പെൺകുട്ടിയെ പൊടിമില്ലിൽ വിളിച്ചുകയറ്റി പീഡിപ്പിക്കാൻ ശ്രമം ; മലപ്പുറത്ത് ഒളിവിൽ പോയ പ്രതി പിടിയിൽ

Spread the love

മലപ്പുറം: ബാലികയെ കടയില്‍ വിളിച്ച് കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയെ അറസ്റ്റ് ചെയ്തു. പൊന്നാനിയില്‍ പൊടി മില്ലില്‍ ജോലിക്കാരനായ ഷംസു (51) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയും വീട്ടുകാരും പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു ഷംസു.

20 ദിവസത്തോളം നാഗുര്‍, ഏര്‍വാടി, മുത്തു പേട്ട ദര്‍ഗകളുടെ പരിസരങ്ങളിൽ താമസിച്ച് വരികയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയിരുന്ന പ്രതിയെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും സംസ്ഥാനത്തിന് പുറത്ത് പ്രതി പോകാനിടയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ നാഗപട്ടണത്ത് നിന്ന് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.

പൊന്നാനി പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. അഷ്റഫ്, എസ്ഐ സിവി ബിബിന്‍, എഎസ്ഐ വര്‍ഗീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അഷ്റഫ്, നാസര്‍, എസ് പ്രശാന്ത് കുമാര്‍ എന്നിവരടങ്ങുന്ന സംഘം ആണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 10 വര്‍ഷം മുമ്പ് സമാനമായ മറ്റൊരു കേസിലും ഇയാൾ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.