ശബരിമല മാളികപ്പുറത്തമ്മയ്‌ക്ക് ഭക്തന്‍ സമര്‍പ്പിച്ച തങ്ക അങ്കി സന്നിധാനത്തുണ്ടോയെന്ന് സംശയം: ദേവസ്വം ബോര്‍ഡിന് ഒന്നും അറിയില്ല: കരുവാറ്റ സ്വദേശി സുരേഷും ഭാര്യ രമണിയും നാല് വര്‍ഷം മുമ്പ് നൽകിയ ഇപ്പോൾ 4 കോടിയോളം വിലവരുന്ന തങ്ക അങ്കിയാണ് കാണാതായത്.

Spread the love

ഹരിപ്പാട്: ശബരിമല മാളികപ്പുറത്തമ്മയ്‌ക്ക് ഭക്തന്‍ സമര്‍പ്പിച്ച തങ്ക അങ്കി സന്നിധാനത്തുണ്ടോയെന്ന് ദേവസ്വം ബോര്‍ഡിനും അറിയില്ല.
നാല് വര്‍ഷം മുമ്പ് കരുവാറ്റ പാലാഴിയില്‍ സുരേഷ് കുമാറും ഭാര്യ രമണിയും ചേര്‍ന്നാണ് മാളികപ്പുറത്തമ്മയ്‌ക്ക് തങ്ക അങ്കി ചാര്‍ത്തിയത്. രണ്ടരക്കിലോ തങ്കത്തില്‍ തമിഴ്നാട് ജിആര്‍സി കമ്പനി രൂപകല്‍പന ചെയ്ത അങ്കിക്ക് ഇന്ന് മൂന്ന് കോടി എണ്‍പത്തിയെട്ടേകാല്‍ ലക്ഷം രൂപ വില മതിക്കും (3,88,25,000 രൂപ). 22 ദിവസം കൊണ്ടാണ് അങ്കിയുടെ പണി പൂര്‍ത്തീകരിച്ചത്.

video
play-sharp-fill

പത്തനംതിട്ട അയ്യപ്പ ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായെത്തിച്ച തങ്ക അങ്കി ബോര്‍ഡ് അധികൃതരും തന്ത്രിയും ചേര്‍ന്ന് ഏറ്റുവാങ്ങി മാളികപ്പുറം മേല്‍ശാന്തിക്ക് കൈമാറി. നടതുറപ്പ് ദിവസങ്ങളില്‍ ചാര്‍ത്തുമെന്നും മറ്റു ദിവസങ്ങളില്‍ ആറന്മുളയിലെ സന്നിധാനം സ്ട്രോങ് റൂമില്‍ സുക്ഷിക്കുമെന്നുമായിരുന്നു അധികൃതര്‍ സുരേഷിനെ അറിയിച്ചത്.

അമേരിക്കയിലുള്ള സുരേഷ് ഒന്‍പതാം തവണയും കുത്തിയോട്ട വഴിപാട് നടത്താന്‍ നാട്ടിലെത്തിയപ്പോഴാണ് സ്വര്‍ണക്കൊള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. അതോടെ സുരേഷും കുടുംബവും അങ്കി മാളികപ്പുറത്തുണ്ടോയെന്ന് അന്വേഷിക്കാന്‍ തീരുമാനിച്ചു. തിരുവാഭരണ കമ്മിഷണര്‍ റജിലാല്‍ രാമചന്ദ്രനോട് വിവരം തിരക്കി. തിരുവാഭരണം ചാര്‍ത്തിയതിന്റെ രസീത് ഹാജരാക്കിയാലേ വ്യക്തമായ മറുപടി നല്കാനാകൂവെന്നാണ് അദ്ദേഹം പറഞ്ഞത്. റജിലാല്‍ ചുമതലയേറ്റിട്ട് ഒരു വര്‍ഷമേ ആയുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലപ്പോഴും സമര്‍പ്പിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് രസീത് വാങ്ങാതെ ഭക്തര്‍ പോകും. രസീത് വാങ്ങാതെ ഭക്തര്‍ നടയ്‌ക്കു വച്ച വിലപിടിപ്പുള്ള പലതും നഷ്ടപ്പെട്ടിട്ടുണ്ട്. മാളികപ്പുറത്തമ്മയ്‌ക്ക് സ്ഥിരമായി ചാര്‍ത്തുന്ന തങ്ക അങ്കി മാത്രമാണ് രേഖയിലുള്ളതെന്നും ഇത് ഉടന്‍ പരിശോധിച്ച്‌ ആര് സമര്‍പ്പിച്ചതാണെന്ന് കണ്ടെത്തുമെന്നും കമ്മിഷണര്‍ പറഞ്ഞു. ഭക്തര്‍ എന്ത് സമര്‍പ്പിച്ചാലും രസീത് വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണത്തിന്റെ പൂജാ പാത്രങ്ങളും മറ്റും സുരേഷ് കുമാറും കുടുംബവും അയ്യപ്പസ്വാമിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് അന്നത്തെ തിരുവാഭരണ കമ്മിഷണര്‍ പന്തളത്തെ സ്ട്രോങ് റൂമിലേക്ക് മാറ്റി. വിവാദമായതോടെ പൂജാ പാത്രങ്ങള്‍ വീണ്ടും സന്നിധാനത്തെത്തിച്ചു.

ഇവ നഷ്ടപ്പെടാതിരിക്കാന്‍ സുരേഷ്‌കുമാര്‍ പിന്നീട് ഇന്‍ഷുര്‍ ചെയ്തു. തങ്ക അങ്കിയുടെ നിജസ്ഥിതി ബോര്‍ഡ് വെളിപ്പെടുത്തണമെന്ന് സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ കോടതിയെ സമീപിക്കും. നിര്‍മാണ സമയത്ത് അങ്കിക്ക് 70 ലക്ഷത്തിലധികം രൂപ ചെലവ് വന്നതായും സുരേഷ് പറഞ്ഞു.