മുതിര്‍ന്നവരുടെ മെയ്ക്കപ്പ് ഉപയോഗിക്കുന്നത് കുട്ടികളില്‍ അലര്‍ജിക്ക് കാരണമാകാം; പഠനങ്ങൾ പറയുന്നത് ഇങ്ങനെ…!

Spread the love

കോട്ടയം: ചെറുപ്രായത്തില്‍ കുട്ടികള്‍ മെയ്ക്കപ്പിനോടും സൗന്ദര്യവർധക സൗന്ദര്യവസ്തുക്കളോടും കാണിക്കുന്ന താല്‍പര്യത്തെ പലപ്പോഴും കുട്ടിക്കളിയായിട്ടാണ് കാണുക.

ചെറുനഖങ്ങളില്‍ പോളിഷ് ഇടുമ്പോഴും, കവിളില്‍ ബ്ലഷ് ഇടുമ്പോഴും, പെർഫ്യൂം അടിക്കുമ്പോഴും അവരെ തടയുന്നതിന് പകരം ആസ്വദിക്കുകയാണ് പതിവ്. ഇത്തരത്തില്‍ മുതിർന്നവർക്ക് വേണ്ടിയുള്ള മെയ്ക്കപ്പ് സാധനങ്ങളുടെ ഉപയോഗം കുട്ടികളുടെ ചർമത്തിന് നല്ലതല്ല എന്ന് കണ്ടെത്തിയിരിക്കുകയാണ് കൊളംബിയ യൂണിവേഴിസിറ്റിയിലെ ഗവേഷകർ.

കണ്ണെഴുതുന്നത് മുതല്‍ കൈകളില്‍ മൈലാഞ്ചി ഇടുന്നതുവരെ കുട്ടികളില്‍ സൗന്ദര്യവസ്തുക്കളുടെ ഉപയോഗം കാണാം. എൻവയോണ്‍മെന്റല്‍ റിസേർച്ച്‌ ആൻഡ് പബ്ലിക് ഹെല്‍ത്ത് 2023-ലാണ് മെയ്ക്കപ്പ് സാധനങ്ങള്‍ക്ക് കുട്ടികളുടെ ചർമത്തിലുള്ള സ്വാധീനത്തെക്കുറിച്ച്‌ പഠനം നടത്തിയത്. മുതിർന്ന വ്യക്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികളുടെ ചർമം കനം കുറഞ്ഞതും ഈർപ്പം നിലനിർത്താനുള്ള കഴിവ് കുറവുമാണ്. ഇത് കാരണം മെയ്ക്കപ്പ് ഉപയോഗിക്കുമ്പോള്‍ കുട്ടികളില്‍ അലർജി, ഹോർമോണ്‍ തകരാറുകള്‍, തുടങ്ങി ദീർഘകാല ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനിച്ചയുടനെയുള്ള കുഞ്ഞിന്റെ ചർമത്തിന് മുതിർന്നവരുടേതിന് തുല്യമായ പാളികള്‍ ഉണ്ടെങ്കിലും അവ മുപ്പത് ശതമാനം കനം കുറഞ്ഞതാണ്. സൗന്ദര്യവർധക വസ്തുക്കളില്‍ നിന്നുള്ള രാസവസ്തുക്കള്‍ എളുപ്പത്തില്‍ കുഞ്ഞിന്റെ ചർമത്തിലൂടെ രക്തചംക്രമണത്തില്‍ ചേരാൻ ഇത് കാരണമാവുന്നു. ലാൻകാസ്റ്റർ യൂണിവേഴ്സിറ്റിയിലെ അനാട്ടമി വിദഗ്ദനായ ആദം ടെയ്ലറിന്റെ അഭിപ്രായത്തില്‍ കുഞ്ഞുങ്ങളുടെ ചർമത്തില്‍ ജലത്തിന്റെ അംശം കൂടുതലാണെങ്കിലും ശരീരത്തിലെ ഈർപ്പം നിലനിർത്തുന്ന ഘടകമായ സെബം കുറവാണ്.

കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത മുതിർന്നവർക്ക് വേണ്ടിയുള്ള സൗന്ദര്യവർധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് ചർമത്തിനെ വരണ്ടതാക്കും. കോസ്മെറ്റിക് സാധനങ്ങളിലെ സുഗന്ധ സംയുക്തങ്ങള്‍, ലനോലിൻ, പ്രിസർവേറ്റീവുകള്‍, ഹെയർ ഡൈയിലെ രാസഘടകങ്ങള്‍, എന്നിവ അലർജിക്ക് കാരണമാവുന്ന ഘടകങ്ങളാണ്.

അമേരിക്കയിലെ കുട്ടികള്‍ ഉപയോഗിക്കുന്ന സൗന്ദര്യവർധക വസ്തുക്കളില്‍ പലതിലും കാർസിനോജൻ പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട് എന്ന് പഠനത്തില്‍ പറയുന്നുണ്ട്. ഇവ കാൻസർ പോലുള്ള രോഗങ്ങള്‍ക്കും കാരണമാവുകയും തലച്ചോറിന്റെ വികാസത്തെ ബാധിക്കുകയും ചെയ്യും. മെയ്ക്കപ്പ് ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷത്തേക്കാള്‍ കുട്ടികളുടെ ആരോഗ്യത്തിന് രക്ഷിതാക്കള്‍ പ്രാധാന്യം നല്‍കണം എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.