വിസ്മയ കാഴ്ചയൊരുക്കി കോട്ടയം മലരിക്കൽ ആമ്പൽ പാടം: പ്രകൃതിയിലെ വർണ്ണക്കാഴ്ചകൾ കാണാൻ വൻ ജനക്കൂട്ടം .

Spread the love

കോട്ടയം: മലരിക്കലിലെ ആമ്പല്‍പാടം കാണാനും ആസ്വദിക്കാനും ജനം ഒഴുകിയെത്തുന്നു. അവധിദിനമായ ഇന്നലെ അഭൂതപൂര്‍വമായ തിരക്കായിരുന്നു.
രാവിലെ 10 കഴിഞ്ഞാല്‍ ആമ്പല്‍ പ്പൂക്കള്‍ വാടിപ്പോകുന്നതിനാല്‍ പുലര്‍ച്ചെ അഞ്ചരയോടെ ആളുകള്‍ എത്തിത്തുടങ്ങും.

1800 ഏക്കറുള്ള ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ജെ ബ്ലോക്ക് ഒന്‍പതിനായിരം പാടശേഖരത്തിന്‍റെ മലരിക്കല്‍ ഭാഗത്തും 850 ഏക്കറുള്ള തിരുവായിക്കരിയിലുമാണ് ആമ്പല്‍പാടങ്ങളുള്ളത്.

ഇപ്പോള്‍ തിരുവായ്ക്കരി പാടശേഖരത്തിലാണ് ആമ്പലുകള്‍ നിറഞ്ഞിരിക്കുന്നത്. ജെ ബ്ലോക്ക് ഒന്‍പതിനായിരം പാടത്തിന്‍റെ ഇരുവശത്തും ഏകദേശം ഒന്നരകിലോമീറ്റര്‍ റോഡിന് ഇരുവശവുമാണ് ആദ്യം കാഴ്ചയില്‍പെടുന്ന പൂപ്പാടം. സൂര്യോദയത്തോടൊപ്പം ആമ്പല്‍പ്പൂക്കള്‍ കാണാനാണ് ഏറെ ഭംഗി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ വര്‍ഷവും കൊയ്ത്ത് കഴിഞ്ഞു പാടത്ത് വെള്ളം കയറ്റുമ്പോഴാണ് ആമ്പല്‍ കിളിര്‍ത്തുതുടങ്ങുന്നത്. വെള്ളം വറ്റിക്കുന്ന സമയത്ത് ചെളിയില്‍ വീണുകിടക്കുന്ന വിത്താണു പിന്നീട് കിളിര്‍ത്തു വരുന്നത്. വിതയ്ക്ക് പാടം വറ്റിക്കുന്നതുവരെ പാടത്ത് ആമ്പലുകള്‍ നിറഞ്ഞുനില്‍ക്കും. മുന്‍കാലങ്ങളില്‍ ഓഗസ്റ്റ് ആദ്യവാരം ആരംഭിച്ചിരുന്ന ആമ്പല്‍വസന്തം ഇക്കുറി നേരത്തെ എത്തുകയായിരുന്നു. വിവിധ ഡിപ്പോകളില്‍ നിന്നായി കെഎസ്‌ആര്‍ടിസിയുടെ ഇരുപതോളം ബജറ്റ് ടൂറിസം ഉല്ലാസയാത്രാ വണ്ടികളാണ് ഇന്നലെ മലരിക്കലിലെത്തിയത്.

സഞ്ചാരികളെ കാത്ത് വള്ളങ്ങള്‍

കാഞ്ഞിരം പാലം ഇറങ്ങി മലരിക്കലിലോട്ട് കയറുന്ന ഭാഗം മുതല്‍ പാടശേഖരങ്ങളില്‍ കാത്തുകിടക്കുന്നത് നൂറിലേറെ വള്ളങ്ങളാണ്. ഒരേസമയം രണ്ട് മുതല്‍ ഏഴ് പേര്‍ക്കുവരെ യാത്രചെയ്യാവുന്ന വള്ളങ്ങളാണ് ഇവിടെയുള്ളത്. സഞ്ചാരികള്‍ക്ക് പാടത്തിന്‍റെ ഉള്‍ഭാഗത്തേക്ക് യാത്രചെയ്ത് ആമ്പല്‍വസന്തം അടുത്തുകാണാനുള്ള അവസരമാണുള്ളത്. വള്ളത്തില്‍ സഞ്ചരിച്ചാലേ ആമ്പല്‍ക്കാഴ്ചകള്‍ അടുത്ത് ആസ്വദിക്കാന്‍ സാധിക്കൂ. വള്ളത്തില്‍ കയറുന്നവര്‍ക്ക് ലൈഫ് ജാക്കറ്റുമുണ്ട്.

എത്തിച്ചേരാന്‍

കോട്ടയത്തുനിന്ന് ഇല്ലിക്കല്‍ കാഞ്ഞിരംകവല വഴി മലരിക്കലില്‍ എത്താന്‍ ഒന്‍പതു കിലോമീറ്റര്‍.

കുമരകത്തുനിന്ന് ഇല്ലിക്കല്‍ കാഞ്ഞിരംകവല വഴി മലരിക്കലില്‍ എത്താന്‍ 10 കിലോമീറ്റര്‍.
വൈക്കത്തുനിന്ന് ഇല്ലിക്കല്‍ കാഞ്ഞിരംകവല വഴി മലരിക്കലില്‍ എത്താന്‍ 28 കിലോമീറ്റര്‍.
പാലാ, ചങ്ങനാശേരി ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ കോട്ടയത്ത് എത്തി കാഞ്ഞിരംകവല വഴി മലരിക്കലില്‍ എത്തുന്നതാണ് സൗകര്യം.

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്

പുലര്‍ച്ചെ 5.30 മുതല്‍ ആമ്പല്‍പാടം കാണാന്‍ ആളുകള്‍ എത്തിത്തുടങ്ങും. രാവിലെ ഒമ്പതിനു മുന്‍പ് എത്തിയാലേ വര്‍ണവിസ്മയം പൂര്‍ണമായും ആസ്വദിക്കാന്‍ സാധിക്കൂ. വെയിലുറയ്ക്കുന്നതോടെ പൂക്കള്‍ വാടും.

സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ പാര്‍ക്ക് ചെയ്യാവൂ. ഫീസ് 30 രൂപ. കാഞ്ഞിരം കവലയില്‍നിന്നു വീതി കുറഞ്ഞ റോഡായതിനാല്‍ വാഹനങ്ങള്‍ നിര്‍ത്തി ബ്ലോക്ക് ഉണ്ടാക്കരുത്.

ആമ്പല്‍ പാടത്ത് ഇറങ്ങരുത്. വള്ളം തുഴയുന്നവരുടെ നിര്‍ദേശങ്ങള്‍ പാലിക്കുക.ആറു മുതല്‍ എട്ടു പേര്‍ വരെയുള്ള സംഘത്തിനു വള്ളത്തില്‍ സഞ്ചരിക്കുന്നതിനു 1000 രൂപയാണ് ചാര്‍ജ്. ആമ്പല്‍പൂക്കള്‍ ഒരു കെട്ടിനു 30 രൂപ.