
മലപ്പുറം: വര്‍ക്ക്‌ഷോപ്പില്‍ പെയിന്റിംഗ് ജോലിക്കിടെ കാര്‍ കത്തിനശിച്ചു. ഇന്നലെ വൈകുന്നേരം മൂന്നിന് മഞ്ചേരി പുല്ലൂര്‍ അത്താണിക്കലിലെ വര്‍ക്ക് ഷോപ്പിലാണ് സംഭവം. പുല്ലൂര്‍ കൈനിക്കര മുഹമ്മദ് ഷാഹിദിന്റെ മാരുതി റിട്‌സ് കാര്‍ ആണ് അഗ്‌നിക്കിരയായത്.
ഇന്നലെ രാവിലെ പത്തിനാണ് കാര്‍ പെയിന്റ് ചെയ്യാന്‍ വര്‍ക്ക് ഷോപ്പില്‍ നല്‍കിയത്. വൈകുന്നേരം മൂന്നിന് വര്‍ക്ക്‌ഷോപ്പ് ഉടമയാണ് വാഹനം കത്തിയതായി അറിയിച്ചതെന്ന് ഷാഹിദ് പറഞ്ഞു. കാറിന്റെ പിറകുവശത്ത് പെയിന്റ് ചെയ്യുന്നതിനിടെ മുന്‍ഭാഗത്ത് നിന്ന് പുക ഉയരുകയായിരുന്നു. തീയണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും പെട്ടെന്ന് വലിയ രീതിയില്‍ തീ ഉയര്‍ന്നു. മഞ്ചേരിയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
മറ്റൊരു സംഭവത്തിൽ പാലക്കാട് കോട്ടോപാടത്ത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി ഓടുന്ന ബസിൽ നിന്ന് പുക ഉയർന്നു. മണ്ണാർക്കാട് അരിയൂരിലാണ് സംഭവം. മണ്ണാർക്കാട് നിന്നും എടത്തനാട്ടുകരയ്ക്ക് പോകുന്ന എസ് എസ് ബ്രദേഴ്സ് എന്ന ബസ്സിൽ നിന്നാണ് വലിയതോതിൽ പുക ഉയർന്നത്. ഇതോടെ ബസിൽ നിന്ന് ജീവനക്കാർ ചാടി രക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന യാത്രക്കാരെയും മാറ്റി. പുക ഉയരുന്ന കാര്യം യാത്രക്കാരാണ് ബസ് ജീവനക്കാരെ അറിയിച്ചത്. ഉടൻ തന്നെ ബസ് നിറത്തി യാത്രക്കാരെ പുറത്ത് ഇറക്കി. പത്ത് മിനിറ്റ് നേരെ ബസിൽ നിന്ന് പുക ഉയർന്നു. എന്താണ് പുക ഉയരാനുള്ള കാരണം എന്ന് വ്യക്തമായിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group