
മോഷ്ടിച്ച സ്കൂട്ടർ 2 മാസത്തിനുശേഷം അതേ സ്ഥലത്ത് കൊണ്ടു വച്ചു; നഷ്ടപരിഹാരമായി ഫുൾ ടാങ്ക് പെട്രോളും; ഇത്രയും മാന്യനായ കള്ളനോ? സംഭവം മലപ്പുറത്ത്
മലപ്പുറം: പല തരം കള്ളമ്മാരെ കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരു കള്ളനെ കാണുന്നത് ആദ്യമായാണ്. മോഷ്ടിച്ച സ്‌കൂട്ടർ രണ്ട് മാസത്തിന് ശേഷം അതേ സ്ഥലത്ത് കൊണ്ടുവെക്കുകയും ‘നഷ്ടപരിഹാരമായി’ ഫുൾ ടാങ്ക് പെട്രോളും അടിച്ചൊരു കള്ളൻ. മലപ്പുറം വടക്കേമണ്ണയിലാണ് സംഭവം.
വടക്കേമണ്ണ എച്ച്എംസി ഡെക്കറേഷനിലെ ജീവനക്കാരനായ കെ.പി.ഷാഫിയുടെ സ്‌കൂട്ടറാണ് കഴിഞ്ഞ ഡിസംബർ ആദ്യ വാരത്തിൽ മോഷണം പോയത്. മോഷണം പോകുന്ന സമയത്ത് കുറച്ച് പെട്രോൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. തിരിച്ചുകിട്ടിയപ്പോൾ ഫുൾ ടാങ്ക് പെട്രോൾ അടിച്ചത് കണ്ട് ഞെട്ടിയിരിക്കുകയാണ് ഷാഫിയും സുഹൃത്തുക്കളും.
ഡിസംബർ അവസാന ആഴ്ചയിൽ ജോലിക്കു വന്ന ഷാഫി സ്‌കൂട്ടർ വടക്കേമണ്ണയിലെ സ്ഥാപനത്തിന്റെ മുൻപിൽ നിർത്തിയിട്ടതായിരുന്നു. ഇവിടെ നിന്നാണ് മോഷണം പോയത്. സ്ഥാപന ഉടമ മലപ്പുറം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ സ്‌കൂട്ടർ കണ്ടെത്താനായിരുന്നില്ല. ഒതുക്കുങ്ങൽ ഭാഗത്തു കൂടി യുവാവ് സ്‌കൂട്ടർ ഓടിച്ചുപോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. കാണാതാകുമ്പോൾ സ്‌കൂട്ടറിൽ പെട്രോൾ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെയാണ് കാണാതായ സ്‌കൂട്ടർ കടയുടെ മുൻവശത്ത് നിർത്തിയിട്ടതായി കണ്ടത്. സിസിടിവി പരിശോധനയിൽ കഴിഞ്ഞ ദിവസം രാത്രി 10.27ന് മലപ്പുറം ഭാഗത്തുനിന്നു വന്ന യുവാവ് സ്‌കൂട്ടർ കടയുടെ മുൻവശത്തുവച്ചു മടങ്ങിപ്പോകുന്നതായി കണ്ടെത്തി. കോട്ടയ്ക്കൽ ഭാഗത്തേക്കാണു യുവാവ് തിരിച്ചുപോയത്. ഫുൾ ടാങ്ക് പെട്രോളിന് പകരമായി നിയമ ലംഘനങ്ങൾ വല്ലതും നടത്തിയിട്ടുണ്ടോ എന്ന് പേടിയുണ്ടെന്ന് റാഫി പറഞ്ഞു.