മലരിക്കൽ ആമ്പൽ ടൂറിസം ഇനി കർഷകർക്ക് വരുമാനം നൽകുന്ന നൂതന മാതൃകയാകും ; കർഷകരുമായി വരുമാനം പങ്കിടാൻ തീരുമാനിച്ച് പാടശേഖര സമിതികളും സഞ്ചാരികളെ വള്ളങ്ങളിൽ എത്തിക്കുന്നവരും

Spread the love

കോട്ടയം : മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി ആവിഷ്ക്കരിച്ച മലരിക്കൽ ആമ്പൽ ടൂറിസം കർഷകർക്ക് വരുമാനം നൽകുന്ന നൂതന മാതൃകയാകും.

തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ 1800 ഏക്കർ വരുന്ന ജെ – ബ്ലോക്ക്, 850 ഏക്കർ വിസ്ത്രിതിയുള്ള തിരുവായ്ക്കരി പാടശേഖര സമിതികളും ഈ പാടശേഖരങ്ങളിൽ വളർന്ന ആമ്പലുകൾക്കിടയിൽ സഞ്ചാരികളെ വള്ളങ്ങളിൽ എത്തിക്കുന്നവരും ചേർന്നാണ് ധാരണയുണ്ടാക്കിയത്. ടൂറിസം സീസൺ കഴിയുന്നതോടെ വള്ളങ്ങളുടെ ഉപയോഗത്താൽ കേടുപാടു സംഭവിച്ച വരമ്പുകൾ നന്നാക്കാനും പാടശേഖരങ്ങളുടെ പുറംബണ്ടുകൾ ശക്തിപ്പെടുത്താനും ഈ തുക കർഷകർക്ക് ഉപയോഗിക്കാനാകും.

ഒരോ പാടശേഖരത്തിലും ഉപയോഗിക്കുന്ന വള്ളങ്ങൾ അതാതു പാടശേഖര സമിതികളുമായി ചേർന്ന് സഞ്ചാരികൾക്ക് കടവുകൾ ക്രമീകരിക്കും. റൊട്ടേഷൻ അടിസ്ഥാനത്തിൽ വള്ളങ്ങൾ ക്രമീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈഫ് ജാക്കറ്റ് ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാക്കും: വള്ളങ്ങളുടെ രജിസ്ട്രേഷൻ നിർബ്ബന്ധമാക്കി.

മലരിക്കൽ ടൂറിസം സോണായ പശ്ചാത്തലത്തിൽ വാഹന ഗതാഗതം ക്രമീകരിക്കും. ടൂറിസ്റ്റുകൾ കാഞ്ഞിരം പാലം കടന്നു് മലരിക്കൽ ജംഗ്ഷനിൽ എത്തി തിരിച്ചു പോകുന്ന വിധം പാർക്കിംഗ് നിർബ്ബന്ധമാക്കി. സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങൾ സൗകര്യപ്പെടുത്തിയിട്ടുണ്ട് :ഫീസ്നൽകി ഉപയോഗിക്കാനാകും.

പുതുതായി വീതി കൂട്ടിയ ടൂറിസം റോഡ് ഭാഗത്ത്താൽക്കാലികമായോ സ്ഥിരമായോ വ്യാപാര സ്ഥാപനങ്ങൾ അനുവദിക്കില്ല. പൊതുമരാമത്ത് വകുപ്പ് അത് നീക്കം ചെയ്യും. വള്ളങ്ങൾ പ്രവർത്തിപ്പിക്കുന്നവർ യൂണിഫോം ധരിക്കുമെന്ന് ധാരണയായി.

ഈവർഷത്തെ ആമ്പൽ ഫെസ്റ്റിൻ്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തുന്നതിലേക്കായി ബന്ധപ്പെട്ട സംഘാടകരായ തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത്, മലരിക്കൽ ടൂറിസം സൊസൈറ്റി, ജെ. ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവർ ചേർന്നാണ് തീരുമാനങ്ങൾ എടുത്തത്.

തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഒ.എസ് അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ പുന: സംയോജന പദ്ധതി കോ – ഓർഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ ആമുഖ പ്രസംഗം നടത്തി. കോട്ടയം ജില്ലാ പോലീസ് ഡി വൈ എസ് പി  കെ.ജി. അനീഷ് ഉദ്ഘാടനം നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അജയൻ കെ. മേനോൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ. എം. ബിന്നു , കുമരകം പോലീസ് SHO കെ. ഷിജി, മലരിക്കൽ ടൂറിസം സൊസൈറ്റി പ്രസിഡൻ്റ് വി.കെ. ഷാജിമോൻ, തിരുവായ്ക്കരി പാടശേഖര സമിതി പ്രസിഡന്റ് ജോൺ ചാണ്ടി, ജെ. ബ്ലോക് പാടശേഖര സമിതി സെകട്ടറി ഔസേഫ് ചാക്കോ എന്നിവർ പ്രസംഗിച്ചു.