
കോട്ടയം: മലയോര മേഖലയിലെ സ്ഥാനാർത്ഥികൾക്ക് മുന്നിൽ പരാതിയുടെ ഭാണ്ഡമഴിച്ച് വോട്ടർമാർ.
വന്യജീവി അക്രമണം മുതൽ കാലാവസ്ഥാ വ്യതിയാനം വരെ അനുഭവിക്കേണ്ടി വരുന്നു. കാർഷിക മേഖലയിലെ തകർച്ച, പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥ വ്യതിയാനം മുലമുണ്ടാകുന്ന പ്രശ്നങ്ങൾ എന്നു തുടങ്ങുന്നു പരാതികളുടെ പ്രളയം.
മിക്ക തെരഞ്ഞെടുപ്പുകളും വേനല്‍ക്കാലത്താണ്. ഇത്തവണ മലയോരം കരിഞ്ഞുണങ്ങിയ സമയത്താണു നിയമസഭ തെരഞ്ഞെടുപ്പ് .
വിനോദ സഞ്ചാരകേന്ദ്രമായ വാഗമണിലേക്കുള്ള പ്രധാന പാതയിലെ ചെറു കുന്നുകളും മൊട്ടക്കുന്നുകളും വഴിയോരങ്ങളിലെ മരങ്ങളുമെല്ലാം വേനലില്‍ കരിഞ്ഞുണങ്ങിയിരിക്കുകയാണ്. ഇന്ത്യയിലെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന വാഗമണിലേക്കുള്ള യാത്രയില്‍ പച്ചപ്പ് നിറഞ്ഞ കുന്നിന്ചെരുവുകളെല്ലാം കരിഞ്ഞുണങ്ങി, മരങ്ങള്‍ ഇലപൊഴിഞ്ഞു നില്ക്കുന്നു.
പുലര്‍കാലത്തും വൈകുന്നേരങ്ങളിലും മാത്രം ചെറിയ തണുപ്പും മഞ്ഞുമുണ്ട്. പകല്‍ സമയത്തെ നല്ല പൊള്ളുന്ന വെയിലാണ്. വേനല്ക്കാലമല്ലാത്ത സമയത്ത് പകല്‍ സമയം കനത്ത വെയിലുണ്ടെങ്കിലും ചൂട് അറിയില്ലായിരുന്നു. ഇപ്പോള്‍ ചൂട് നല്ലതു പോലെ അറിയാം. വേനലില്‍ മലോയരം കരിഞ്ഞെങ്കിലും തെരഞ്ഞെടുപ്പും പ്രചാരണവും മലയോരത്ത് ഒരു മഴ പെയ്ത പോലെ ആവേശം സൃഷ്ടിച്ചിട്ടിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തീക്കോയി പഞ്ചായത്താണ് കോട്ടയം ജില്ലയുടെ അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്ത്. കര്‍ഷകരും കൃഷിക്കാരും സാധാരണ ജനങ്ങളുമാണ് ഏറെയും അധിവസിക്കുന്ന ഇവിടെ വന്യജീവി അക്രമണം, കാര്‍ഷിക മേഖലയിലെ തകര്‍ച്ച, പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥ വ്യതിയാനം മുലമുണ്ടാകുന്ന പ്രശ്നങ്ങള്‍, ടൂറിസം വികസനം, റോഡ് വികസനം, കുടിവെള്ള, പട്ടയ പ്രശ്നങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് ഇവിടുത്തെ വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥികളോട് പറയാനുള്ളത്.
യുഡിഎഫ് സ്ഥാനാര്‍ഥിയായി എം.ജെ. സെബാസ്റ്റിയന് (സജി)യും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിംഗ് എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലും എന്‍ഡിഎ സ്ഥാനാര്‍ഥിയായി മുന്‍ എംഎല്‍എ പി.സി. ജോര്‍ജുമാണ് പൂഞ്ഞാറില്‍ മത്സരിക്കുന്നത്. മൂന്നു സ്ഥാനാര്‍ഥികളും കളം നിറഞ്ഞതോടെ മലയോരം ശരിക്കും തെരഞ്ഞെടുപ്പു ചൂടിന്റെ ആവേശത്തിലാണ്.
ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് വെളളികുളം കുരിശുപള്ളി. ലേലം സിനിമയില്‍ സുരേഷ്ഗോപി ലോറിയുമായെത്തി മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിക്കുന്ന സീന്‍ ഇവിടെയാണ് ഷൂട്ട് ചെയ്തത്. പാപ്പന്, റൺവേ സിനിമയിലെ ഏതാനും രംഗങ്ങളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്്. ഇതുവഴി പോകുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ ഇവിടെയെത്തി നേര്‍ച്ചയിടുകയും പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ട്. പള്ളിയിലെ കുളത്തിലെ വഞ്ചിയാത്രയും മീന്‍വളര്‍ത്തലും കാണാന്‍ ധാരാളം പേരാണ് എത്തുന്നതെന്ന് വെളളികുളം സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. സ്കറിയ വേകത്താനം പറഞ്ഞു.
ടൂറിസത്തിനു വലിയ പ്രാധാന്യമുള്ള വാഗമണില്‍ തദ്ദേശവാസികളെ ഉള്‍പ്പെടുത്തിയുള്ള ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിക്കണമെന്നും കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കാൻ സഹായിക്കാന്‍ ജനപ്രതിനിധികള്‍ മുന്നോട്ടു വരണമെന്നും ഫാ. സ്കറിയ വേകത്താനം പറഞ്ഞു. ഈരാറ്റുപേട്ട-പീരുമേട് ഹൈവേയുടെ ഭാഗമായിട്ടുള്ള വാഗമണ്‍ റോഡ് ബിഎംആന്ഡി ബിസി നിലവാരത്തില്‍ ടാര്‍ ചെയ്തു എന്നതല്ലാതെ വീതി കൂട്ടിയുള്ള റോഡ് വികസനം നടന്നിട്ടില്ലെന്ന് തീക്കോയി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ കെ.സി. ജയിംസ് പറഞ്ഞു.
പ്രകൃതി ദുരന്തങ്ങള്‍ നേരിടാനുള്ള യാതൊരു മുന്നൊരുക്കങ്ങളും സംവിധാനങ്ങളും ഇവിടെയില്ല. കാര്‍ഷിക വിളകളുടെ വില തകര്‍ച്ച കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ധാരാളം ക്ഷീരകര്‍ഷകരും ഇവിടെയുണ്ട്. ഇവരും പ്രതിസന്ധിയിലാണ്. കാരികാട് ടോപ്പില്‍ ടൂറിസത്തിന്റെ ഭാഗമായി സ്ഥാപിച്ച പവലിയന് ഇതുവരെ തുറന്നു നില്‍കിയിട്ടില്ലെന്നും കെ.സി.ജയിംസ് പറഞ്ഞു.
വന്യജീവി അക്രമണം തടയാന്‍ പുതിയ ജനപ്രതിനിധികള്‍ മുന്നോട്ടു വരണമെന്നാണ് കര്‍ഷകരായ വെള്ളികുളം മാന്നാട്ട് ജോര്‍ജ് അഗസ്റ്റിയനും കൊച്ചുപുരയ്ക്കല്‍ സണ്ണി സെബാസ്റ്റ്യനും പറയുന്നത്. കാട്ടുപന്നിയുടെ ശല്യം മൂലം ഇവിടുത്തെ കര്‍ഷകര്‍ പൊറുതി മുട്ടിയിരിക്കുകയാണെന്നും ഇരുവരും പറഞ്ഞു.
ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ വഴിക്കടവ് ചെക്ക് പോസ്റ്റാണ് കോട്ടയം ജില്ലയുടെ അതിര്‍ത്തി. പിന്നെ പീരുമേട് മണ്ഡലത്തിന്റെ ഭാഗമായ വാഗമണാണ്. ഇവിടെയുള്ള തമിഴ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തമിഴില്‍ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്. നോമ്പുകാലത്ത് വാഗമണ്‍ കുരിശുമല കയറുവാനും ധാരാളം ആളുകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നത്.



