video
play-sharp-fill
രാജ്യത്തിന് അഭിമാന നിമിഷം; ലോക ചാംപ്യന്‍ഷിപ്പായ എഫ്.ഇ.ഐ എന്‍ഡ്യൂറന്‍സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ ഒരുങ്ങി മലയാളി പെൺകുട്ടി; നേരിടേണ്ടത് 40 രാജ്യങ്ങളില്‍ നിന്നുള്ള 144 മത്സരാർത്ഥികളെ

രാജ്യത്തിന് അഭിമാന നിമിഷം; ലോക ചാംപ്യന്‍ഷിപ്പായ എഫ്.ഇ.ഐ എന്‍ഡ്യൂറന്‍സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ ഒരുങ്ങി മലയാളി പെൺകുട്ടി; നേരിടേണ്ടത് 40 രാജ്യങ്ങളില്‍ നിന്നുള്ള 144 മത്സരാർത്ഥികളെ

കൊച്ചി: ദീര്‍ഘദൂര കുതിരയോട്ടത്തിലെ ലോക ചാംപ്യന്‍ഷിപ്പായ എഫ്.ഇ.ഐ എന്‍ഡ്യൂറന്‍സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ ഒരുങ്ങി മലപ്പുറം തിരൂര്‍ സ്വദേശി നിദ അന്‍ജും ചേലാട്ട്. ഇതാദ്യമായല്ല ആഗോളതലത്തില്‍ ഈ കായികയിനത്തില്‍ നിദ രാജ്യത്തിന്റെ യശ്ശസുയര്‍ത്തുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന എഫ്.ഇ.ഐ ജൂനിയര്‍ ലോകചാമ്പ്യന്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കി നിദ ലോകമെമ്പാടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇക്കൊല്ലം സെപ്റ്റംബര്‍ ഏഴിന് ഫ്രാന്‍സിലെ മോണ്‍പാസിയറില്‍ നടക്കുന്ന സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലാണ് 22കാരിയായ താരം മാറ്റുരയ്ക്കുന്നത്.

കുതിരയോട്ട മത്സരങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍നാഷണല്‍ എക്യൂസ്ട്രിയന്‍ ഫെഡറേഷന്‍ അഥവാ എഫ്.ഇ.ഐയാണ് മത്സരങ്ങള്‍ നടത്തുന്നത്. ഇന്ത്യയില്‍ ഈ കായികയിനത്തിന് ജനപ്രീതി കുറവാണെങ്കിലും ലോകത്തെ വിവിധ രാജ്യങ്ങളുടെ സാംസ്‌കാരിക പാരമ്പര്യത്തില്‍ ആഴത്തില്‍ വേരോട്ടമുള്ള ഇനമാണ് കുതിരയോട്ടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും പ്രഗത്ഭരായ കുതിരയോട്ടക്കാരുടെ നിരയിലാണ് ഈ യുവ കായികതാരം തലയുയര്‍ത്തി നില്‍ക്കുന്നത്. കടുത്ത പോരാട്ടം നടക്കുന്ന ഈ കായികമത്സരത്തില്‍ അസാധാരണമായ മെയ്വഴക്കവും സൂക്ഷ്മതയും വേഗതയും അത്യാവശ്യമാണ്.

40 രാജ്യങ്ങളില്‍ നിന്നുള്ള 144 കുതിരയോട്ടക്കാരെയാണ് നിദ നേരിടുന്നത്. തന്റെ വിശ്വസ്ത പങ്കാളിയായ പെണ്‍കുതിര പെട്ര ഡെല്‍ റെയ്ക്കൊപ്പമാണ് നിദ കളത്തിലിറങ്ങുന്നത്. നിദയുടെ ആണ്‍കുതിരയായ ഡിസൈന്‍ ഡു ക്ളൗഡും മത്സരത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 160 കിലോമീറ്റര്‍ ദൈര്‍ഖ്യമുള്ള ദുര്‍ഘടപാതയാണ് മത്സരത്തില്‍ നിദയെ കാത്തിരിക്കുന്നത്.

യുഎഇ, ബഹ്റൈന്‍, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ഉറുഗ്വായ്, അര്‍ജന്റീന, ബ്രിട്ടണ്‍, ഹംഗറി, എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കാലാകാലങ്ങളായി മേധാവിത്വം പുലര്‍ത്തുന്ന വിഭാഗത്തിലാണ് നിദ ഇക്കൊല്ലം മത്സരിക്കാനിറങ്ങുന്നത്. ഈ വിഭാഗത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടുന്നത് തന്നെ വലിയ നേട്ടമാണ്.

കുതിരയോട്ടത്തില്‍ പരിശീലനത്തിനും മത്സരങ്ങള്‍ക്കും മറ്റും ധാരാളം നിക്ഷേപങ്ങള്‍ നടത്തി മികച്ച കളിക്കാരെ നിരന്തരം രംഗത്തിറക്കുന്ന ലോകരാജ്യങ്ങള്‍ക്കിടയിലാണ് നിദ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. എതിരാളികള്‍ക്ക് കിട്ടുന്നത്രയും സൗകര്യങ്ങളേതുമില്ലാതെ സ്വന്തം കഠിനപ്രയത്‌നത്താലും പരിശ്രമത്താലുമാണ് നിദ ഇന്നീ ആഗോളവേദിയില്‍ എത്തിനില്‍ക്കുന്നത്.

എഫ്.ഇ.ഐയുടെ എന്‍ഡ്യൂറന്‍സ് ലോക ചാമ്പ്യന്‍ഷിപ്പിന്റെ സീനിയര്‍ വിഭാഗത്തില്‍ എത്തിനില്‍ക്കുന്ന നിദയുടെ ഈ യാത്ര, രാജ്യത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ്. ദീര്‍ഘദൂര കുതിരയോട്ടത്തിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ അടക്കാനാവാത്ത സന്തോഷവും അഭിമാനവുമുണ്ടെന്ന് നിദ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലെ നേട്ടമാണ് ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്.

എനിക്ക് ചുറ്റുമുള്ളവരില്‍ നിന്ന് കിട്ടുന്ന സ്‌നേഹവും പിന്തുണയും വലിയ പ്രചോദനമാണ്. ആഗോളവേദിയില്‍ നമ്മുടെ രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അതെന്നെ പ്രചോദിപ്പിക്കുന്നു – നിദ കൂട്ടിച്ചേര്‍ത്തു.

കുതിരയോട്ടമെന്ന കായികയിനത്തില്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവും പ്രൗഢോജ്വല മത്സരമാണ് എഫ്.ഇ.ഐ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പ്. അതില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയതിലൂടെ ലോകത്തെ ഏറ്റവും മികച്ച കുതിരയോട്ടക്കാരുടെ നിരയിലേക്കാണ് നിദ ഉയര്‍ന്നുവന്നിരിക്കുന്നത്. അസാധാരണമായ മെയ്വഴക്കം മാത്രമല്ല, ഈ മത്സരത്തില്‍ ജയിക്കണമെങ്കില്‍ ഓടിക്കുന്ന കുതിരയുമായി തകര്‍ക്കാനാകാത്ത ആത്മബന്ധവും ഉണ്ടാകണം.

കുതിരയെയും അതിനെ നിയന്ത്രിക്കുന്നയാളെയും കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്ന മത്സരമാണിത്. പങ്കെടുക്കുന്നയാളുടെ സഹനശക്തി, കുതിരയോട്ടത്തിലെ പ്രാവീണ്യം, കുതിരയുമായുള്ള അടുപ്പം എന്നിവ നിരന്തരം പരീക്ഷിക്കപ്പെടും. കുതിരയും അതിനെ ഓടിക്കുന്നയാളും നിരവധി വെല്ലുവിളികള്‍ ഈ മത്സരത്തിനിടെ അതിജീവിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം കാസ്റ്റല്‍സെഗ്രാറ്റില്‍ നടന്ന എക്യൂസ്ട്രിയന്‍ വേള്‍ഡ് എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ്പിലെ ജൂനിയര്‍ ആന്‍ഡ് യങ് റൈഡര്‍ വിഭാഗത്തിലെ മത്സരയോട്ടം പൂര്‍ത്തിയാക്കി നിദ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

120 കിലോമീറ്റര്‍ ദൈര്‍ഖ്യമുള്ള ആ മത്സരം വെറും 7.29 മണിക്കൂര്‍ കൊണ്ടാണ് നിദ പൂര്‍ത്തിയാക്കിയത്. എപ്‌സിലോണ്‍ സലോ എന്ന കുതിരപ്പുറത്തേറിയാണ് നിദ മത്സരിച്ചത്. 25 രാജ്യങ്ങളില്‍ നിന്നുള്ള 70 മത്സരാര്‍ഥികളാണ് ഓട്ടത്തില്‍ പങ്കെടുത്തത്. എഫ്.ഇ.ഐ ദീര്‍ഘദൂര ലോക കുതിരയോട്ട സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കുന്നതിനുള്ള തീവ്രപരിശീലനത്തിലാണ് നിദ ഇപ്പോള്‍.

നിദയുടെ നേട്ടങ്ങളില്‍ ഇന്ത്യയ്ക്ക് വലിയ അഭിമാനവും നമ്മുടെ രാജ്യത്ത് നിന്ന് വളര്‍ന്നുവരുന്ന പുതുതലമുറ കുതിരയോട്ടക്കാര്‍ക്ക് വലിയ പ്രചോദനവുമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കുതിരയോട്ടക്കാരില്‍ ഒരാളാണ് ഇന്ന് നിദ. യമമ ആപ്പിലൂടെ നിദയുടെ മത്സരയോട്ടം കാണാവുന്നതാണ്.