ആലപ്പുഴ -കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച്‌ വേമ്പനാട്‌ കായലിനു കുറുകെയുള്ള മാക്കേക്കടവ്‌- നേരെകടവ്‌ പാലം നിര്‍മാണം അവസാന ഘട്ടത്തിലേക്ക്‌ :പാലത്തിന്റെ ഗര്‍ഡറുകളില്‍ 61 എണ്ണം പൂര്‍ത്തിയായി; അടുത്തവര്‍ഷം പണി പൂര്‍ത്തിയാക്കും

Spread the love

വൈക്കം: ആലപ്പുഴ -കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച്‌ വേമ്പനാട്‌ കായലിനു കുറുകെയുള്ള മാക്കേക്കടവ്‌- നേരെകടവ്‌ പാലം നിര്‍മാണം അവസാന ഘട്ടത്തിലേക്ക്‌.
പാലത്തിന്റെ ഗര്‍ഡറുകളില്‍ 61 എണ്ണം പൂര്‍ത്തിയായി. ഗര്‍ഡറുകള്‍ മാക്കേകടവില്‍ നിര്‍മിച്ചാണ്‌ കായലിന്‌ കുറുകെ സ്‌ഥാപിക്കുന്നത്‌. നാലു ഗര്‍ഡറുകള്‍ ചേരുന്ന 22 സ്‌പാനുകളില്‍ 15 എണ്ണം സ്‌ഥാപിച്ചു.

നേരേകടവ്‌ ഭാഗത്ത്‌ 150 മീറ്റര്‍ നീളത്തില്‍ അപ്രോച്ച്‌ റോഡ്‌ നിര്‍മിക്കുന്നതിനും സംരക്ഷണഭിത്തി കെട്ടുന്നതിനുമുള്ള പണികള്‍ ആരംഭിച്ചു. ഗര്‍ഡറുകള്‍ പൂര്‍ണമായി സ്‌ഥാപിച്ച ശേഷമേ അപ്രോച്ച്‌ റോഡിന്റെ നിര്‍മാണം തുടങ്ങുകയുള്ളൂ.
അടുത്തവര്‍ഷം പണി പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യ ത്തിലാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്‌. 800 മീറ്റര്‍ നീളത്തിലും 11.23 മീറ്റര്‍ വീതിയിലും 97.65 കോടി രൂപ ചെലവഴിച്ച്‌ സംസ്‌ഥാന പൊതുമരാമത്ത്‌ വിഭാഗമാണ്‌ പാലം നിര്‍മിക്കുന്നത്‌. പാലം പൂര്‍ത്തിയാകുന്നതിനോടൊപ്പം നേരേകടവ്‌ മുതല്‍ ഉദയനാപുരം വരെയുള്ള റോഡ്‌ ആധുനിക നിലവാരത്തില്‍ വീതി കൂട്ടി നിര്‍മിക്കാന്‍ നടപടികള്‍ തുടങ്ങി.

നേരേകടവ്‌ മുതല്‍ ഉദയനാപുരം വരെ റോഡിന്‌ 2.51 കിലോ മീറ്റര്‍ നീളവും 3.8 മീറ്റര്‍ വീതിയുമാണുള്ളത്‌. റോഡ്‌ പുനര്‍ നിര്‍മിക്കുന്നതിനായി ഇരുവശങ്ങളിലും സ്‌ഥലം ഏറ്റെടുക്കേണ്ടിവരും. ഇതിനായുള്ള സര്‍വേ നടപടികള്‍ ഉടന്‍ ആരംഭിക്കും.
ബി.എം. ആന്‍ഡ്‌ ബി സി നിലവാരത്തില്‍ ഉയര്‍ത്തി വശങ്ങള്‍ കെട്ടി ഓടകള്‍ നിര്‍മിച്ച്‌ ഗതാഗത സുരക്ഷ ഉറപ്പുവരുത്തിയാണ്‌ റോഡ്‌ നിര്‍മിക്കുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല്‌ ചെറിയ പാലങ്ങള്‍ ഉള്‍പ്പെടെ റോഡ്‌ പുനര്‍ നിര്‍മിക്കാന്‍ ഏകദേശം 75 കോടി രൂപ വേണ്ടിവരുമെന്നാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ കണക്കാക്കുന്നത്‌. നിലവിലുള്ള വീതിയില്‍ റോഡ്‌ പുനര്‍ നിര്‍മിച്ചാല്‍ പാലം തുറന്നു കൊടുക്കുമ്ബോള്‍ വാഹനങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്‌ ഉണ്ടാകുകയും ഗതാഗത കുരുക്കിന്‌ കാരണമാകുമെന്നാണ്‌ അധികൃതരുടെ നിഗമനം.

നേരേകടവ്‌ മുതല്‍ ഉദയനാപുരം വരെയുള്ള റോഡിന്റെ ഒരു വശത്തിന്റെ പകുതി ഭാഗം വേസനാട്‌ കായലുമായി ബന്ധിപ്പിക്കുന്ന നാട്ടു തോടുണ്ട്‌. തോട്ടിലേക്ക്‌ വാഹനങ്ങള്‍ മറിഞ്ഞ്‌ അപകടം ഉണ്ടാകാനും സാധ്യതയുള്ളതിനാലാണ്‌ റോഡ്‌ വീതികൂട്ടി പുനര്‍ നിര്‍മിക്കാന്‍ അധികൃതര്‍ നീക്കം തുടങ്ങിയത്‌.