
മലപ്പുറം: ഭിന്നശേഷിക്കാരനായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയോട് ബസില്‍ മോശമായി പെരുമാറിയ കണ്ടക്ടര്‍ക്കെതിരെയും ബസുടമക്കെതിരെയും കര്‍ശന നടപടിക്ക് ശുപാര്‍ശ നല്‍കി പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ടിഒ. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ പാലക്കാട് ആര്‍ടിഒയ്ക്ക് കത്ത് നല്‍കി. പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശി കിഴിശ്ശേരി സ്വദേശി സൈനുദ്ദീന്‍ നല്‍കിയ പരാതിയിലാണ് നടപടി. പെരിന്തല്‍മണ്ണ ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസില്‍ പഠിക്കുന്ന, 75 ശതമാനം ശാരീരിക അവശതകളുള്ള മകന്‍ ബസില്‍ സഞ്ചരിക്കുമ്പോള്‍ യാത്രക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും മുന്നില്‍ വെച്ച് ഭിന്നശേഷിയെ അപമാനിക്കുന്ന തരത്തില്‍ കണ്ടക്ടര്‍ സംസാരിച്ചുവെന്നാണ് പിതാവിന്റെ പരാതി.
കണ്ടക്ടറുടെ മോശമായ പെരുമാറ്റം വിദ്യാര്‍ത്ഥിക്ക് കടുത്ത മാനസിക പ്രയാസമുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ജൂണ്‍ 26 ന് വൈകുന്നേരം സ്‌കൂള്‍ വിട്ട് മടങ്ങുമ്പോള്‍ പെരിന്തല്‍മണ്ണ – മണ്ണാര്‍ക്കാട് റൂട്ടിലോടുന്ന ബസിലാണ് സംഭവം നടന്നത്. മണ്ണാര്‍ക്കാട് നാട്ടുകല്‍ സ്വദേശിയായ കണ്ടക്ടറാണ് മോശമായി പെരുമാറിയതെന്ന് എ.എം.വി.ഐ. സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ ഹാജരാകാന്‍ കണ്ടക്ടര്‍ക്കും ആര്‍സി ഉടമയ്ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇവര്‍ ഹാജരായില്ല.
ഇതിനെ തുടര്‍ന്നാണ് പാലക്കാട് ജില്ലയിലെ ആര്‍ടിഒയോട് കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കാനും ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനും ആവശ്യപ്പെട്ട് പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ടിഒ കത്ത് നല്‍കിയത്. റിപ്പോര്‍ട്ട് പ്രകാരം, സംഭവം നടന്ന ദിവസം ഇയാള്‍ കാലാവധി കഴിഞ്ഞ കണ്ടക്ടര്‍ പാസ് ഉപയോഗിച്ചാണ് ജോലി ചെയ്തിരുന്നത്. ഇയാളുടെ കണ്ടക്ടര്‍ പാസിന്റെ കാലാവധി 2021 ഫെബ്രുവരിയില്‍ അവസാനിച്ചിരുന്നു. കാലാവധിയില്ലാത്ത പാസ് ഉപയോഗിച്ച് കണ്ടക്ടറെ ജോലി ചെയ്യിച്ചതിലൂടെ ബസിന്റെ ആര്‍സി ഉടമയും നിയമലംഘനം നടത്തിയതായി റിപ്പോര്‍ട്ടില്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group