ആലപ്പുഴ ഇതുവരെ കണ്ടിട്ടില്ല….! മലപ്പുറം സ്വദേശിക്ക് ക്യാമറ പിഴ വന്നത് ആലപ്പുഴയിൽ നിന്നും; സംഭവിച്ചതറിയാന്‍ പൊലീസിൽ പരാതി….!
സ്വന്തം ലേഖിക
മലപ്പുറം: ആലപ്പുഴ ജില്ല ജീവിതത്തില്‍ ഇതുവരെയും കണ്ടിട്ടില്ലാത്തയാള്‍ക്ക് ആലപ്പുഴയിലെ ട്രാഫിക് നിയമ ലംഘനം നടത്തിയതിന് പിഴയടക്കാൻ നോട്ടിസ്.
വണ്ടൂര്‍ കാരാട് സ്വദേശി കിഴക്കുവീട്ടില്‍ ശിവദാസനാണ് പിഴയടക്കാൻ നോട്ടീസ് ലഭിച്ചത്. ശിവദാസന്റെ ബൈക്കിന്റെ അതേ നമ്പറുള്ള സ്‌കൂട്ടറില്‍ ആലപ്പുഴ ചേര്‍ത്തല കടക്കരപ്പള്ളിയില്‍ ഹെല്‍മറ്റ് ധരിക്കാത്തിനാണ് പിഴ. ബൈക്കില്‍ രണ്ടാളുകള്‍ യാത്രചെയ്യുന്ന ചിത്രമാണ് പിഴ വന്ന നോട്ടീസിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
500 രൂപ പിഴ അടക്കാൻ ആവശ്യപ്പെട്ടാണ് ശിവദാസന്റെ വിലാസത്തിലേക്ക് നോട്ടീസ് വന്നത്.
കഴിഞ്ഞ മാസം രണ്ടിനാണ് നിയമലംഘനം നടത്തിയതെന്ന് നോട്ടീസിലുണ്ട്. നോട്ടീസില്‍ നിയമ ലംഘനം നടത്തിയതായി പറയുന്ന ബൈക്കിന്റെ നമ്പറും വിലാസവും ശിവദാസന്റെതാണ്.
എന്നാല്‍ കൂടെ കാണിച്ചിരിക്കുന്ന മൊബൈല്‍ നമ്പര്‍ ഇദ്ദേഹത്തിന്റെതല്ല. കൂലിപ്പണിക്കാരനായ ശിവദാസൻ ബൈക്കില്‍ ഇതുവരെ ജില്ലക്ക് പുറത്ത് പോയിട്ടില്ല.
തന്റെ ബൈക്കിന്റെ നമ്പറും വിലാസവും എങ്ങനെയാണ് ആലപ്പുഴയിലെ സ്‌കൂട്ടറില്‍ വന്നതെന്നറിയാൻ പൊലീസില്‍ പരാതി നല്‍കാനിരിക്കുകയാണ് ശിവദാസൻ.