എല്ലാത്തരം ലഹരികളും മലയാള സിനിമ മേഖലയിലും ലഭിക്കുമെന്നത് പരസ്യമായ രഹസ്യം ; ഹൈബ്രി‍ഡ് കഞ്ചാവുമായി മേക്കപ്പ്മാൻ, ഷൂട്ടിങ് ലൊക്കേഷനിൽ ലഹരി ഉപയോഗിച്ച യുവനടൻ; മരുന്നടിച്ച് ‘കിളി പോയ’ നടി ; മലയാള സിനിമയിലെ രാസലഹരി ഉപയോഗം നിയന്ത്രിക്കണമെന്ന വാദവും ശക്തം ; സർക്കാർ പ്രഖ്യാപനങ്ങളും പാതി വഴിയിൽ

Spread the love

കൊച്ചി : മലയാളത്തിലെ ഒരു യുവനടന്റെ ലഹരി ഉപയോഗം പിടിവിടുന്നുവെന്ന് തോന്നിയതോടെ പിതാവും ഒപ്പം പോകാൻ തുടങ്ങി. എന്നാൽ തരം കിട്ടുമ്പോഴെല്ലാം നടൻ പിതാവിന്റെ കണ്ണുവെട്ടിക്കാൻ ശ്രമിക്കും.

video
play-sharp-fill

നടനെ എങ്ങനെയെങ്കിലും അൽപ്പനേരം സ്വതന്ത്രനായി കിട്ടാൻ മറ്റു ചിലരും ശ്രമിക്കുന്നുണ്ടായിരുന്നു, ലഹരി എത്തിച്ചു കൊടുക്കുന്ന സംഘം. സിനിമ പ്രൊമോഷനുമായി ബന്ധപ്പെട്ട് എത്തിയ ഹോട്ടലിന്റെ ശുചിമുറിയിൽ കയറി നടൻ ഒളിച്ചു. സെക്കന്റുകൾക്കുള്ളിൽ സാധനവുമായി ആളെത്തി. കുറച്ചു കഴിഞ്ഞപ്പോൾ പിതാവ് കാണുന്നത് ഉന്മത്തനായിരിക്കുന്ന മകനെയാണ്.

മരുന്നടിച്ച് ‘കിളി പോയി’ പിന്നീട് ഇതിൽനിന്ന് പുറത്തുകടന്ന് വിവാഹം കഴിച്ച് ജീവിക്കുന്ന നടിയും മലയാള സിനിമയിലുണ്ട്. ഇത്തരത്തിൽ മലയാള സിനിമയിലെ ഒട്ടേറെ നടീനടന്മാരെ കുറിച്ചും സാങ്കേതിക വിദഗ്ധരെക്കുറിച്ചും അനേകം കഥകൾ ഈ മേഖലയിൽ ഉള്ളവർക്കറിയാം. 45 ഗ്രാം ഹൈബ്രി‍ഡ് കഞ്ചാവുമായി പ്രമുഖ മേക്കപ്പ്മാനെ മൂലമറ്റം എക്സൈസ് സംഘം പിടികൂടിയ പശ്ചാത്തലത്തിൽ മലയാള സിനിമയിലെ ലഹരി ഉപയോഗം നിയന്ത്രിക്കണമെന്ന വാദത്തിനും ശക്തിയേറിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്ത് ലഭ്യമാവുന്ന എല്ലാത്തരം ലഹരികളും ഏറിയും കുറ‍ഞ്ഞും മലയാള സിനിമ മേഖലയിലും ലഭിക്കുമെന്നത് പരസ്യമായ രഹസ്യമാണ്. പുറത്ത് ലഭ്യമാകുന്നത് സിനിമയിലും ലഭിക്കുന്നു എന്നേയുള്ളൂ എന്നു പറയുന്നവരുമുണ്ട്. കഞ്ചാവ് ഉപയോഗം ഏറെക്കാലമായി ഉള്ളതാണെങ്കിലും രാസലഹരിയുടെ വരവോടെ കാര്യങ്ങൾ മാറിമറിഞ്ഞു എന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. ഇന്ന് രാസലഹരിയും മലയാള സിനിമയും തമ്മിൽ ‘അഭേദ്യമായ’ ബന്ധമാണുള്ളത്.

ആരൊക്കെ ഇത് ഉപയോഗിക്കുന്നവരാണെന്ന് സിനിമ മേഖലയിലെ ഒട്ടുമിക്കവർക്കും അറിയുകയും ചെയ്യാം. എങ്കിലും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കാൻ മിക്കവരും ശ്രമിക്കുന്നു. എന്നാൽ ലഹരി ഉപയോഗം പല ഷൂട്ടിങ് സെറ്റുകളിലും വലിയ തലവേദനയായി മാറിയിരിക്കുന്നു എന്ന പരാതി 2023ൽ ഉയർന്നിരുന്നു. തുടർന്ന് ലഹരിക്കെതിരെയും ലഹരി ഉപയോഗിക്കുന്നവർക്കെതിരെയും വലിയ പ്രഖ്യാപനങ്ങളും നടക്കുകയുണ്ടായി. ഒന്നും സംഭവിച്ചില്ല എന്നതാണ് യാഥാർഥ്യം.

ഷൂട്ടിങ് സൈറ്റുകളിൽ ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരുടെ പട്ടിക തയാറാക്കാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിക്കുകയും നിർമാതാക്കൾക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. ലഹരി ഉപയോഗം നിരീക്ഷിക്കുന്നതിനായി ഷാഡോ പൊലീസിനെ സിനിമ സെറ്റുകളിൽ നിയമിക്കുന്നതിനെ നിർമാതാക്കളുടെ സംഘടന അംഗീകരിച്ചിരുന്നു. എന്നാൽ പ്രഖ്യാപനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പിന്നീട് വ്യക്തമായത്.

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നാണ് നിർമാതാക്കളുടെ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ലഹരി ഉപയോഗത്തെക്കുറിച്ച് അന്വേഷണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും മാതൃകാപരമായ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല എന്ന് വ്യക്തമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വാർത്താക്കുറിപ്പ് വരെ പുറത്തിറക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം പുറത്തു വന്ന ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലും മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വലിയ തോതിൽ പരാമർശിക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കാൻ നടപടികൾ ഉണ്ടാവണമെന്ന് നിർദേശിച്ചിരുന്നെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല എന്നാണ് പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്.