play-sharp-fill
മലപ്പുറം ജില്ലയില്‍ വീട്ടില്‍ നടക്കുന്ന പ്രസവങ്ങളുടെ എണ്ണം കൂടുന്നു; ജനങ്ങൾക്ക്  ബോധവല്‍ക്കരണം നടത്താൻ തീരുമാനം;  ആശുപത്രികളെ ആശ്രയിക്കാതെ പ്രസവിക്കാന്‍ യുവതികളെ പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിലെ കാരണം ഇങ്ങനെ……!

മലപ്പുറം ജില്ലയില്‍ വീട്ടില്‍ നടക്കുന്ന പ്രസവങ്ങളുടെ എണ്ണം കൂടുന്നു; ജനങ്ങൾക്ക് ബോധവല്‍ക്കരണം നടത്താൻ തീരുമാനം; ആശുപത്രികളെ ആശ്രയിക്കാതെ പ്രസവിക്കാന്‍ യുവതികളെ പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിലെ കാരണം ഇങ്ങനെ……!

സ്വന്തം ലേഖിക

മലപ്പുറം: മലപ്പുറം ജില്ലയില്‍ വീടുകളില്‍ പ്രസവമെടുക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.

2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച്‌ വരെ മലപ്പുറം ജില്ലയില്‍ ആശുപത്രികളെയോ ആരോഗ്യപ്രവര്‍ത്തകരെയോ ആശ്രയിക്കാതെ 266 യുവതികള്‍ പ്രസവിച്ചു എന്നാണ് റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റു ജില്ലകളില്‍ പ്രതിവര്‍ഷം ശരാശരി പത്ത് പ്രസവങ്ങള്‍ മാത്രമാണ് വീടുകളില്‍ നടക്കുന്നത്.

മലപ്പുറം ജില്ലയില്‍ തന്നെ താനാളൂര്‍ പഞ്ചായത്തിലാണ് ഇത്തരത്തില്‍ നടക്കുന്ന പ്രസവങ്ങളില്‍ അധികവും. താനാളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴില്‍ 2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച്‌ വരെ 21 പ്രസവങ്ങളാണു നടന്നത്.

താനാളൂര്‍ ഉള്‍പ്പെടുന്ന വളവന്നൂരാണ് ഇത്തരം പ്രസവം ഏറ്റവുമധികം നടന്ന ബ്ലോക്ക്. ഇവിടെയുള്ള 7 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പരിധികളിലായി 64 പ്രസവങ്ങളാണ് നടന്നിട്ടുള്ളത്.

താനാളൂരില്‍ ഇത്തരം പ്രസവങ്ങള്‍ നടത്തുന്നവര്‍ക്ക് ബോധവല്‍ക്കരണം നടത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

കുടുംബാരോഗ്യ കേന്ദ്രവും പഞ്ചായത്തും ചേര്‍ന്നാണ് പദ്ധതി ഒരുക്കുന്നത്. കൂടുതല്‍ ശ്രദ്ധയും ശുശ്രൂഷയും ലഭിക്കാന്‍ വീട്ടില്‍ നിന്നുള്ള പ്രസവം ഒഴിവാക്കണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശം.

എന്നാല്‍ പല കാരണങ്ങളാലും ഇതിനെ എതിര്‍ക്കുന്ന ചിലരാണ് വീട്ടില്‍ വച്ചുള്ള പ്രസവം പ്രോത്സാഹിപ്പിക്കുന്നത്. പ്രസവമടുക്കുന്നതു വരെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഗുളികകളും മറ്റും വാങ്ങിക്കഴിക്കുന്ന ഗര്‍ഭിണികള്‍ പ്രസവത്തിനു മാത്രം ആശുപത്രികളെ മാറ്റി നിര്‍ത്തുന്ന സ്ഥിതിയുമുണ്ട്.

ഇത്തരം പ്രസവമെടുക്കാന്‍ ജില്ലയില്‍ 4 സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നതായി വിവരമുണ്ട്. ഈ സ്ത്രീകളുടെ സേവനം മതി എന്ന ചിന്തയും അന്യപുരുഷന്മാരായ ഡോക്ടര്‍മാരുടെ മുന്നില്‍ പ്രസവത്തിനായി കിടക്കേണ്ടി വരുന്നത് ഒഴിവാക്കാനുമാണ് പലരും വീട്ടിലെ പ്രസവം എന്ന മാര്‍ഗം തെരഞ്ഞെടുക്കുന്നത്.

പ്രസവമടുക്കാറാകുമ്പോള്‍ ഇവര്‍ വീടുകളിലെത്തി ഒപ്പം താമസിക്കുകയാണ് ചെയ്യുന്നത്. ഒരിക്കല്‍ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞവരെ പോലും ഇവര്‍ വീട്ടില്‍ പ്രസവിപ്പിക്കുന്നതായും വിവരമുണ്ട്.

പ്രസവ സമയത്ത് ഏതെങ്കിലും തരത്തിലുള്ള പ്രയാസം ഉണ്ടായാല്‍ വലിയ അപകടമുണ്ടായേക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുന്‍പ് തലക്കാട് ഒരു വീട്ടില്‍ നടന്ന പ്രസവത്തെ തുടര്‍ന്ന് കുട്ടി മരിച്ചിരുന്നു.