
മുംബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് എന്ന ജ്വല്ലറി ശൃംഖലക്കെതിരെയുള്ള അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യാൻ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളോട് നിർദേശവുമായി ബോംബെ ഹൈക്കോടതി. യുകെയിലെ ബർമിംഗ്ഹാമിലെ പുതിയ ഷോറൂമിന്റെ പ്രചാരണത്തിനായി ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവാദ പാകിസ്ഥാനി സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ അലിഷ്ബ ഖാലിദിനെ കമ്പനി ഏർപ്പാട് ചെയ്തതിനെ തുടർന്നാണ് മലബാർ ഗോൾഡിനെതിരെ സോഷ്യൽമീഡിയയിൽ വ്യാപക പ്രചാരണമുണ്ടായത്. മലബാർ ഗോൾഡ് പാകിസ്ഥാൻ അനുകൂലമാണെന്ന തരത്തിൽ വിമർശനമുയർന്നു. ഇതിനെതിരെയാണ് മലബാർ ഗോൾഡ് കോടതിയെ സമീപിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിനും തുടർന്നുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനും മുമ്പ് ലണ്ടനിലെ ജാബ് സ്റ്റുഡിയോ വഴിയാണ് ഖാലിദിനെ നിയമിച്ചതെന്ന് മലബാർ ഗോൾഡ് വ്യക്തമാക്കി. ആ സമയത്ത് അവരുടെ സ്വദേശവും രാഷ്ട്രീയ നിലപാടും അറിയുമായിരുന്നില്ലെന്നും കമ്പനി പറഞ്ഞു. പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ സംഭവങ്ങൾക്ക് ശേഷം ഇന്ത്യയെ വിമർശിച്ചുകൊണ്ട് ഖാലിദിന്റെ പരാമർശങ്ങൾ വ്യാപകമായ വിമർശനത്തിന് കാരണമായിരുന്നു. പിന്നാലെ, നിരവധി ഉപയോക്താക്കൾ മലബാർ ഗോൾഡ് ബ്രാൻഡിനെ ഇന്ത്യാ വിരുദ്ധതയുമായി ബന്ധപ്പെടുത്തി പോസ്റ്റുകൾ പങ്കുവെച്ചു.
ഉത്സവ സീസണിന് മുന്നോടിയായി ബിസിനസിന് കോട്ടം തട്ടുന്ന തരത്തിൽ വിപണിയിലെ എതിരാളികൾ പ്രശ്നം വർദ്ധിപ്പിക്കുകയാണെന്ന് കമ്പനി കോടതിയിൽ വാദിച്ചു. ബ്രാൻഡിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ നൗഷാദ് എഞ്ചിനീയറാണ് ഹാജരായത്. അപകീർത്തികരമായ അവകാശവാദങ്ങൾ ന്യായീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. സംഭവത്തിന് ശേഷം അലിഷ്ബ ഖാലിദുമായുള്ള ബന്ധം മലബാർ ഗോൾഡ് വിച്ഛേദിച്ചതായും അദ്ദേഹം വ്യക്തമാക്കി. വാദങ്ങൾ കേട്ട ശേഷം, മെറ്റ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്), എക്‌സ് (മുമ്പ് ട്വിറ്റർ), ഗൂഗിൾ (യൂട്യൂബ്), ചില വാർത്താ ഏജൻസികൾ എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളോട് പരാതിയിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ആക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ച് ജസ്റ്റിസ് സന്ദീപ് മാർൺ ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.