
മലയാള സിനിമയില്‍ ഫെബ്രുവരിയില്‍ ഇറങ്ങിയ 17 സിനിമകളില്‍ പതിനൊന്നും നഷ്ടമെന്നാണ് അസോസിയേഷന്‍ കണക്ക്.17 സിനിമകളുടെ ആകെ മുടക്ക് 75 കോടി (75,23,86,049.00) , ഇതില്‍ തിയറ്റര്‍ ഷെയര്‍ ആയി ലഭിച്ചത് 23 കോടിയും (23,55,88,147). ഏകദേശം 53 കോടിയുടെ നഷ്ടമാണ് ഫെബ്രുവരി മാത്രം മലയാള സിനിമയ്ക്കുണ്ടായത്. 17 ചിത്രങ്ങളില്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ഒരൊറ്റ ചിത്രത്തിന്റെ കളക്ഷന്‍ (ഷെയര്‍) മാത്രമേ ബജറ്റിനോട് അടുത്തുള്ളൂവെന്നും മറ്റ് സിനിമകള്‍ക്ക് കനത്ത നഷ്ടം സംഭവിച്ചുവെന്നും റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നു.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ബജറ്റ്: 13,00,00,000 (13 കോടി), തിയറ്റര്‍ ഷെയര്‍: 11,00,00,000. ഇങ്ങനെയാണ് നിര്‍മ്മാതാക്കള്‍ വിശദീകരിച്ചത്. എന്നാല്‍, താന്‍ നായകനായി അഭിനയിച്ച ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയെ കുറിച്ചുള്ള നിര്‍മ്മാതാക്കളുടെ കണക്ക് തിരുത്തി കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തി. ചിത്രത്തിന്റെ നിര്‍മാണച്ചെലവ് 13 കോടിയല്ലെന്നും അതിനേക്കാള്‍ വളരെ കൂടുതലാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. നിര്‍മാതാക്കള്‍ക്കു തിരിച്ചുകിട്ടിയത് 11 കോടിയല്ലെന്നും അതിന്റെ ഇരട്ടിയോ അതില്‍ കൂടുതലോ ആയിരിക്കുമെന്നും എന്ന് അദ്ദേഹം വിശദീകരിച്ചു. 11 കോടി രൂപ എന്ന് സംഘടനയുടെ പ്രതിനിധികള്‍ പറഞ്ഞത്, കേരളത്തിലെ തിയറ്ററുകളില്‍നിന്നു മാത്രം നിര്‍മാതാവിനു ലഭിച്ച വിഹിതമായിരിക്കും. എന്നാല്‍, ഇവിടെ നിന്നു കിട്ടിയ തുക പോലും 11 കോടിയില്‍ കൂടുതലാണെന്നും നിര്‍മ്മാതാക്കളുടെ കണക്ക് കൃത്യമല്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കണക്ക് പറയുകയാണെങ്കില്‍ കൃത്യമായി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് 30 കോടിയോളം രൂപ നേടിയെന്നും പുറത്തെ കളക്ഷന്‍ കൂടി കണക്കിലെടുത്താല്‍ 50 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ടാകുമെന്നും കുഞ്ചാക്കോ ബോബന്‍ അവകാശപ്പെട്ടു. ഒടിടി, സാറ്റലൈറ്റ്, ഓഡിയോ റൈറ്റ്, ഡബ്ബിങ് റൈറ്റ് തുടങ്ങിയവയിലൂടെ നിര്‍മാതാവിന് ഏതൊക്കെ രീതിയിലാണ് വരുമാനം വരുന്നതെന്ന് അറിയാത്തവരാണോ സംഘടനയുടെ പ്രതിനിധികള്‍ എന്നും കുഞ്ചാക്കോ ബോബന്‍ ചോദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യത്തില്‍, പ്രതിഫലം വാങ്ങിക്കാതെ സിനിമയില്‍ അഭിനയിക്കാന്‍ താന്‍ ഒരുക്കമാണെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന വരുമാനം നിര്‍മ്മാതാക്കള്‍ തന്നെ എടുത്തോട്ടെ. എന്നാല്‍ ഒടിടി, സാറ്റലൈറ്റ് തുടങ്ങിയവയില്‍ നിന്നുള്ള വരുമാനം നിര്‍മ്മാതാക്കള്‍ തനിക്ക് നല്‍കാന്‍ തയ്യാറാകുമോ എന്നും, ഒടിടി, സാറ്റലൈറ്റ് ബിസിനസുകള്‍ നടക്കാത്തതിന് കാരണക്കാര്‍ നിര്‍മ്മാതാക്കള്‍ തന്നെയാണെന്നും നടന്‍ കുറ്റപ്പെടുത്തി.