
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചതായി പരാതി. ഇരുമ്പിളിയം ജിഎച്ച്എസ്എസ് സ്കൂളിലെ വിദ്യാർത്ഥി റാഷീദിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. പത്തോളം വരുന്ന സഹപാഠികളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം വീട്ടിൽ നിന്ന് വിളിച്ച് ഇറക്കി കൊണ്ടു പോയി മർദിക്കുകയായിരുന്നു. സ്കൂളിലെ ചെറിയ തർക്കത്തിൻ്റെ പേരിലായിരുന്നു മർദനം. ഇരുമ്പ് വടി ഉൾപ്പടെ ഉപയോഗിച്ചുള്ള മർദനത്തിൽ വിദ്യാർഥിക്ക് കണ്ണിന് അടക്കം പരിക്കേറ്റു. തുടർന്ന് റാഷീദിനെ വളാഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആശുപത്രിയിലെത്തി പൊലീസ് റാഷിദിൻ്റെ മൊഴിയെടുത്തു.
രാത്രി 11 മണിയോട് കൂടിയാണ് റാഷിദിനെ സഹപാഠികളും സുഹൃത്തുക്കളും അടങ്ങുന്ന സംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയത്. അതിനുശേഷം മർദിക്കുകയായിരുന്നു. എന്തിനാണ് തന്നെ മർദിച്ചത് എന്ന് കൃത്യമായി അറിയില്ലെന്നാണ് റാഷിദ് പറയുന്നത്. എന്നാൽ, വിദ്യാർഥികൾ തമ്മിൽ നേരത്തെ ചില പ്രശ്നങ്ങളിൽ തർക്കം ഉണ്ടായിരുന്നു. ആ തർക്കത്തിന്റെ ഭാഗമായാണ് സംഘം എത്തി മർദിച്ചതെന്നാണ് പൊലീസ് പറയുന്നത്. 12 മണിയോടെയാണ് പരിക്കേറ്റ നിലയിൽ റാഷിദ് വീട്ടിൽ തിരിച്ചെത്തുന്നത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.