ്ങനെയോ പുറത്തായി. ചിലര്‍ അതിനെ മോശം രീതിയില്‍ പ്രചരിപ്പിച്ചു,’ പ്രത്യാശയുള്ള ഒരു മരണാനന്തര ജീവിതം അമ്മച്ചിക്ക് ലഭിക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും സന്തോഷത്തോടെ യാത്രയാക്കിയത് അതുകൊണ്ടാണെന്നും ബന്ധുവും ഡോക്ടറുമായ ഉമ്മന്‍ പി നൈനാന് പ്രതികരിച്ചു.