നടിയെ ആക്രമിച്ച കേസിൽ വിധി വരാറായപ്പോൾ, താര സംഘടനയായ ‘അമ്മ’യുടെ നേതൃത്വ സ്ഥാനത്തു നിന്ന് മമ്മൂട്ടിയും മോഹൻലാലും പിൻവാങ്ങുന്നു

നടിയെ ആക്രമിച്ച കേസിൽ വിധി വരാറായപ്പോൾ, താര സംഘടനയായ ‘അമ്മ’യുടെ നേതൃത്വ സ്ഥാനത്തു നിന്ന് മമ്മൂട്ടിയും മോഹൻലാലും പിൻവാങ്ങുന്നു

 

കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാല്‍ ഒഴിയും. പുതിയ നേതൃത്വത്തിലേക്ക് വരാൻ മെഗാ താരം മമ്മൂട്ടിക്കും താല്‍പ്പര്യമില്ല. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇടവേള ബാബുവും ഉണ്ടാകില്ല.

ഇതോടെ അമ്മയുടെ നേതൃത്വത്തില്‍ ഇനി പ്രധാനപ്പെട്ട രണ്ട് സൂപ്പർ താരങ്ങളും സജീവ സാന്നിധ്യമാകില്ല. വിവാദങ്ങളോട് പ്രതികരിക്കാനുള്ള താല്‍പ്പര്യക്കുറവാണ് അമ്മയില്‍ നിന്നും മോഹൻലാലിനേയും അകറ്റുന്നത്.

ജൂണ്‍ 30-ന് കൊച്ചി ഗോകുലം കണ്‍വെൻഷൻ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം. 506 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. കഴിഞ്ഞ തവണ അമ്മയില്‍ മത്സരങ്ങള്‍ നടന്നു. ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിച്ച മണിയൻ പിള്ള രാജു അടക്കം ജയിച്ചു. ഇത്തവണ കൂടുതല്‍ പേർ മത്സരിക്കാനെത്തും. ഇത് മനസ്സിലാക്കിയാണ് ഇടവേള ബാബു മാറുന്നത്. മോഹൻലാല്‍ മത്സരിച്ചാല്‍ എതിരുണ്ടാകില്ല. എന്നാല്‍ ഇനി വരാൻ പോകുന്ന വിവാദങ്ങള്‍ കൂടി കണക്കിലെടുത്താണ് മോഹൻലാല്‍ മാറുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മമ്മൂട്ടിയായിരുന്നു അമ്മയുടെ ലാലിന് മുമ്പത്തെ അധ്യക്ഷൻ. നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങളെ തുടർന്നാണ് മമ്മൂട്ടി മാറിയത്. ഇതോടെ മോഹൻലാലിനെ തേടി ദൗത്യമെത്തി. വീണ്ടും നടിയെ ആക്രമിച്ച കേസ് ചർച്ചകളില്‍ എത്തുകയാണ്. താമസിയാതെ കേസില്‍ വിധി വരും. ഈ വിധിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ അമ്മയ്ക്ക് പ്രതികരിക്കേണ്ടി വരും. ഇതെല്ലാം മനസ്സിലാക്കിയാണ് ലാല്‍ മാറുന്നതെന്നാണ് സൂചനകള്‍.

നടിയെ ആക്രമിച്ച കേസില്‍ മുമ്പ് മോഹൻലാല്‍ നടത്തിയ പ്രതികരണം ഏറെ ചർച്ചയായിരുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്നും എന്നാല്‍ ദിലീപിന് വേണ്ടി പ്രാർത്ഥിക്കുമെന്നും മോഹൻലാല്‍ പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. ഈ കേസില്‍ വിധി വരുമ്ബോഴും ഇതെല്ലാം വീണ്ടും ചർച്ചകളിലെത്തും. അമ്മയുടെ ഭാരവാഹിയായി തുടർന്നാല്‍ പ്രതികരിക്കാതിരിക്കാനും കഴിയില്ല. ഇത്തരം വിവാദങ്ങളില്‍ നിന്നും അകലം പാലിക്കാനാണ് മോഹൻലാല്‍ ആഗ്രഹിക്കുന്നത്. ഇതുകൊണ്ടെല്ലാം കൂടിയാണ് അമ്മയില്‍ നിന്നും ലാല്‍ വിട്ടു നില്‍ക്കുന്നത് എന്നാണ് സൂചന.

അമ്മയിലെ തിരഞ്ഞെടുപ്പിന് ജൂണ്‍ മൂന്നുമുതല്‍ പത്രികകള്‍ സ്വീകരിക്കും. ഇടവേള ബാബുവും ലാലും പത്രിക നല്‍കില്ല. കഴിഞ്ഞതവണ തന്നെ ബാബു സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ വികാരഭരിതമായ വാക്കുകള്‍ക്കുമുന്നില്‍ തീരുമാനം മാറ്റുകയായിരുന്നു. ഇത്തവണ എത്ര സമ്മർദമുണ്ടായാലും നിലപാട് മാറ്റില്ലെന്ന് ഇടവേള ബാബു പറയുന്നു. തിരക്കുകള്‍ കാരണം സംഘടനയെ ശ്രദ്ധിക്കാൻ സമയമില്ലെന്നാണ് ലാലിന്റേയും നിലപാട്. ഇടവേള ബാബു ഉള്ളതു കൊണ്ടാണ് ലാലും പ്രസിഡന്റായി തുടർന്നത്.

ഇതെല്ലാം കണക്കിലെടുത്താണ് ലാലിന്റേയും പിൻവാങ്ങല്‍. മലയാള സിനിമയില്‍ പുതു തലമുറ വൻ വിജയങ്ങള്‍ നേടുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ പുതു തലമുറയിലെ പ്രമുഖർ മത്സരിക്കുമെന്നാണ് സൂചന.