
മലപ്പുറം: ഭിന്നശേഷിക്കാരിയായ 24 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി സദ്ദാമാണ് അറസ്റ്റിലായത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട് നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയതിനുശേഷം 24കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെയാണ് പൊലീസ് സദ്ദാമിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം സെപ്‌തംബർ 30 മുതല്‍ ഈ മാസം ഒക്‌ടോബർ വരെയുള്ള കാലയളവിലാണ് പീഡനശ്രമം നടന്നത്. യുവതി ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയാണ്. ഭിന്നശേഷി കുട്ടികള്‍ക്കായി പ്രവർത്തിക്കുന്ന സംഘടനയുടെ നേതാവാണെന്നും മോട്ടിവേഷൻ സ്‌പീക്കർ ആണെന്നും പറഞ്ഞാണ് ഇയാള്‍ സമൂഹമാദ്ധ്യമത്തിലൂടെ യുവതിയെ പരിചയപ്പെട്ടത്. പിന്നാലെ വിവാഹം ചെയ്യുമെന്ന വാഗ്ദാനവും നല്‍കി. ഇത് പെണ്‍കുട്ടിയുടെ കുടുംബത്തിനും അറിയാമെന്ന് വിശ്വസിപ്പിച്ചു. ഇതിനുശേഷമാണ് പെണ്‍കുട്ടിയില്‍ നിന്ന് നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയത്. പുറത്തുകൊണ്ടുപോയി പീഡിപ്പിക്കാനും ഇയാള്‍ ശ്രമിച്ചു.
സദ്ദാമിന്റെ പെരുമാറ്റത്തില്‍ മാനസിക ബുദ്ധിമുട്ട് തോന്നിയ യുവതി വീട്ടുകാരോട് കാര്യം പറയുകയായിരുന്നു. തുടർന്നാണ് കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഈ മാസം ഏഴിന് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group