
ലൈംഗികമായി വഴങ്ങുന്നവര്‍ക്ക് മാത്രം നല്ല ഭക്ഷണവും നല്ല താമസവും നല്ല വേഷവും ; സിനിമയിലെ അവസരത്തിന് മകള്‍ അഡ്ജസ്റ്റ് ചെയ്താലും കുഴപ്പമില്ലെന്ന് ചിന്തിക്കുന്ന അമ്മമാര്‍ ; അഭിനയമോഹവുമായി സിനിമയിലേക്ക് വരുമ്പോൾ ആദ്യം കേൾക്കുന്നത് അഡ്ജസ്റ്റ്‌മെന്റും വിട്ടുവീഴ്ചയും എന്ന രണ്ട് വാക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.സിനിമയിലെ അവസരത്തിന് മകള്‍ അഡ്ജസ്റ്റ് ചെയ്താലും കുഴപ്പമില്ലെന്ന് ചിന്തിക്കുന്ന അമ്മമാര്‍ വരെ ഉണ്ടെന്നതാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന നിരീക്ഷണം.ആരോടും പറയാനാകാതെ വേദനയും പേറി ജീവിക്കുകയാണ് പലരും.
സ്വന്തം മാതാപിതാക്കളോട് പോലും പറയാന്‍ മടിക്കുന്നു. മാതാപിതാക്കളുടെ എതിര്‍പ്പ് മറികടന്നാണ് പലരും അഭിനയമോഹം കൊണ്ട് സിനിമയിലേക്ക് വരുന്നത്. മോശം അനുഭവങ്ങള്‍ വരുമ്ബോള്‍ അതിനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയാതെ നിശബ്ദരായി പോകുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്ന നടിമാര്‍ യഥാര്‍ഥ ജീവിതത്തിലും ഇന്റിമേറ്റ് ആകാന്‍ മടിയില്ലെന്നാണ് പലരുടെയും ധാരണ. സെക്‌സ് വേണമെന്ന് യാതൊരു മടിയുമില്ലാതെ അത്തരക്കാര്‍ സ്ത്രീകളോട് പറയുന്നു. താല്‍പര്യമില്ലെന്ന് പറയുന്ന സ്ത്രീകളോട് അങ്ങനെ ചെയ്താല്‍ കൂടുതല്‍ അവസരം വാങ്ങിത്തരാമെന്ന് ഇക്കൂട്ടര്‍ പറയുന്നു. ചില പുതുമുഖ നടിമാര്‍ ഇത്തരക്കാരുടെ കെണിയില്‍ വീഴാറുണ്ട്.
സിനിമയിലേക്ക് അവസരം നല്‍കി പ്രൊഡക്ഷന്‍ കണ്‍ട്രോളറോ മറ്റാരെങ്കിലുമോ സമീപിക്കുമ്ബോഴോ അല്ലെങ്കില്‍ അവസരം ചോദിക്കുമ്ബോഴോ ആദ്യം പറയുന്നത് ‘അഡ്ജസ്റ്റ്‌മെന്റി’നും ‘വിട്ടുവീഴ്ച’യ്ക്കും തയാറാകേണ്ടി വരും എന്നാണ്. ഈ രണ്ട് വാക്കുകളും സിനിമാമേഖലയ്ക്ക് ഇന്ന് സുപരിചിതമാണ്. നടന്‍, നിര്‍മാതാവ്, സംവിധായകര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തുടങ്ങി സിനിമയിലെ ആരും ലൈംഗികാവശ്യവുമായി സമീപിച്ചേക്കാം.
സിനിമയില്‍ വിജയിച്ചവരെ ചൂണ്ടിക്കാട്ടി ഇവരെല്ലാവരും മുന്നേറിയതും പണം സമ്ബാദിച്ചതും വിട്ടുവീഴ്ച ചെയ്തിട്ടാണെന്ന് അവസരം തേടുന്നവരോട് ഇത്തരക്കാര്‍ പറയും. നടിമാര്‍ പ്രശസ്തരായത് വിട്ടുവീഴ്ച ചെയ്താണെന്ന് ഈ മേഖലയില്‍ പലരും വിശ്വസിക്കുന്നു. ഇങ്ങനെ ഒരു പ്രതിച്ഛായ സൃഷ്ടിച്ചത് സിനിമാ മേഖലയിലുള്ളവര്‍ തന്നെയാണെന്നും നടിമാര്‍ മൊഴി നല്‍കി. സിനിമയില്‍ ഉയരങ്ങളിലെത്തണമെങ്കില്‍ ഇത്തരത്തില്‍ അഡ്ജസ്റ്റുമെന്റും വിട്ടുവീഴ്ചയും വേണ്ടി വരുമെന്ന് ചിലര്‍ പറഞ്ഞതായി കമ്മിഷന് മുന്നില്‍ ഒരു നടി മൊഴി നല്‍കി.
ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരുമുണ്ടായിരിക്കാം. എന്നാല്‍ സിനിമയില്‍ എത്തുന്ന സ്ത്രീകള്‍ പൊതുവേ അവസരത്തിനായി കിടയ്ക്ക പങ്കിടാന്‍ ഇഷ്ടപ്പെടുന്നവരല്ല. അഡ്ജസ്റ്റുമെന്റുകള്‍ക്ക് തയാറാകുന്ന ചിലര്‍ സിനിമ മേഖലയിലുണ്ട്. മകള്‍ അത്തരം വിട്ടുവീഴ്ച ചെയ്യുന്നതില്‍ തെറ്റില്ലെന്നും ചിന്തിക്കുന്ന അത്തരത്തിലുള്ള സാഹചര്യത്തില്‍ കണ്ണടയ്ക്കുകയും ചെയ്യുന്ന ചില അമ്മമാരെയും തനിക്കറിയാമെന്ന് കമ്മിഷനു മുന്നില്‍ മൊഴി നല്‍കിയ ഒരു നടി പറഞ്ഞു.
അതൊരു ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. തൊഴിലിനായി ലൈംഗികാവശ്യങ്ങള്‍ക്ക് കീഴ്‌പ്പെടണമെന്ന സാഹചര്യം സങ്കടകരമാണെന്ന് സിനിമയിലെ സ്ത്രീകള്‍ പറയുന്നു. സിനിമയില്‍ അവസരം നല്‍കാന്‍ ലൈംഗികാവശ്യങ്ങള്‍ നിറവേറ്റണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നതിന്റെ വിഡിയോ, ഓഡിയോ ക്ലിപ്പുകള്‍, വാട്‌സാപ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എന്നിവ കമ്മിഷനു മുന്നില്‍ ഹാജരാക്കി.
മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം തന്നെ ഉപദ്രവിച്ച നടന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായി എന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു നടി നല്‍കിയ മൊഴിയില്‍ പറയുന്നു. ഒരൊറ്റ ഷോട്ടില്‍ എടുത്തു തീര്‍ക്കേണ്ട ആലിംഗന രംഗം 17 റീ ടേക്കുകള്‍ വരെ പോയെന്നും സംവിധായകന്‍ തന്നെ കുറ്റപ്പെടുത്തിയെന്നും നടി മൊഴിയില്‍ പറയുന്നു.
പണത്തിന് വേണ്ടി സ്ത്രീകള്‍ എന്തും ചെയ്യുമെന്നാണ് ഇത്തരക്കാരുടെ മനോഭാവം. പ്രശ്നക്കാരിയാണെന്ന് ഒരു നടിയെ മുദ്രകുത്തുമ്ബോള്‍ പിന്നീട് അവര്‍ക്കാര്‍ക്കും അവസരം നല്‍കുകയില്ല. അതുകൊണ്ടു തന്നെ അഭിനയം മോഹമായി കൊണ്ടുനടക്കുന്ന പല സ്ത്രീകളുടെയും പ്രതികരണം മൗനം മാത്രമായിരിക്കും. സത്യം തുറന്ന് പറയാന്‍ ഭയമാണ്.
ലൈംഗികമായി വഴങ്ങുന്നവര്‍ക്ക് മാത്രം നല്ല ഭക്ഷണം ലഭിക്കും. നഗ്നത പ്രദര്‍ശിപ്പിക്കാന്‍ നടിമാര്‍ക്ക് മുകളില്‍ സമ്മര്‍ദമുണ്ട്. വഴിവിട്ട കാര്യങ്ങള്‍ക്ക് സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നു. അതിക്രമം കാട്ടിയവരില്‍ ഉന്നതരുണ്ട്’- എന്നിങ്ങനെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്.
നഗ്നത എത്രത്തോളം പ്രദര്‍ശിപ്പിക്കണം എന്ന കാര്യം സംബന്ധിച്ച് യാതൊന്നും കരാറില്‍ പറയാതെ ചിത്രീകരണം തുടങ്ങുമ്ബോള്‍ നിലപാട് മാറിമറിയുന്നുവെന്ന് ഒരു നടി ഹേമ കമ്മിറ്റിയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. വളരെ കുറച്ച് ശരീരഭാഗങ്ങള്‍ മാത്രമെ കാണിക്കൂ എന്ന് പറഞ്ഞ് ഷൂട്ടിംഗ് ആരംഭിച്ച ശേഷം അണിയറക്കാര്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെടുന്നു.
ചിത്രീകരണം തുടങ്ങുമ്ബോള്‍ ലിപ് ലോക്ക് സീനുകളില്‍ വരെ അഭിനയിക്കാന്‍ ആവശ്യപ്പെടുന്നുവെന്നും ഈ നടി വെളിപ്പെടുത്തിയിരിക്കുന്നു. പിന്‍വശം മാത്രമേ കാണിക്കൂ എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ കരാറില്‍ പറയുന്നതിനെക്കാള്‍ കൂടുതല്‍ നഗ്നത പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ഷൂട്ടിംഗ് അവസാനിപ്പിച്ച് സെറ്റില്‍നിന്നു പുറത്തേക്ക് പേകേണ്ട അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്.
ഷൂട്ടിങ് ലൊക്കേഷനില്‍ ചെന്നാല്‍ സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല. പവര്‍ ഗ്രൂപ്പിന്റെ ഭാഗമായുള്ളവര്‍ക്ക് കാരവാന്‍ ഉണ്ടാകും.നടിമാര്‍ക്ക് ശുചിമുറികള്‍ പോലും ലൊക്കേഷനില്‍ ഇല്ല. വസ്ത്രം മാറാന്‍ സുരക്ഷിതമായ സൗകര്യം സെറ്റില്‍ ഒരുക്കുന്നില്ല.പി.വി.സി. പൈപ്പില്‍ കീറത്തുണി കെട്ടിവച്ച് മറയാക്കിയാണ് പലപ്പോഴും വസ്ത്രം മാറാന്‍ സൗകര്യം നല്‍കുന്നത്.
കാറ്റടിച്ചാല്‍ പോലും പറന്നുപോകും വിധമുള്ള താല്‍ക്കാലിക സംവിധാനമാണിത്. ഈ സംവിധാനം അവസാനിപ്പിക്കണമെന്നും സുരക്ഷിതമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും നടി ശാരദ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ഡബ്ല്യൂ.സി.സി രൂപീകരിച്ചതിന് ശേഷം സിനിമയിലുണ്ടാകുന്ന ദുരനുഭവങ്ങള്‍ ആരോടെങ്കിലും സുരക്ഷിതമായി പറയാന്‍ സാധിക്കുന്ന സാഹചര്യമുണ്ടായെന്ന് ഏതാനും വനിതാ സിനിമാപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയതായും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.