പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ കൊടിയേറി
സ്വന്തം ലേഖകൻ
പരിപ്പ്: മേജർ പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ കൊടിയേറി. ഏപ്രിൽ 18 ഞായറാഴ്ചയാണ് ആറാട്ട്. ഇന്ന് വൈകുന്നേരം ആറ് മണിക്ക് തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പള്ളി മന നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ആനന്ദകുമാർ കാളകാട്ടില്ലം സഹകാർമ്മികത്വം വഹിക്കും. ഏപ്രിൽ 14, 16, 17 തീയതികളിൽ ഉത്സവബലി ഉണ്ടായിരിക്കുന്നതാണ്. എപ്രിൽ 16ന് പുറപ്പാടും 17ന് പള്ളിവേട്ടയും നടക്കും.
തിരുവരങ്ങിൽ, ഒന്നാം ഉത്സവ ദിവസമായ ഇന്ന് വൈകിട്ട് 7.30ന് ഡോ: പ്രശാന്ത് വർമ്മ നയിക്കുന്ന മാനസജപലഹരി നടക്കും. രണ്ടാം ദിവസം വൈകുന്നേരം ഏഴ് മുതൽ ശീതങ്കൻതുള്ളൽ, നൃത്തനൃത്യങ്ങൾ എന്നിവ ഉണ്ടായിരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നാം ദിവസമായ ഏപ്രിൽ 13 ന് വൃന്ദവാദ്യക്കച്ചേരി രാത്രി 7 മുതൽ നടക്കും. വിഷു ദിവസം രാവിലെ 5.10 മുതൽ ക്ഷേത്രസന്നിധിയിൽ വിഷുക്കണി ദർശനം ഉണ്ടായിരിക്കും. തിരുവരങ്ങിൽ രാവിലെ 11ന് ഭക്തിഗാനലയം, വൈകിട്ട് ഏഴ് മുതൽ മേജർ സെറ്റ് കഥകളി. കഥ, ദക്ഷയാഗം. അവതരണം, നാട്യ മണ്ഡലം കഥകളി വിദ്യാലയം കുടമാളൂർ.
ഏപ്രിൽ 15 വ്യാഴാഴ്ച വൈകിട്ട് ഏഴ് മുതൽ കോൽക്കളി, തിരുവാതിര എന്നിവയും 7.30 മുതൽ സംഗീത സദസ്സും ഉണ്ടാകും. അഞ്ചാം പുറപ്പാട് ദിവസമായ ഏപ്രിൽ 16ന്, രാത്രി 9 ന് പുറപ്പാട് എഴുന്നള്ളിപ്പ്. തിരുവരങ്ങിൽ രാവിലെ 11ന് ഓട്ടൻതുള്ളലും വൈകിട്ട് എട്ടിന് സമ്പ്രദായ ഭജനയും ഉണ്ടാവും.
പള്ളിവേട്ട ദിനമായ ശനിയാഴ്ച രാത്രി 9ന് പള്ളിവേട്ട എഴുന്നള്ളിപ്പ് നടക്കും. തിരുവരങ്ങിൽ 8 മുതൽ സംഗീതസദസ്സ്. ആറാട്ട് ദിവസം വൈകുന്നേരം 6.30ന് ആറാട്ടെഴുന്നള്ളിപ്പ്, രാത്രി എട്ടുമണിക്ക് ആറാട്ട് എതിരേൽപ്പ്, 9.45 ന് കൊടിയിറക്ക്. തിരുവരങ്ങിൽ 8 മുതൽ പിന്നൽ തിരുവാതിര.
അഞ്ചാം ഉത്സവദിവസം മുതൽ, നാട്ടുകാരനായ അപ്പു നിയന്ത്രിക്കുന്ന ഗജരാജൻ ചെപ്ര കണ്ണനാണ് തിടമ്പേറ്റുന്നത്. ദേവസ്വം ബോർഡ് ഇത്തവണ ആനയെ വിട്ടു നൽകിയിട്ടില്ല.
കോവിഡ് സാഹചര്യത്തിൽ 2020ലെ ഉത്സവം യഥാസമയം നടന്നിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങൾ മാറിയ ശേഷം ഒക്ടോബർ – നവംബർ മാസമാണ് ഉത്സവം ചടങ്ങുകൾ മാത്രമായി നടത്തിയത്. തുടർന്ന് നിലവിലെ ഉപദേശക സമിതിയുടെ കാലാവധി അവസാനിക്കുകയും, പുതിയ ഉപദേശക സമിതി, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രൂപീകരിക്കുവാൻ സാധിക്കാതെ വരികയും ചെയ്തു. അതിൻ്റെ അടിസ്ഥാനത്തിൽ, നാട്ടിലെ ഒരുപറ്റം യുവാക്കൾ ചേർന്ന് രൂപീകരിച്ച ഏഴംഗ അഡ്ഹോക്ക് കമ്മറ്റിയാണ്, ദേവസ്വം ബോർഡിന്റെ അംഗീകാരം വാങ്ങി, ഉത്സവം നടത്തുന്നത്.
41 ജനറൽ കമ്മിറ്റിയും ഉത്സവ നടത്തിപ്പിനായി തെരെഞ്ഞെടുത്തിട്ടുണ്ട്.
വളരെ കുറഞ്ഞ സമയം കൊണ്ട് അഹോരാത്രം പ്രവർത്തിച്ചാണ്, ഉത്സവത്തിനുള്ള സജ്ജീകരണങ്ങൾ നടത്തിയത്. ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനും, ദേവസ്വം ബോർഡ് ധനസഹായം നൽകാതിരുന്നിട്ടും പെയിൻ്റിംഗ് മുതലായവ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തു തീർക്കാൻ യുവാക്കൾ കാണിച്ച ഉത്സാഹം വളരെ ശ്രദ്ധേയമാണെന്ന്, പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന റ്റി. ജി. കമലാസനൻ നായരും മുരളീധർ പുത്തൂരും പറഞ്ഞു.
ക്ഷേത്ര ചടങ്ങുകൾ ഭംഗി ആക്കുന്നതിന്, കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് ഭക്തജനങ്ങൾ പങ്കെടുക്കണമെന്ന്, പ്രസിഡണ്ട് ബിനോയ് പുതുവൽ, സെക്രട്ടറി ധർമ്മേഷ്, ട്രഷറർ സന്ദീപ് സുകുമാർ, സബ് ഗ്രൂപ്പ് ഓഫീസർ ജയരാജൻ നമ്പൂതിരി എന്നിവർ അറിയിച്ചു.