play-sharp-fill
മലയാളികളെ തായ്‌ലന്‍ഡില്‍ ചതിയില്‍പ്പെടുത്തിയ സംഭവം; ഏറ്റുമാനൂരിലെ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍; പ്രതിയുമായി  തെളിവെടുപ്പ് നടത്തി

മലയാളികളെ തായ്‌ലന്‍ഡില്‍ ചതിയില്‍പ്പെടുത്തിയ സംഭവം; ഏറ്റുമാനൂരിലെ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍; പ്രതിയുമായി തെളിവെടുപ്പ് നടത്തി

സ്വന്തം ലേഖിക

കൊച്ചി: കൊച്ചിയില്‍ നിന്നുള്ള 16 അംഗ വിനോദയാത്രാ സംഘത്തെ തായ്‌ലൻഡില്‍ ചതിയില്‍പ്പെടുത്തി ഒളിവില്‍ പോയ ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡിലെ ട്രാവല്‍ കെയര്‍ ഏജൻസി ഉടമ അഖിലിനെ കുമരകം എസ് എച്ച്‌ ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിയുമായി പൊലീസ് ഏറ്റുമാനൂരില്‍ തെളിവെടുപ്പ് നടത്തി. യാത്രാ സംഘത്തിലെ കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യരുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും മറ്റുമുള്ള വിവരങ്ങള്‍ അറിയാൻ ചോദ്യം ചെയ്തുവരികയാണ്.

പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഇയാള്‍ സ്ഥാപനം പൂട്ടി രണ്ടാംഭാര്യയോടൊപ്പം ഒളിവില്‍ പോവുകയായിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ ഇയാളെ അന്വേഷിച്ച്‌ ധാരാളം ഇടപാടുകാര്‍ ഏറ്റുമാനൂരില്‍ എത്തിയിരുന്നു.

ഏറ്റുമാനൂര്‍ പൊലീസിനായിരുന്നു ആദ്യം അന്വേഷണ ചുമതലയെങ്കിലും പിന്നീട് കുമരകം പൊലീസിനു കൈമാറുകയായിരുന്നു.

ചതി, വഞ്ചന കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസ്. പാലക്കാട് കുഴല്‍മന്ദം സ്വദേശിയായ പ്രതി ഒരുവര്‍ഷമായി കുറവിലങ്ങാടിനടുത്താണ് താമസം. ഇയാളുടെ ഭാര്യാ സഹോദരന്റെ ഫോണില്‍ നിന്നു കണ്ടെത്തിയ നമ്പരുകള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.

തായ്‌ലൻഡില്‍ ബിസിനസും മറ്റ് ഇടപാടുകളും ഉണ്ടായിരുന്നെന്ന് വിശ്വസിപ്പിച്ചാണ് ഇടപാടുകാരെ വലയിലാക്കിയിരുന്നതെങ്കിലും എല്ലാം നുണയാണെന്ന് തെളിഞ്ഞു. തായ്‌ലൻഡില്‍ ഇയാള്‍ക്ക് ബിസിനസോ ജോലിയോ ഉണ്ടായിരുന്നില്ലെന്നാണ് അവിടെയുള്ള മലയാളികളില്‍ നിന്നുള്ള വിവരം.