
അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുന്ന ചരിത്രനേട്ടത്തിൽ മലപ്പുറം ജില്ലയ്ക്കും അഭിമാനിക്കാൻ വക. ജില്ലയിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ 100 ശതമാനവും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ജില്ലയിലെ 8553 കുടുംബങ്ങളിൽ നിന്നുള്ള 18022 പേരാണ് അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്.
2021-ലെ സർവ്വേയിലൂടെ കണ്ടെത്തിയ ഈ കുടുംബങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങൾ വഴി മൈക്രോ പ്ലാനുകൾ തയ്യാറാക്കിയാണ് പദ്ധതികൾ നടപ്പിലാക്കിയത്.
ഭക്ഷണം, ആരോഗ്യ സേവനങ്ങൾ (മരുന്ന്, ചികിത്സ), വരുമാനം, സുരക്ഷിതമായ വാസസ്ഥലം (വീട്, ഭൂമി, പുനരുദ്ധാരണം, കുടിവെള്ളം, ടോയ്ലറ്റ്, വൈദ്യുതി) എന്നീ നാല് ഘടകങ്ങളിലായി 7699 മൈക്രോ പ്ലാനുകളാണ് ജില്ലയിൽ തയ്യാറാക്കിയത്. ഈ സേവനങ്ങൾ നൽകിയതിലൂടെ 8148 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാന നേട്ടങ്ങൾ ഇങ്ങനെ :
ഭക്ഷണം: ഭക്ഷണം ആവശ്യമുള്ള 3479 പേർക്കും (പാചകം ചെയ്ത ഭക്ഷണം 353 പേർ, കിറ്റ് 3126 പേർ) ഭക്ഷണം ഉറപ്പാക്കി.
ആരോഗ്യം: ആരോഗ്യസേവനങ്ങൾ ആവശ്യമുള്ള 4540 പേർക്കും സേവനം ലഭ്യമാക്കി.
വരുമാനം: വരുമാനം ആവശ്യമുള്ള 877 പേർക്ക് കുടുംബശ്രീ വഴിയും വിവിധ പദ്ധതികളിലൂടെയും തൊഴിൽ നൽകി.
ഭൂമി: ഭൂരഹിതരായ 53 കുടുംബങ്ങൾക്ക് ഏറനാട്, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകളിലായി റവന്യൂ ഭൂമി പതിച്ചുനൽകിയത് ശ്രദ്ധേയ നേട്ടമാണ്.
പാർപ്പിടം: സുരക്ഷിത വാസസ്ഥലം ഒരുക്കുന്നതിന്റെ ഭാഗമായി 722 വീട് മാത്രം വേണ്ടവരിൽ 579 എണ്ണം പൂർത്തിയാക്കി. 354 വീടും സ്ഥലവും ആവശ്യമുള്ളവരിൽ 189 എണ്ണം പൂർത്തിയാക്കി. 935 ഭവന പുനരുദ്ധാരണവും പൂർത്തീകരിച്ചു.*
നീതി ആയോഗിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കുള്ള സംസ്ഥാനമാണ് കേരളം (2021 സെൻസസ് പ്രകാരം 0.7% അതിദരിദ്രർ). വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും പൊതുജന പങ്കാളിത്തത്തോടുകൂടിയാണ് ഈ ലക്ഷ്യം കൈവരിച്ചത്.
അതിദാരിദ്ര്യം പൂർണമായും ഇല്ലാതാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി നവംബർ ഒന്നിന് പ്രഖ്യാപിക്കും. പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ്ങും സൂപ്പർ ചെക്കിങ്ങും നടത്തി സേവനങ്ങൾ പൂർണമായും ലഭ്യമാക്കിയെന്ന് ഉറപ്പുവരുത്തിയാണ് പ്രഖ്യാപനം.



