
തിങ്കളാഴ്ച ശുചീകരണം: നാളെ മുതൽ പൂർണ സജ്ജം; അണുവിമുക്തമാക്കുന്ന കോട്ടയത്തെ കടകൾ ചൊവ്വാഴ്ച മുതൽ പൂർണ തോതിൽ പ്രവർത്തന സജ്ജമാകും
സ്വന്തം ലേഖകൻ
കോട്ടയം: 28 ദിവസത്തെ ലോക്ക് ഡൗണിനു ശേഷം നഗരം ഇന്നു മുതൽ ഉണർന്നു തുടക്കം. സ്വാതന്ത്ര്യത്തിന്റെ അവേശം മുതലെടുത്ത് അമിത ആസ്വാദനത്തിലേയ്ക്കല്ല, സ്വയം നിയന്ത്രണങ്ങളോടെ, അപകടം അരികിലുണ്ടെന്ന ബോധ്യത്തോടെ വേണം നിലവിലെ സാഹചര്യത്തെ നേരിടാൻ എന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പുകൾ ബോധ്യപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയിലെ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുന്നത്.
ലോക്ക് ഡൗൺ പൂർത്തിയാക്കിയ തിങ്കളാഴ്ച സ്ഥാപനങ്ങളെല്ലാം തുറന്നു പ്രവർത്തിക്കുന്നത് ശുചീകരണത്തിനു വേണ്ടിയാവും. ഹോട്ടലുകളും കച്ചവട സ്ഥാപനങ്ങളും എല്ലാം തുറന്ന ശേഷം, ഇവിടങ്ങൾ അണുവിമുക്തമാക്കണം. ഇതിനു ശേഷം മാത്രമേ ചൊവ്വാഴ്ച മുതൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച ഹോട്ടലുകൾ എല്ലാം തുറന്നു പ്രവർത്തിക്കാനും, ശുചീകരിച്ച് അണുവിമുക്തമാക്കാനും നിർദേശം നൽകിയതായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എൻ.പ്രതീഷും, പ്രസിഡൻ്റ് കെ.കെ ഫിലിപ്പ് കുട്ടിയും അറിയിച്ചു. ഹോട്ടലുകൾ ചൊവ്വാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുമ്പോൾ സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കണം. കൃത്യമായ അകലത്തിൽ വേണം ഭക്ഷണം കഴിക്കാനെത്തുന്നവരെ ഇരുത്താനെന്നും നിർദേശം നൽകിയിട്ടുണ്ട്.
നഗരത്തിലെ എല്ലാ കടകളും തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കാവുന്നതാണെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി അറിയിച്ചു. സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.