മലപ്പുറത്ത് ജനങ്ങളെ ആശങ്കയിലാക്കി വീടുകൾക്ക് മുമ്പിൽ മിഠായി വിതറിയ നിലയിൽ; 15 കിലോ മുതൽ 25 കിലോ വരെ മിഠായിയാണ് കണ്ടെത്തിയത്; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പെരിന്തൽമണ്ണ പോലീസ്

Spread the love

മലപ്പുറം: ജനങ്ങളെ ആശങ്കയിലാക്കി വീടുകൾക്ക് മുമ്പിൽ മിഠായി വിതറിയ നിലയിൽ. പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ വലമ്പൂർ സെൻട്രൽ മുതൽ പൂപ്പലം റോഡിന്റെ അവസാനം വരെ രണ്ട് കിലോമീറ്റർ ഭാഗത്താണ് റോഡരികിൽ വീടുകൾക്ക് മുമ്പിൽ മിഠായി വിതറിയതായി കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ച അഞ്ചോടെയാണ് സംഭവം. റോഡിന്റെ ഇരുവശത്തുമായാണ് ചോക്ലറ്റ് മിഠായി കിടന്നിരുന്നത്. നമസ്‌കാരത്തിനായി പള്ളിയിലേക്ക് വരുമ്പോൾ മിഠായി കണ്ടില്ലെന്നും തിരിച്ചുപോകുമ്പോഴാണ് കണ്ടതെന്നും പ്രദേശവാസികൾ പറഞ്ഞു.

മിഠായി കിട്ടിയവർ വീട്ടിൽ കൊണ്ടുപോയി. വീടുകളുടെ ഗേറ്റിന് മുൻവശത്താണ് കൂടുതൽ വിതറിയിരിക്കുന്നത്. തെരുവ് വിളക്കുകളുള്ളിടത്ത് വിതറിയിട്ടില്ല. റോഡിന്റെ മധ്യഭാഗത്ത് ഇല്ലാത്തതിനാൽ വാഹനത്തിൽ കൊണ്ടുപോയപ്പോൾ വീണതാകാൻ സാധ്യതയില്ല. 15 കിലോ മുതൽ 25 കിലോ വരെ മിഠായി കണ്ടെത്തിയതായാണ് പറയുന്നത്.

പൊതിയഴിച്ച് വീണ്ടും പൊതിഞ്ഞത് പോലെയാണ് തോന്നുന്നതെന്ന് പ്രദേശവാസി പറഞ്ഞു. വലമ്പൂർ സ്‌കൂളിനോട് ചേർന്ന പൊതുവഴിയിലാണ് കൂടുതൽ കണ്ടത്. മിഠായി കിട്ടിയവർ കഴിക്കരുതെന്നും ഇത്തരത്തിൽ മിഠായി കാണുകയോ അപരിചിതർ നൽകുകയോ ചെയ്താൽ എടുക്കരുതെന്നും സ്‌കൂളിൽ പ്രത്യേക അസംബ്ലി ചേർന്ന് വിദ്യാർഥികളെ അറിയിച്ചു. മിഠായി നാട്ടുകാർ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group