
മുണ്ടക്കയം : തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ മലയോര മേഖലയില്‍ പ്രധാന ചർച്ചാവിഷയം വന്യമൃഗശല്യവും, പട്ടയവുമാണ്.
കോരുത്തോട്, പുഞ്ചവയല്‍, പമ്പാവാലി, മുണ്ടക്കയം, കൂട്ടിക്കല്‍, പാറത്തോട്, എരുമേലി തുടങ്ങിയ ഇടങ്ങളിലാണ് പ്രശ്നം രൂക്ഷം. നിരവധി കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യാൻ കഴിഞ്ഞെങ്കിലും ഇപ്പോഴും ലഭിക്കാത്തവർ ഏറെയാണ്. പട്ടയം ഇല്ലാത്തതിനാല്‍ മക്കളുടെ വിദ്യാഭ്യാസത്തിനും വീടുനിർമ്മാണത്തിനുമടക്കം ബാങ്കില്‍ നിന്ന് ലോണെടുക്കാൻ പോലും പലർക്കുമാകുന്നില്ല.
പതിറ്റാണ്ടുകളായി തങ്ങള്‍ വസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ഭൂമി വനമേഖലയായി പ്രഖ്യാപിക്കുന്നതാണ് പമ്പാവാലി അടക്കമുള്ള മേഖലയിലെ കർഷകർ നേരിടുന്ന പ്രശ്നം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന വിവിധ മുന്നണി നേതാക്കളോട് ജനങ്ങള്‍ ഇക്കാര്യം പറയുന്നുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ആന, കാട്ടുപന്നി, കാട്ടുപോത്ത് അടക്കമുള്ള വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങി വ്യാപക നാശനഷ്ടം ഉണ്ടാക്കുന്നത് പതിവു സംഭവമായി. വന്യമൃഗ ആക്രമണത്തില്‍ ജീവൻ നഷ്ടപ്പെട്ടവരും, പരിക്കേറ്റവരും നിരവധി.
കാട്ടുപന്നിയെക്കൊണ്ട് പൊറുതിമുട്ടി

Whatsapp Group 1 | Whatsapp Group 2 |Telegram Group
വനാതിർത്തികളില്‍നിന്ന് മാറി ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന മേഖലയിലും കാട്ടുപന്നിശല്യം രൂക്ഷമാണ്. കോടികള്‍ മുടക്കി വനാതിർത്തി മേഖലയില്‍ സോളാർ ഫെൻസിംഗ് അടക്കമുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഏർപ്പെടുത്തുന്നുണ്ടെങ്കിലും ഇവയുടെ ശല്യത്തിന് കുറവില്ല.
പരിപാലനം കൃത്യമായി നടക്കാത്തതിനാല്‍ സോളാർവേലികള്‍ നാശത്തിലാണ്. ഇത് വന്യമൃഗങ്ങള്‍ക്ക് എളുപ്പത്തില്‍ വരാൻ സഹായിക്കുന്നു. ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതില്‍ വനംവകുപ്പിന്റെ നിലപാടുകള്‍ തടസം നില്‍ക്കുകയാണ്.



