
സ്വന്തം ലേഖിക
മല്ലപ്പള്ളി: കോട്ടാങ്ങലില്‍ മദ്യവില്‍പന പൊടിപൊടിക്കുമ്പോഴും നടപടിയെടുക്കാതെ അധികൃതർ. കോട്ടാങ്ങല്‍ ജങ്ഷൻ, ആള്‍താമസമില്ലാത്ത വീടുകള്‍, റബര്‍ തോട്ടങ്ങള്‍ എന്നിവിടങ്ങളിലെല്ലാമാണ് മദ്യവില്‍പന നടക്കുന്നത്.
ഓട്ടോകളില്‍ ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചു നല്‍കുന്ന സംഘങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മദ്യം വാങ്ങുന്നവര്‍ക്ക് റോഡിന്റെ വശങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്ത് മദ്യപിക്കുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കി നല്‍കും. സര്‍ക്കാര്‍ മദ്യശാലകളില്‍നിന്ന് വാങ്ങുന്ന മദ്യത്തിന് ഇരട്ടിവിലയ്ക്കാണ് ഇവർ വില്‍പന നടത്തുന്നത്. അമിത വിലയ്ക്കും വാങ്ങാൻ ആള്‍ക്കാര്‍ ഉള്ളതിനാല്‍ ദിനംപ്രതി കച്ചവടക്കാരുടെ എണ്ണവും വര്‍ധിച്ചുവരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സന്ധ്യകഴിഞ്ഞാല്‍ മദ്യപാനികളുടെ അസഭ്യം പറച്ചില്‍ കാരണം വഴിനടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നാണ് പ്രദേശവാസികളുടെ പരാതി. എക്സൈസ്, പൊലീസ് അധികാരികളുടെ മൗനമാണ് അനധികൃത മദ്യവില്‍പന കേന്ദ്രങ്ങള്‍ പെരുകുന്നതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
പൊലീസ് അധികാരികളെ അറിയിച്ചാല്‍ അറിയിക്കുന്ന ആളിന്റെ വിവരങ്ങള്‍ വില്‍പനക്കാരെ അറിയിക്കുന്ന സ്ഥിതിയാണ്. പൊലീസില്‍ ചിലരുടെ ഒത്താശയും ഇത്തരക്കാര്‍ക്കുണ്ടെന്നും ആരോപണമുണ്ട്. അനധികൃത മദ്യവില്‍പന തടയാൻ നടപടിയുണ്ടാകണമെന്ന ആവശ്യവും ഇതോടെ ശക്തമായിരിക്കുകയാണ്.