ഓണമുണ്ണാന്‍ എത്തുന്ന മറുനാടന്‍ മലയാളികളെ പിഴിയാൻ സ്വകാര്യ ബസ് ലോബി: സാധാരണ ചാർജിന്റെ ഇരട്ടി വാങ്ങി യാത്രക്കാരെ കൊള്ളയടിക്കുന്ന ഏർപ്പാട് ഈ ഓണത്തിനും പ്രതീക്ഷിക്കാം.

Spread the love

കോട്ടയം: പതിവിനൊരു മാറ്റവുമില്ല, ഇത്തവണയും ഓണമുണ്ണാന്‍ എത്തുന്ന മറുനാടന്‍ മലയാളികള്‍ സ്വകാര്യ ബസ്‌ ലോബിയുടെ കൊള്ളയ്‌ക്കു വിധേയരാകും.

ഇപ്പോള്‍ സാധാരണ ദിവസങ്ങളില്‍ ബംഗളുരു – കോട്ടയം യാത്രയുടെ നിരക്ക്‌ 1000- 2000 രൂപയാണെങ്കില്‍ ഓണ നാളുകളില്‍ അത്‌ 2200 -4000 രൂപയിലേക്ക്‌ ഉയരും. ഓണ്‍ലൈന്‍ ബുക്കിങ്ങ്‌ സൈറ്റുകളില്‍ ഉത്രാട നാളില്‍ ഇപ്പോഴുള്ള പരമാവധി നിരക്ക്‌ 3500- 3600 രൂപയാണെങ്കില്‍ വരും ദിവസങ്ങളില്‍ ബുക്കിങ്ങ്‌ വര്‍ധിക്കുന്നതോടെ നിരക്ക്‌ ഉയരും.

ഈ മാസം 30 മുതല്‍ വര്‍ധിച്ചു തുടങ്ങുന്ന നിരക്ക്‌ ഉത്രാടം നാള്‍ വരെ നീളും. കോട്ടയത്തു നിന്നു ബംഗളുരുവിലേക്കു ഓണപ്പിറ്റേന്നു മുതല്‍ സെപ്‌റ്റംബര്‍ ഏഴു വരെയാണ്‌ ഉയര്‍ന്ന നിരക്ക്‌ അന്തര്‍ സംസ്‌ഥാന ബസ്‌ ലോബി ഈടാക്കുന്നത്‌. കെ.എസ്‌.ആര്‍.ടി.സിയുടെ നിലവിലോടുന്ന ബംഗളുരു സര്‍വീസുകളില്‍ ടിക്കറ്റ്‌ ഏറെക്കുറെ പൂര്‍ണമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിക്കുന്നതിലാണു യാത്രക്കാരുടെ പ്രതീക്ഷ. ചെന്നൈയില്‍ നിന്ന്‌ ഓണനാളുകളില്‍ കോട്ടയത്ത്‌ എത്താനും നിലവിലുള്ളതിന്റെ ഇരട്ടി നിരക്ക്‌ സ്വകാര്യ ബസുകളില്‍ നല്‍കേണ്ടി വരും.

അതേസമയം, ബംഗളുരു, ചെന്നൈ, മംഗലാപുരം റൂട്ടുകളിലെല്ലാം സ്വകാര്യ കമ്പനികള്‍ ഓണ നാളുകളില്‍ ആവശ്യം പോലെ സര്‍വീസുകളാണ്‌ ഓപ്പറേറ്റ്‌ ചെയ്യുന്നത്‌. മുപ്പതോളം സര്‍വീസുകള്‍ വരെ കോട്ടയം വഴി കടന്നു പോകുന്ന ദിവസങ്ങളുണ്ട്‌. ചെന്നൈ, ബംഗളുരു റൂട്ടുകളില്‍ ട്രെയിന്‍ കുറവാണെന്നതും സ്വകാര്യ ബസ്‌ കൊള്ള തടസമില്ലാതെ തുടരാന്‍ സഹായിക്കുന്നു.

സംസ്‌ഥാനത്തിനകത്തു മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്കു ഓണ നാളുകളില്‍ സ്വകാര്യ കമ്പനികളുടെ കൂടുതല്‍ സര്‍വീസുണ്ടാകും. ദീര്‍ഘദൂര പെര്‍മിറ്റ്‌ പരിധിയില്‍ തട്ടി നിരവധി സ്വകാര്യ ബസ്‌ കസനികളുടെ മലബാര്‍ സര്‍വീസ്‌ ഇല്ലാതായിരുന്നു. ഈ സ്‌ഥലങ്ങളിലേക്കെല്ലാം കോണ്‍ട്രാക്‌റ്റ് കാര്യേജായി ഓടുന്ന സര്‍വീസുകള്‍ ഓണനാളുകളിലുണ്ടാകും, കെ.എസ്‌.ആര്‍.ടി.സിയേക്കാള്‍ നിരക്ക്‌ വര്‍ധിക്കുമെന്നതിനാല്‍ യാത്രക്കാര്‍ക്കു ബാധ്യത വര്‍ധിപ്പിക്കും.