
കോട്ടയം: ലോകമെമ്പാടും പ്രശസ്തമായ ഈഫൽ ടവർ, ലൂവർ മ്യൂസിയം, വെഴ്സായ് കൊട്ടാരം തുടങ്ങിയ അത്ഭുതകരമായ വാസ്തുവിദ്യകൾ കൊണ്ടും, ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഫ്രഞ്ച് റിവിയേര ഉൾപ്പെടെയുള്ള അതിമനോഹരമായ ഭൂപ്രകൃതിയാൽ മനോഹാരിയുമായ ഫ്രാൻസിലെ പ്രമുഖ ദ്യശ്യമാധ്യമമായ ഫ്രാൻസ് 24 ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ദൃശ്യമാധ്യമങ്ങളിൽ ഇപ്പോൾ പിങ്ക് നിറമാണ്, അതെ മലരിക്കൽ ആമ്പൽ വസന്തത്തിന്റെ കാഴ്ചകളാണ്.
കോട്ടയം ജില്ലയിലെ കുമാരകത്തിനോട് തൊട്ടു ചേർന്ന തിരുവാർപ്പിലെ മലരിക്കൽ അങ്ങനെ കാഴ്ചയുടെ പേരിൽ ലോകത്തിന്റെ പിങ്ക് വസന്തമായി, ജല പുഷ്പമേളയുടെ ഇടമായി ഉയർന്നിരിക്കുന്നു. ഫ്രാൻസിലെ ദൃശ്യമാധ്യമങ്ങളിൽ വരെ മലരിക്കലെ ആമ്പൽ വസന്തം വാർത്തയായിരിക്കുകയാണ്.
മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി ആവിഷ്ക്കരിച്ച മലരിക്കൽ ആമ്പൽ വസന്തത്തിൻ്റെ നയന മനോഹരമായ കാഴ്ച റിപ്പോർട്ട് ചെയ്യുകയാണ് ഫ്രാൻസിലെ പ്രമുഖ ദ്യശ്യമാധ്യമമായ ഫ്രാൻസ് 24 ഇംഗ്ലീഷ്.
മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി 2018 ജനുവരി ഒന്നിനാണ് മലരിക്കൽ ടൂറിസം കേന്ദ്രം ആരംഭിക്കുന്നത്. വള്ളങ്ങളുടെ ഉപയോഗം വർദ്ധിപ്പിച്ച് ജലാശയങ്ങൾ സംരക്ഷിക്കുക എന്ന “തീം” മുന്നോട്ടുവച്ച് ജനകീയ കൂട്ടായ്മ
വള്ളം തുഴയാൻ നാട്ടിലെ ആളുകളെ പണം കൊടുത്ത് രംഗത്തിറക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യ ആഴ്ച കഴിഞ്ഞപ്പോൾ ടൂറിസ്റ്റുകൾ വരാൻ തുടങ്ങി ആമ്പലുകൾ പൂത്തതോടെ ആമ്പലുകൾക്കിടയിലേക്ക് വള്ളം കടത്തിവിട്ടു അത് സഞ്ചാരികൾക്ക് മികച്ച ആകർഷണമായി. അതോടെ ഒരോ വർഷവും സഞ്ചാരികളുടെ എണ്ണം കൂടി.
പിണറായി സർക്കാർ ഗതാഗത സൗകര്യം വർദ്ധിപ്പിച്ചു. നല്ല റോഡ് പണിതു നൽകി. ഈ വർഷം 100 ദിവസത്തോളമായി സീസൺ തുടരുന്നു 250 ലേറെ വള്ളങ്ങളിൽ തദ്ദേശീയ ജനതക്ക് തുഴച്ചിൽ നടത്തി വരുമാനം നേടാനാകുന്നു. ഈ വർഷം അഞ്ചുകോടിയിലേറെ വരുമാനം ലഭ്യമായതാണ് ഏകദേശ കണക്ക്. ഒക്ടോബർ ആദ്യവാരം വെള്ളം വറ്റിച്ച് കൃഷിക്കായി നിലം ഒരുക്കും അതോടെ അടുത്ത വർഷം ആമ്പൽകാഴ്ചകൾക്ക് പ്രതീക്ഷയേകി ആമ്പലുകൾ വിത്തുകളെ മണ്ണിനടിയിലൊളിപ്പിച്ച് കാഴ്ചയിൽ നിന്നുമായും “വീണ്ടും ജനിക്കാൻ, വീണ്ടും വസന്തം പടർത്താൽ, വീണ്ടും നിറച്ചാർത്ത് ഒരുക്കാൻ”താൽകാലികമായ ഒരു വിടവാങ്ങൽ.