
സ്വന്തം ലേഖകൻ
മുംബൈ: വിവാഹപരസ്യ വെബ്‌സൈറ്റുകളിലൂടെ സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത മലയാളി അറസ്റ്റിലായി. മാഹി സ്വദേശി പ്രജിത്ത് ആണ് മഹാരാഷ്ട്രയിലെ താനെ പൊലീസിന്റെ പിടിയിലായത്. മാട്രിമോണിയൽ വെബ്‌സൈറ്റുകളിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെയാണ് ഇയാൾ പ്രധാനമായും ചൂഷണം ചെയ്തു വന്നിരുന്നത്.
വിവാഹ ബന്ധം വേർപെടുത്തിയവരും ഭർത്താവ് മരിച്ചവരുമാണ് ഇയാളുടെ പ്രധാന ഇരകൾ. വിവാഹാലോചനയുടെ പേരിൽ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇവരെയെല്ലാം ലൈംഗികമായി ചൂഷണം ചെയ്യുകയും പലരിൽ നിന്നും കോടിക്കണക്കിന് കൈക്കലാക്കുകയും ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച പരാതികളിൽ പറയുന്നത്. ഇതിനോടകം 20 ലേറെ പരാതികളാണ് താനെ പൊലീസ് സ്‌റ്റേഷനിൽ ലഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫ്രാൻസിൽ സ്വന്തമായി പഞ്ചനക്ഷത്ര ഹോട്ടൽ ഉണ്ടായിരുന്നുവെന്നാണ് ഇയാൾ സ്ത്രീകളെ വിശ്വസിപ്പിച്ചത്. ജന്മനാട്ടിൽ സ്ഥിരതാമസമാക്കാനായി ഹോട്ടൽ വിറ്റ് ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. ഹോട്ടൽ വിറ്റ വകയിൽ ലഭിച്ച വിദേശ പണത്തിന്റെ മൂല്യം 85,000 കോടിയോളം രൂപ വരുമെന്നും ഇയാൾ സ്ത്രീകളെ വിശ്വസിപ്പിച്ചു.
എന്നാൽ ഈ പണത്തിന് റിസർവ് ബാങ്കിന്റെ ക്ലിയറൻസ് ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനായിട്ടാണ് മുംബൈയിൽ തങ്ങുന്നതെന്നും ഇയാൾ സ്ത്രീകളെ വിശ്വസിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചെന്നും പരിചയപ്പെട്ട സ്ത്രീകളോട് പറഞ്ഞിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയായാൽ കിട്ടുന്ന വൻതുകയുടെ കണക്കുകൾ നിരത്തിയാണ് വിവാഹ വാഗ്ദാനത്തോടൊപ്പം ഇയാൾ സ്ത്രീകളെ പ്രലോഭിപ്പിച്ചത്.
ഇതിനായി വലിയ പണച്ചെലവുണ്ടെന്ന് കാണിച്ചായിരുന്നു പല ഘട്ടങ്ങളിലായി പ്രജിത് സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയെടുത്തിരുന്നത്. മുംബൈയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാറി മാറി താമസിച്ചായിരുന്നു ചതിക്കുഴികൾ ഒരുക്കിയത്. ഹോട്ടലിൽനിന്ന് വാടകയ്‌ക്കെടുക്കുന്ന ആഡംബര കാറുകളിലായിരുന്നു ഇയാളുടെ യാത്രയെന്നും താനെ പൊലീസ് വ്യക്തമാക്കി.