
തലയിൽ കൂടി മുണ്ടിട്ടു ഓടി മലയാളി : കോറോണ കാലത്ത് മലയാളികളുടെ തമാശകൾ പുറത്തു വിട്ട് കേരള പൊലീസ്
സ്വന്തം ലേഖകൻ
ആലപ്പുഴ: രാജ്യമൊട്ടാകെയുളള ലോക്ക് ഡൗണിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും നടപ്പിലാക്കുന്നത്. ലോക്ക് ഡൗണിന്റെ ആദ്യ ദിനങ്ങളിൽ ആളുകൾ വ്യാപകമായി റോഡുകളിലേക്ക് ഇറങ്ങുന്ന കാഴ്ച കാണാമായിരുന്നു.
എന്നാൽ പൊലീസ് നടപടി കർശനമാക്കിയതോടെ ആളുകൾ വീടുകളിൽ തന്നെ ഇരുന്ന് തുടങ്ങി.എങ്കിലും ചില വിരുതന്മാർ നിർദേശങ്ങളൊക്കെ ലംഘിച്ച് പാടത്തും പറമ്പിലും കവലകളിലുമൊക്കെ കറങ്ങി നടക്കുന്നുണ്ട്. ഇത്തരക്കാരെ പൊക്കാൻ ഹൈടെക് ആയിരിക്കുകയാണ് കേരള പോലീസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്ത് ഇറങ്ങുന്നവരെ ഡ്രോൺ ഉപയോഗിച്ചാണ് കേരള പോലീസ് ഇപ്പോൾ നിരീക്ഷണം നടത്തുന്നത്.
കേരള പൊലീസിന്റെ ഡ്രോൺ നിരീക്ഷണം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
കറങ്ങി നടക്കുന്നവർ തലയ്ക്ക് മുകളിൽ പോലീസിന്റെ ഡ്രോൺ കാണുമ്പോൾ കണ്ടം വഴി ഓടുന്ന വീഡിയോകൾ പോലീസ് തന്നെ പുറത്തിറക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ വളളിക്കുന്നം പോലീസ് പുറത്തിറക്കിയ അത്തരമൊരു വീഡിയോ ഏറെ ചിരിപ്പിക്കുന്നതാണ്.
വളളിക്കുന്നത്തെ ഒരു വയലിൽ ഇരുപതോളം പേരാണ് കൂട്ടം കൂടിയത്.ആകാശത്ത് ഡ്രോൺ കണ്ടതും എല്ലാവരും നാല് പാടും ചിതറിയോടി. മുണ്ട് പറിച്ച് തലയിലിട്ട് മുഖം മറച്ചാണ് ചിലരുടെ ഓട്ടം. ചിലർ തെങ്ങിന് പിറകിൽ ഒളിച്ചു.
എന്നാൽ വിശാലമായ പാടം ആയതിനാൽ ഡ്രോണിന്റെ കണ്ണ് വെട്ടിക്കാൻ ആർക്കുമായില്ല. സിഐഡി മൂസ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ എഡിറ്റ് ചെയ്ത് പോസ്ററ് ചെയ്തിരിക്കുന്നത്. നിമിഷങ്ങൾക്കുളളിൽ ഇത് വൈറലാവുകയും ചെയ്തു.
ഈ വീഡിയോയിൽ ഉളള ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് വളളിക്കുന്നം പൊലീസ് പറഞ്ഞു. ഡ്രോൺ കണ്ടപ്പോൾ തന്നെ ആൾക്കൂട്ടം ഓടിപ്പോയി. ഇത്തരത്തിലുളള നിരവധി സംഭവങ്ങൾ ഉണ്ടാകുന്നുണ്ട് എന്ന് പോലീസ് വ്യക്തമാക്കുന്നു.
കൊല്ലത്ത് നിന്നും ഇത്തരത്തിലുളള ഡ്രോൺ വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. കരുനാഗപ്പളളി പൊലീസാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ ആളുകൾ കൂട്ടം ചേരുന്നത് കർശനമായി സംസ്ഥാനത്ത് വിലക്കിയിരിക്കുകയാണ്.
രാജ്യവ്യാപക ലോക്ക് ഡൗൺ ഏപ്രിൽ പതിനാലിന് അവസാനിപ്പിച്ചാലും കാസർകോട് അടക്കമുളള സംസ്ഥാനത്തെ 7 ജില്ലകളിൽ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നാണ് റിപ്പോർട്ടുകൾ.