
മലപ്പുറം: മലയാളം സർവകലാശാല ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പി.കെ. ഫിറോസ് ഉന്നയിച്ച് ആരോപണങ്ങൾക്ക് മറുപടിയുമായി കെ.ടി. ജലീൽ. സർവ്വകലാശാലയ്ക്ക് 2023-ൽ തറക്കല്ലിട്ടിട്ട് നിർമ്മാണം നടക്കാത്തത് നിർമ്മാണാനുമതി ഇല്ലാത്തതുകൊണ്ടല്ലെന്നും ഹരിത ട്രിബ്യൂണലിന്റെ അനുമതി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലീഗ് നേതാവ് സി. മമ്മൂട്ടി തിരൂർ എംഎൽഎ ആയിരുന്ന സമയത്ത് 2016 ഫെബ്രുവരി 17-ന് മലപ്പുറത്ത് കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് 17 ഏക്കർ 21 സെന്റ് സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഒരു സെന്റിന് 1,70,000 രൂപയായിരുന്നു നിശ്ചയിച്ചത്. അതിനുശേഷം തിരഞ്ഞെടുപ്പ് നടക്കുകയും ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തുകയും ചെയ്തു.
എൽഡിഎഫ് അധികാരത്തിലെത്തിയപ്പോൾ ഈ വിഷയത്തിൽ പുനരാലോചന ഉണ്ടായി. 17 ഏക്കർ 21 സെന്റ് സ്ഥലം കൂടുതലാണെന്നും നിർമാണം നടത്താൻ സാധിക്കാത്ത സ്ഥലമുണ്ടെന്നും അഭിപ്രയം ഉയർന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് അധികാരത്തിൽ അബ്ദുറബ്ബ് വിദ്യാഭ്യാസമന്ത്രിയും ലീഗ് നേതാവ് സി. മമ്മൂട്ടി തിരൂർ എംഎൽഎ ആയിരുന്ന സമയത്ത് എടുത്ത തീരുമാനം മാറ്റി. സെന്റ് ഒന്നിന് 1,60,000 ആയി കുറച്ചു. ഉപയോഗയോഗ്യമല്ലാത്ത ആറര ഏക്കർ സ്ഥലം വേണ്ടെന്ന് വെക്കുകയും ഏറ്റെടുക്കുന്ന സ്ഥലം 11 ഏക്കറാക്കുകയും ചെയ്തു. ജലീൽ പറയുന്നു.
ഈ സംഭവങ്ങൾക്കുശേഷം രണ്ടുവർഷം കഴിഞ്ഞിട്ടാണ് താൻ ഉന്നതവിദ്യഭ്യാസ മന്ത്രിയായി ചുമതല ഏറ്റെടുത്തെതന്നും അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുള്ള അഴിമതിയും കമ്മീഷനും ഉണ്ടായിട്ടില്ല. സെന്റ് ഒന്നിന് 1,70,000 ആക്കിയത് യുഡിഎഫ്-ലീഗ് നേതാക്കൾ ആണ്.
സെന്റ് ഒന്നിന് 10,000 രൂപ കമ്മീഷൻ കിട്ടുകയായിരുന്നു അവരുടെ ലക്ഷ്യം. തനിക്ക് പറമ്പുകച്ചവടത്തിന് കമ്മീഷൻ വാങ്ങുന്ന ശീലമില്ല. ഫിറോസിനും ഫിറോസിന്റെ നേതാക്കൾക്കുമാണ് കമ്മീഷൻ വാങ്ങുന്ന ശീലമെന്നും അദ്ദേഹം വിമർശിച്ചു.
പി.കെ. ഫിറോസ് തെളിവുകൾ പുറത്തുവിടട്ടേയെന്നും താൻ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ജലീൽ പറഞ്ഞു. താൻ പതിനെട്ടര സെന്റ് സ്ഥലം വാങ്ങിയതല്ലാതെ ഒരു പറമ്പുകച്ചവടവും നടത്തിയിട്ടില്ല. ഈ ന്യായവിലയും മറ്റും വയനാട്ടിൽ ലീഗ് വാങ്ങിയ സ്ഥലത്തും പ്രായോഗികമാക്കണം. 35,000 രൂപ സെന്റിന് വിലയുള്ള സ്ഥലമാണ് 1,22,000 രൂപയ്ക്ക് വാങ്ങിയത്.