
ആവി പിടിക്കുന്നതിനിടെ പുതപ്പിലേക്ക് തീ പടർന്നു ; പ്രവാസി മലയാളി പൊള്ളലേറ്റ് മരിച്ചു; മരിച്ചത് തൃശൂര്‍ കോതപറമ്പ് സ്വദേശി
സ്വന്തം ലേഖകൻ
റിയാദ്; ആവിപിടിക്കുന്നതിനിടെ തീ പൊള്ളലേറ്റ് പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കോതപറമ്പ് സ്വദേശി പാണ്ടപറമ്പത്ത് മുഹമ്മദ് റാഫി (50) ആണ് മരിച്ചത്. സൗദി അറേബ്യയിലെ ബത്ഹയില്‍ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
ജലദോഷത്തെ തുടർന്നാണ് മുഹമ്മദ് റാഫി കെറ്റിലിൽ ആവി പിടിച്ചത്. ഗ്യാസ് സ്റ്റൗ കത്തിച്ച് അതിന് മുകളില്‍ കെറ്റിലില്‍ വെള്ളം ചൂടാക്കി തലയില്‍ പുതപ്പിട്ട് ആവി പിടിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ പുതപ്പിലേക്ക് തീ പടരുകയായിരുന്നു. രാത്രി സമയമായതിനാല്‍ മുറിയിലുള്ള മറ്റുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു. ശരീരമാസകലം പൊള്ളലേറ്റതാണ് മരണത്തിന് കാരണമായത്.
ഗനിയയാണ് ഭാര്യ. റിസ്‌വാന ഫാത്തിമ, മുഹമ്മദ് ഫര്‍ഹാന്‍, മുഹമ്മദ് റൈഹാന്‍ എന്നിവര്‍ മക്കളാണ്. ശുമൈസി ആശുപത്രിയിലുള്ള മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മഹ്‍ബൂബ് ചെറിയവളപ്പ് രംഗത്തുണ്ട്.