
പിഞ്ചുകുഞ്ഞിനെ അമ്മയെ ഏൽപ്പിച്ച് ഒട്ടേറെ പ്രതീക്ഷകളുമായി യുകെയിൽ എത്തി; കുഞ്ഞിനെയും ഭർത്താവിനെയും യുകെയിലെത്തിക്കാനും പദ്ധതിയിട്ടു; പ്രതീക്ഷകൾക്കെല്ലാം ഇരുട്ട് വീണത് ഒറ്റനിമിഷംകൊണ്ട്; ആഴ്ചകളുടെ വ്യത്യാസത്തിൽ നാട്ടിലെത്തിയത് യുവതിയുടെ ജീവനറ്റ ശരീരം; രണ്ട് വർഷത്തിന് ശേഷം യുവതി മരിക്കാനിടയായ അപകടത്തിലെ ഡ്രൈവർക്ക് നൽകിയത് ഒൻപത് വർഷത്തെ കഠിന തടവും 11 വർഷത്തെ ഡ്രൈവിങ്ങ് നിരോധനവും; കാർ ഡ്രൈവ് ചെയ്യുന്നതിനിടെ സ്നാപ്പ് ചാറ്റിൽ സല്ലപിച്ച് അപകടം ഉണ്ടാക്കിയത് നഴ്സായ യുവതി
ലീഡ്‌സ്: സ്നാപ്പ് ചാറ്റിൽ സല്ലാപം നടത്തി കാർ ഡ്രൈവ് ചെയ്ത റെമീസ അഹമ്മദ് രണ്ടു വർഷം മുൻപ് സൃഷ്ടിച്ച അപകടത്തിൽ ജീവൻ നഷ്ടമായത് ഒട്ടേറെ സ്വപ്നങ്ങളുമായി യുകെയിൽ എത്തിയ മലയാളി വിദ്യാർത്ഥിനി ആതിര അനിൽകുമാറിന്.
അപകടശേഷം വേഗത്തിൽ രക്ഷപ്പെടാൻ ശ്രമിക്കവേ വീണ്ടും സൃഷ്ടിച്ച അപകടത്തിൽ കാർ പാഞ്ഞു കയറിയതോടെ ഗുരുതര പരുക്കുകളോടെ ജീവച്ഛവമായി മാറിയത് 40കാരനായ ബ്രിട്ടീഷ് പൗരനും. ചുരുക്കത്തിൽ രണ്ടു പേരുടെ ജീവൻ കൊണ്ട് പന്താടിയ യുവതിക്ക് ലീഡ് ക്രൗൺ കോടതി നൽകിയത് ഒൻപത് വർഷത്തെ കഠിന തടവ്.
ലീഡ്സിൽ 2023 ഫെബ്രുവരി 22നു നടന്ന അപകടത്തിൽ യൂണിവേഴ്‌സിറ്റിയിൽ പോകാൻ ബസ് കാത്തുനിൽക്കവെയാണ് പ്രോജക്റ്റ് മാനേജ്‌മെന്റ് വിദ്യാർത്ഥിനി ആയിരുന്ന ആതിര അപകടത്തെ തുടർന്ന് തൽക്ഷണം കൊല്ലപ്പെട്ടത്. റെമീസ് അഹമ്മദ് എന്ന നഴ്സ് കാർ അമിത വേഗതയിൽ ഓടിച്ചതാണ് അപകട കാരണം ആയതെന്ന റിപ്പോർട്ടാണ് യോർക്ഷയർ പോലീസ് കോടതിയിൽ നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഴ്‌സിങ് സ്റ്റുഡന്റ് ആയിരുന്നു റമീസ എന്ന വിവരമാണ് ഇപ്പോൾ കോടതിയിൽ നിന്നും പുറത്തു വരുന്നത്.
കാർ ഓടിക്കുന്നതിനടിയിൽ സ്‌നാപ് ചാറ്റിൽ സല്ലാപം നടത്തിയത് വഴി ഉണ്ടായ അശ്രദ്ധയാണ് ഒരാളുടെ ജീവൻ എടുക്കാനും മറ്റൊരാൾക്ക് ജീവിതകാലം മുഴുവൻ പരിക്കുകൾ സൃഷ്ടിച്ച വേദനയും യാതനയും അനുഭവിച്ചു ജീവിക്കേണ്ടി വന്നതെന്നും കോടതിയിൽ വിചാരണ വേളയിൽ ബോധിപ്പിക്കപ്പെട്ടിരുന്നു.
പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം നടത്തിയത്. 20 മൈൽ വേഗ പരിധിയുള്ള നഗരത്തിൽ റെമീസ് കാർ ഓടിച്ചത് 40 മൈൽ വേഗതയിൽ ആയിരുന്നു എന്നാണ് പ്രോസിക്യൂട്ടർ ജെസീക്ക സ്ട്രേഞ്ചർ നടത്തിയ വാദം. 27കാരിയായ റെമീസ അഹമ്മദ് സൃഷ്ടിച്ച അപകടം ഒഴിവാക്കപ്പെടേണ്ടത് ആയിരുന്നു എന്ന നിരീക്ഷണവും കോടതിയിൽ വിചാരണയ്ക്ക് എത്തി.
അപകടത്തിൽ പരിക്കേറ്റ യുവാവ് താമസിക്കുന്നത് അപകടം നടന്ന ബസ് സ്റ്റോപ്പിന് നേർ എതിർ വശത്താണ്. ഇപ്പോൾ ഓരോ ദിവസവും ആ ബസ് സ്റ്റോപ്പ് കാണുമ്പോൾ മനസിൽ ഭീതിയും ഭയവും ഒന്നിച്ചെത്തുകയാണെന്നും തന്റെ ശേഷ ജീവിതം ഒരിക്കലും മുൻപത്തേതു പോലെ ആകില്ല എന്നുമാണ് അദ്ദേഹം കോടതിയിൽ നൽകിയ മൊഴി.
രണ്ടര സെക്കന്റിന്റെ വ്യത്യാസത്തിലാണ് റെമീസയുടെ കാർ ആതിരയെ ഇടിച്ചിട്ടത്.
റെമീസയ്ക്ക് ആതിരയെ വ്യക്തമായി കാണാമായിരുന്നു എന്നും അപകടം ഒഴിവാക്കാൻ റെമീസ ശക്തമായി ബ്രേക്ക് ചെയ്തതിന്റെ ഒരു ലക്ഷണവും കാറിൽ നിന്നോ റോഡിൽ നിന്നോ അന്വേഷണ സംഘത്തിന് ലഭിച്ചതുമില്ല. റെമീസ മുൻപ് രണ്ടു തവണ ഡ്രൈവിംഗ് കുറ്റകൃത്യം നടത്തിയതായും പോലീസ് വ്യക്തമാക്കി. ഒരിക്കൽ റെഡ് ലൈറ്റിൽ നിർത്താതെ ഓടിച്ചു പോയ കുറ്റമാണ് റെമീസയെ തേടി എത്തിയത്.
വിചാരണ വേളയിൽ കോടതിക്ക് മുൻപാകെ രണ്ടു കത്തുകൾ നൽകിയ റെമീസ ഒന്നിൽ ക്ഷമാപണത്തോടെ ആതിരയുടെ കുടുംബത്തിന് കൈമാറണമെന്നും അഭ്യർത്ഥിച്ചിരുന്നു. മൊബൈൽ ആപ്പിലെ പാട്ടു കേട്ട് ചാറ്റ് ചെയ്തു ഡ്രൈവിംഗ് നടത്തിയ റെമീസ് റോഡിലേക്ക് നോക്കിയതേ ഇല്ലെന്നാണ് പ്രോസിക്യൂഷൻ നിഗമനം. താനറിയാതെ ആക്സിലേറ്റർ അമർന്നതാണ് വേഗത വർധിക്കാൻ കാരണമെന്നാണ് റെമീസ് പോലീസിന് നൽകിയ മൊഴി.
താൻ ആക്സിലേറ്റർ പെഡലിൽ നോക്കിയ സമയം തന്നെ അപകടം ഉണ്ടായി എന്നും ഇവർ പോലീസിനെ ധരിപ്പിച്ചിരുന്നു. അതിനാൽ തനിക്ക് ഒന്നും ചെയ്യാനാകും മുൻപേ അപകടം സംഭവിച്ചു എന്നായിരുന്നു റെമീസയുടെ മൊഴി. ഇടയ്ക്ക് താൻ സാറ്റലൈറ്റ് നാവിഗേഷനിലേക്ക് നോക്കി എന്നും റെമീസ പറയുന്നുണ്ടെങ്കിലും അതിനുള്ള തെളിവൊന്നും പൊലീസിന് കണ്ടെത്താനായില്ല. യുകെയിൽ എത്തി ദിവസങ്ങൾക്കകമാണ് ആതിരയെ തേടി അപകടം എത്തിയത് എന്നതും ദുരന്തത്തിന്റെ ആഘാതം കുടുംബത്തിന് ഇപ്പോഴും മറക്കാനാകാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.
ആതിര യുകെയിൽ എത്തി സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട ശേഷം ഭർത്താവും കുഞ്ഞും യുകെയിൽ എത്താനായിരുന്നു പ്ലാൻ എങ്കിലും എല്ലാവരോടും സന്തോഷത്തോടെ യാത്ര പറഞ്ഞു പിരിഞ്ഞ ആതിരയുടെ ജീവനറ്റ ശരീരമാണ് ആഴ്ചകളുടെ വ്യത്യാസത്തിൽ കുടുംബത്തെ തേടി എത്തിയത്. ഇതോടെ ജയിൽ നിന്നും ഇറങ്ങിയാലും രണ്ടു വർഷത്തേക്ക് വീണ്ടും ഡ്രൈവ് ചെയ്യാൻ റെമീസയ്ക്ക് സാധിക്കില്ല.
ഈ യുവതിക്ക് വീണ്ടും ഡ്രൈവ് ചെയ്യണമെങ്കിൽ ലൈസൻസ് ടെസ്റ്റ് നടത്തേണ്ടി വരും. അപകടത്തിന് മുൻപ് ദീർഘ നേരം റെമീസ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു എന്ന ഫോറൻസിക് റിപ്പോർട്ട് ആണ് പോലീസ് കോടതിയിൽ എത്തിച്ചത്. അമിത വേഗതയും മൊബൈൽ ഫോൺ ഉപയോഗവുമാണ് യുകെയിൽ വാഹന അപകടത്തിൽ ഇപ്പോൾ മുഖ്യ രണ്ടു കാരണമായി മാറുന്നതെന്ന് പോലീസ് കോടതി വിധിക്ക് ശേഷം വെളിപ്പെടുത്തി. ആതിര കൊല്ലപ്പെട്ട അപകടത്തിൽ ഈ രണ്ടു കാരണങ്ങളും ഒരുപോലെ സൃഷ്ടിക്കപ്പെട്ടു എന്നതും ഗൗരവതരമായി മാറുകയാണ്.
മൊബൈൽ ഉപയോഗിച്ച് ഡ്രൈവിംഗ് നടത്തുന്നവർക്ക് കനത്ത ശിക്ഷ ഏർപ്പെടുത്താൻ യുകെയിൽ ഇത്തരം അപകടങ്ങൾ കാരണമായി മാറും എന്നുറപ്പാണ്. മുൻപിൽ സഞ്ചരിച്ച മറ്റൊരു വാഹനത്തെ മറികടക്കാൻ സ്പീഡ് എടുത്ത റെമീസിന്റെ ഗോൾഫ് കാർ പൊടുന്നനെ നിയന്ത്രണം നഷ്ടമായി ബസ് സ്റ്റോപ്പിലേക്ക് യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞു കയറുക ആയിരുന്നു.