സംസ്ഥാന സര്‍ക്കാരിന്റെ വികസന സദസ്സുമായി സഹകരിക്കില്ല;നിലപാടില്‍ നിന്ന് പിന്മാറി മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം

Spread the love

 

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ വികസന സദസ്സുമായി സഹകരിക്കുമെന്ന നിലപാടില്‍ നിന്ന് പിന്മാറി മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം. സര്‍ക്കാരിന്റെ വികസന സദസ്സില്‍ പങ്കെടുക്കില്ലെന്നും യുഡിഎഫ് നേതൃത്വത്തില്‍ മറ്റൊരു പരിപാടി നടത്തുമെന്നാണ് പറഞ്ഞതെന്നും ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹമീദ് വ്യക്തമാക്കി.

അയ്യപ്പസംഗമത്തിനൊപ്പം വികസന സദസ്സും ബഹിഷ്‌കരിക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരുന്നത്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കുലറും ഇറക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ വ്യത്യസ്ത നിലപാടുമായി മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം എത്തുകയായിരുന്നു.

തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് വികസന സദസ്സെന്നും, അതില്‍ പങ്കെടുക്കാതിരിക്കുന്നത് ബുദ്ധിയല്ലെന്നും കാട്ടിയാണ് വികസന സദസ്സിന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം പിന്തുണ പ്രഖ്യാപിച്ചത്. പിന്നീട് ഈ നിലപാട് മുസ്ലീം ലീഗ് തിരുത്തുകയായിരുന്നു.

മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം വ്യത്യസ്ത തീരുമാനമെടുത്തത് തങ്ങളുടെ അറിവോടയെല്ലെന്നും യുഡിഎഫ് മലപ്പുറം നേതൃത്വവും പ്രതികരിച്ചിരുന്നു. മലപ്പുറത്ത് എന്താണ് നടന്നതെന്ന് സംബന്ധിച്ച് തങ്ങളുടെ അന്വേഷണം നടക്കുന്നുണ്ടെന്ന് അടൂര്‍ പ്രകാശ് എം.പി വ്യക്തമാക്കി.

അന്വേഷണം നടത്തിയശേഷം മലപ്പുറത്തെ നേതാക്കന്മാരുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കും. പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുളളവരുമായി ബന്ധപ്പെടും. ഇപ്പോള്‍ നടന്ന സംഭവത്തെ പറ്റി പ്രതികരിക്കാനില്ലെന്നും അടൂര്‍ പ്രകാശ് എം.പി പ്രതികരിച്ചു.

അതേസമയം വികസന സദസ്സില്‍ എല്ലാവരും പങ്കെടുക്കണമെന്നാണ് സിപിഎം നിലപാടെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. ഒരുവികസനവും പാടില്ലെന്ന് പറഞ്ഞ് മാറിനില്‍ക്കുന്നവരാണ് യുഡിഎഫ്.