കുരുന്ന് ജീവനുകൾക്ക് കരുതൽ; മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം; കേരളത്തിന് അഭിമാന നേട്ടം!

Spread the love

തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍.

2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്.

 

ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്‌സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.