
തിരുവനന്തപുരം: വിലക്ക് ലംഘിച്ച് മകര വിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി.
നരിവേട്ട എന്ന സിനിമയുടെ സംവിധായകൻ അനുരാജ് മനോഹറിന്‍റെ പുതിയ സിനിമയുടെ ഷൂട്ടിങ് നടന്നതായി പരാതി കിട്ടിയെന്നു ദേവസ്വം അധ്യക്ഷൻ കെ ജയകുമാർ പറഞ്ഞു.
മകര വിളക്ക് ഷൂട്ട് ചെയ്യാൻ അനുമതി തേടിയപ്പോള്‍ നിഷേധിച്ചിരുന്നുവെന്നും ഷൂട്ടിങ് നടന്നുവെന്ന് തനിക്ക് പരാതി കിട്ടിയെന്നും ജയകുമാർ പറഞ്ഞു. അന്വേഷിക്കാൻ ദേവസ്വം വിജിലൻസ് എസ് പിക്ക് നിർദേശം നല്‍കി. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെന്നു ജയകുമാർ അറിയിച്ചു.
അതേസമയം ഷൂട്ടിങ് നടന്നത് പമ്പയില്‍ എന്ന് സംവിധായകൻ അനുരാജ് പറഞ്ഞു. സന്നിധാനത്ത് മാധ്യമ പ്രവർത്തകർ നില്‍ക്കുന്ന സ്ഥലത്താണ് അനുമതി തേടിയത്. പമ്പ പശ്ചാത്തലമായ സിനിമയാണ്.
ദേവസ്വം ബോർഡ് അധ്യക്ഷൻ അനുമതി നിഷേധിച്ചു എന്നത് ശരിയാണ്. പിന്നീട് എഡിജിപി എസ് ശ്രീജിത്തിനെ സന്നിധാനത്ത് വെച്ച് കണ്ടു. എിജിപിയാണ് പമ്പയില്‍ ഷൂട്ട് ചെയ്യാൻ പറഞ്ഞത്. അന്വേഷണം നടക്കട്ടെ എന്നും സംവിധായകൻ പ്രതികരിച്ചു.

