പ്രളയലോട്ടറി അടിച്ചത് റവന്യൂ ജീവനക്കാർക്ക്; നഷ്ടം പെരുപ്പിച്ച് കാട്ടി ലക്ഷങ്ങളുടെ കൊള്ള
ശ്രീകുമാർ
കോട്ടയം/മലപ്പുറം: പ്രളയക്കെടുതിയിൽപ്പെട്ട പതിനായിരങ്ങൾ ആശ്വാസധനത്തിനുവേണ്ടി കാത്തുനിൽക്കുമ്പോൾ ബന്ധുക്കൾക്കും ഇഷ്ടക്കാർക്കുമുണ്ടായ നഷ്ടം പെരുപ്പിച്ചുകാട്ടി ഉദ്യോഗസ്ഥരുടെ വക തട്ടിപ്പ് വ്യാപകമാകുന്നു. മലപ്പുറം തൃക്കലങ്ങോട് പഞ്ചായത്തിൽ പതിനായിരം രൂപയുടെ പോലും നഷ്ടമുണ്ടാകാത്തവർക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ മൂന്നുലക്ഷത്തിലധികം രൂപ നഷ്ടപരിഹാരത്തിന് ശുപാർശ നൽകി. തൃക്കലങ്ങോട് ഒരു വീടിനുപിന്നിൽ മണ്ണിടിച്ചിലുണ്ടായെങ്കിലും മുറ്റത്തു മാത്രമേ മണ്ണ് പതിച്ചുള്ളൂ. ഒൻപതു കിടപ്പുമുറികളും 11 എ.സി യുമുള്ള കോടീശ്വര കുടുംബത്തിന്റെ ഈ വീടിന്റെ അറ്റകുറ്റപ്പണിക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ കണക്കാക്കിയത് 5,79, 225 രൂപ. വീടിനുപിന്നിൽ വലിയ ഭിത്തി നിർമിക്കാനാണ് 5,40,000 രൂപ ശുപാർശ ചെയ്തത്. തൊഴിലാളികളെ വച്ച് ഈ മണ്ണു നീക്കാൻ പതിനായിരം രൂപയിൽ താഴെ മാത്രമേ ചെലവാകൂ. അവിടെയാണ് അഞ്ചുലക്ഷത്തി എഴുപത്തൊൻപതിനായിരം രൂപയുടെ കണക്ക് അസിസ്റ്റന്റ് എൻജിനീയർ റവന്യൂ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. അയൽപക്കത്തെ രണ്ടാമത്തെ വീടിന്റെയും സ്ഥിതി മറിച്ചല്ല . ഇവിടെയും കെട്ടിടത്തിന്റെ തറയിലേക്കോ ചുമരിലേക്കോ മണ്ണിടിഞ്ഞിട്ടില്ല. പക്ഷെ ഈ കുടുംബത്തിന് 3,86,150 രൂപ നഷ്ടം കൊടുക്കണമെന്നാണ് ശുപാർശ. തൊട്ടപ്പുറത്തുള്ള മറ്റൊരു വീടിനും കിട്ടി പ്രതീക്ഷിക്കാത്ത തുക. ഈ വീടിനടുത്തു വരെ മണ്ണുവീണെങ്കിലും കേടുപാടില്ല. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഈ മണ്ണു നീക്കാൻ പതിനായിരത്തിൽ താഴെയാണ് ചിലവ് വരിക. പക്ഷെ ഔദ്യോഗികമായി കണക്കാക്കിയ നഷ്ടം 3, 47,535 രൂപ. പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ വില്ലേജ് ഓഫീസർ വഴി സമർപ്പിക്കുന്ന റിപ്പോർട്ട് കാര്യമായ പരിശോധനകളില്ലാതെ പാസാക്കാറാണ് പതിവ്. പ്രളയകാലമായതിനാൽ വലിയ പരിശോധനകളുണ്ടാകില്ലെന്ന വിശ്വാസമാണ് ഇത്തരം ഉദ്യോഗസ്ഥരെ ക്രമക്കേടുകൾക്ക് പ്രേരിപ്പിക്കുന്നത്. പൂർണമായും ഭാഗികമായും വീടുതകർന്ന പതിനായിരങ്ങൾ കാത്തിരിപ്പുണ്ട്. അവർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുമെന്ന് ഉറപ്പാക്കുന്നതിനൊപ്പം ഇത്തരം ക്രമക്കേടുകൾ തടയാനും ശക്തമായ നിരീക്ഷണം വേണം. ഇല്ലെങ്കിൽ നഷ്ടം അർഹതയുള്ള പാവങ്ങൾക്കുമാത്രമായിരിക്കും. ഇങ്ങനെയുള്ള ഉദ്യോഗസ്ഥ തട്ടിപ്പു സംസ്ഥാനത്തു വ്യാപകമാണ്.
ദുരിത ബാധിതർക്ക് പതിനായിരം രൂപ ധനസഹായം കൊടുക്കാൻ സർക്കാർ തീരുമാനം എടുത്തിരുന്നു. എന്നാൽ വെള്ളം കയറാത്ത വീട്ടിലുണ്ടായിരുന്നവർ പോലും സർക്കാരിന്റെ ധനസഹായ ലിസ്റ്റിൽ കടന്നുകൂടി. മണ്ണിടിച്ചിലിൽ യാതൊരു തകരാറും സംഭവിക്കാത്ത വീടുകൾക്കുപോലും വൻതുക നഷ്ടപരിഹാരം നൽകാനാണ് റവന്യു വകുപ്പിന്റെ തീരുമാനം. അനർഹരെ പട്ടികയിൽ തിരുകി കയറ്റാൻ സി.പി.എമ്മും സി.പി.ഐയും കോൺഗ്രസ്സും മത്സരിക്കുകയാണ്. പല സ്ഥലങ്ങളിലും വില്ലേജ് ആഫീസർമാർ തയ്യാറാക്കുന്ന ലിസ്റ്റിൽ സി.പി.എം ലോക്കൽ സെക്രട്ടറിമാരാണ് തിരുത്തലുകൾ വരുത്തുന്നത്. അർഹരായ പലരേയും തിരിഞ്ഞു നോക്കുന്നുപോലുമില്ലെന്ന് വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്.