play-sharp-fill
രാഹുൽ ഗാന്ധിയുടെ ഇടപെടൽ തുണച്ചു: മഹാരാഷ്ട്രയിൽ നിന്നുള്ള 27 അംഗ മലയാളി സംഘം കോട്ടയത്ത് എത്തി; നാട്ടിലെത്തിയവർക്ക് ഹോം ക്വാറന്റൈൻ നിർദേശിച്ച് സർക്കാർ; വീട്ടിൽ ഇടമില്ലാത്ത ആറു പേർ കുടുങ്ങി; ജില്ലാ ഭരണകൂടം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് ആരോപണം; തിരികെ എത്തിയത് തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയവർ

രാഹുൽ ഗാന്ധിയുടെ ഇടപെടൽ തുണച്ചു: മഹാരാഷ്ട്രയിൽ നിന്നുള്ള 27 അംഗ മലയാളി സംഘം കോട്ടയത്ത് എത്തി; നാട്ടിലെത്തിയവർക്ക് ഹോം ക്വാറന്റൈൻ നിർദേശിച്ച് സർക്കാർ; വീട്ടിൽ ഇടമില്ലാത്ത ആറു പേർ കുടുങ്ങി; ജില്ലാ ഭരണകൂടം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് ആരോപണം; തിരികെ എത്തിയത് തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയവർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോവിഡ് ലോക്ക് ഡൗണിനെ തുടർന്നു മഹാരാഷ്ട്രയിൽ കുടുങ്ങിയ 27 അംഗ മലയാളി സംഘത്തെ, മുൻ കോൺഗ്രസ് അദ്ധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ ഇടപെടലിനെ തുടർന്നു സുരക്ഷിതമായി നാട്ടിലെത്തിച്ചു. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന 27 അംഗ സംഘത്തെയാണ് എറണാകുളത്തു നിന്നും കോൺഗ്രസ് നേതാക്കളും, രാഹുൽ ഗാന്ധിയുടെ ഓഫിസും ഇടപെട്ട് സുരക്ഷിതമായി നാട്ടിലെത്തിച്ചത്. ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ നിന്നും സ്വകാര്യ ബസിൽ ഈ സംഘം നാട്ടിലെത്തിയിട്ടും ജില്ലാ ഭരണകൂടം ആവശ്യമായ ക്രമീകരണങ്ങൾ ഇവർക്കു ഒരുക്കി നൽകിയില്ല.


ഭക്ഷണമോ, വെള്ളമോ, മാസ്‌കോ സാനിറ്റൈസറോ ഇവർക്കു തയ്യാറാക്കാൻ ജില്ലാ ഭരണകൂടം തയ്യാറായില്ല. ജില്ലയിലെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ കാത്ത് ഒരു മണിക്കൂറോളം ഈ സംഘത്തിന് റെയിൽവേ സ്‌റ്റേഷനു സമീപത്തെ മാലി ഹോട്ടലിനു മുന്നിൽ കാത്തു നിൽക്കേണ്ടതായും വന്നു. ഇവർക്കു ഭക്ഷണവും വെള്ളവും മാസ്‌കും സാനിറ്റൈസറും അടക്കമുള്ളവ ഒരുക്കി നൽകിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്. ഞായറാഴ്ച രാവിലെ 11.30 ന് എത്തിയ ഇവരെ സ്വീകരിക്കാൻ 12.30 ഓടെയാണ് തഹസീൽദാർ അടക്കമുള്ളവർ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാരാഷ്ട്രയിൽ നിന്നും എത്തിയ 27 പേർക്കും ഹോം ക്വാറന്റൈനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ, ഇവരിൽ ആറു പേർ സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾ അടക്കമുള്ളവരാണ്. ഇവർ കഴിയുന്നത് സർക്കാരിന്റെ ക്വാർട്ടേഴ്‌സിലാണ്. ഇവർക്കു ഇവിടെ അറ്റാച്ച്ഡ് ബാത്ത് റൂം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. അതുകൊണ്ടു തന്നെ തങ്ങൾക്കു സർക്കാരിന്റെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ സംവിധാനം ഒരുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ, സർക്കാരിന്റെ ക്വാറന്റൈൻ സംവിധാനങ്ങൾ എല്ലാം നിറഞ്ഞിരിക്കുകയാണ് എന്നും അതുകൊണ്ടു ഇവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ഒരുക്കാൻ സാധിക്കില്ലെന്നും ജില്ലാ ഭരണകൂടം നിലപാട് എടുത്തു. ഇതോടെ ഇവരുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

മഹാരാഷ്ട്രയിലെ ഹൊഗ്ലി എന്ന സ്ഥലത്ത് ജോലി തട്ടിപ്പിൽ കുടുങ്ങിയ ആളുകളാണ് ഞായറാഴ്ച കോട്ടയത്ത് എത്തിയ സംഘം. ഇവിടെ കുടുങ്ങിപ്പോയ ഇവർക്കു തിരികെ നാട്ടിലെത്താൻ മാർഗമൊന്നുമുണ്ടായിരുന്നില്ല. ഇതിനിടെയാണ്, റെയിൽവേ അപ്രന്റിസ്ഷിപ്പിനായി എറണാകുളത്ത് എത്തിയ ലോക്ക് ഡൗണിനെ തുടർന്നു കുടുങ്ങിപ്പോയ മഹാരാഷ്ട്ര സ്വദേശികളായ വിദ്യാർത്ഥികളെയുമായി എറണാകുളത്തു നിന്നും ബസ് യാത്ര തിരിച്ചത്. ഈ ബസ് തിരികെ എത്തുമ്പോൾ മഹാരാഷ്ട്രയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരികെ നാട്ടിലേയ്ക്കു കൊണ്ടുവരാൻ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതൃത്വം ഇടപെടൽ നടത്തുകയായിരുന്നു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരി എന്നിവരുടെ ഇടപെടലിനെ തുടർന്നു രാഹുൽ ഗാന്ധിയുടെ ഓഫിസിൽ നിന്നും സച്ചിൻ റാവു, മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളും മലയാളികളുമായ മാത്യു ആന്റണി, രാജു പി.ആന്റണി എന്നിവർ വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്നു എറണാകുളത്തു നിന്നും മഹാരാഷ്ട്രയിലേയ്ക്കു പോയ ബസിൽ തന്നെ ഇവരെ തിരികെ നാട്ടിലേയ്ക്കു കൊണ്ടു വന്നു.

കഴിഞ്ഞ ആറു മാസം കൊണ്ടാണ് 27 പേരും മഹാരാഷ്ട്രയിൽ എത്തിയത്. ഇവിടെ മികച്ച ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ എത്തിച്ചത്. അരലക്ഷം രൂപ ഭക്ഷണത്തിനും താമസത്തിനുമായി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹിന്ദുസ്ഥാൻ യൂണിലിവർ എന്ന കമ്പനിയുടെ പേരിലാണ് തങ്ങളെ ഇവിടെ എത്തിച്ചത് എന്നു ചിങ്ങവനം സ്വദേശിയായ അമൽ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. രണ്ടു മാസത്തോളമായി ഭക്ഷണമില്ലാതെ, ആവശ്യത്തിന് വെള്ളമില്ലാതെ ദുരിതത്തിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ ഇവരെ നാട്ടിലെത്തിച്ചിരിക്കുന്നത്.

എന്നാൽ, ഇവരിൽ ഭൂരിഭാഗത്തിനും വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നതിനുള്ള സൗകര്യങ്ങളില്ല. സർക്കാർ ഒരുക്കുന്ന ക്വാറന്റൈൻ സംവിധാനത്തിൽ വിശ്വസിച്ച്, സർക്കാരിന്റെ പാസും നേടിയാണ് ഇവർ ജില്ലയിൽ എത്തിയത്. എന്നാൽ, ഇവരുടെ വീടുകളിൽ ക്വാറന്റൈനുള്ള സൗകര്യങ്ങളില്ലെന്നു പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം, ആവശ്യമെങ്കിൽ സർക്കാർ ക്വാറന്റൈൻ നൽകാമെന്ന നിലപാടാണ് ഇപ്പോൾ ഉദ്യോഗസ്ഥർ സ്വീകരിച്ചിരിക്കുന്നത്.

ഇവർ എത്തിയത് അറിഞ്ഞ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരി, അനൂപ് അബൂബക്കർ എന്നിവരുടെ നേതൃത്വത്തുള്ള യൂത്ത് കോൺഗ്രസ് നേതാക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്.

കോട്ടയം റെയിൽവേ സ്‌റ്റേഷൻ പരിസരത്തു നിന്നും ഇവർക്കു വീടുകളിലേയ്ക്കു എത്തുന്നതിനുള്ള വാഹനത്തിന്റെ ചാർജ് തങ്ങൾ നൽകുമെന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി അറിയിച്ചു. മൂന്നു ദിവസമായി ഭക്ഷണം കഴിക്കാതെ ബുദ്ധിമുട്ടിയവർക്കു നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയുടെ ഇടപെടലിനെ തുടർന്നു ഭക്ഷണവും എത്തിച്ചു നൽകിയിട്ടുമുണ്ട്.

മഹാരാഷ്ട്രയിൽ നിന്നും എത്തിയവർക്കു വേണ്ട ക്രമീകരണങ്ങൾ എല്ലാം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട് എന്ന് ജില്ലാ കളക്ടർ പി.കെ സുധീർ ബാബു അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് ഇപ്പോൾ ഹോം ക്വാറന്റൈൻ മാത്രമാണ് ഒരുക്കിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്കു ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈൻ എടുത്തു കളഞ്ഞിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ വീടുകളിൽ തന്നെ ക്വാറന്റൈനിൽ കഴിഞ്ഞാൽ മതി. ഇപ്പോൾ ഇൻസ്റ്റിറ്റിയൂഷൻ കോറന്റൈൻ വേണം എന്നത് തെറ്റിധാരണയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദേശിക്കുന്നവർക്കു മാത്രമാണ് ഇപ്പോൾ ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈൻ നിർദേശിക്കുന്നത്. ഇവർ നേരിട്ട് ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈനു വേണ്ടി വരേണ്ട സാഹചര്യം നിലവിലില്ല. പഴയ സാഹചര്യം വച്ചിട്ടാണ് ഇപ്പോഴും ആളുകൾ നോക്കുന്നത്. മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ് എന്നും ജില്ലാ കളക്ടർ തേർഡ് ഐ ന്യൂസ് ലൈവ് പറഞ്ഞു. എല്ലാവരും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ നിൽക്കേണ്ട സാഹചര്യവും നിലവിലില്ല.