മാജിക്‌ പ്ലാനറ്റിന് എല്ലാവര്‍ഷവും ഒരുകോടി നല്‍കും: യൂസഫലി

മാജിക്‌ പ്ലാനറ്റിന് എല്ലാവര്‍ഷവും ഒരുകോടി നല്‍കും: യൂസഫലി

സ്വന്തം ലേഖകൻ

കഴക്കൂട്ടം: മാജിക്‌ പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവര്‍ഷവും ഒരുകോടി രൂപ നല്‍കുമെന്നും ഇത് തന്റെ മരണ ശേഷവും തുടരുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫലി പറഞ്ഞു.കാസര്‍കോട്ട് നിര്‍മ്മിക്കുന്ന ഭിന്നശേഷി ഗവേഷണകേന്ദ്രത്തിന്റെ സമാരംഭ പ്രഖ്യാപനം കിൻഫ്ര വീഡിയോ പാര്‍ക്കിലെ മാജിക് പ്ലാനറ്റില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ഭിന്നശേഷിക്കാരിലെ ജന്മവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്.

കാസര്‍കോട് ആരംഭിക്കുന്ന പദ്ധതി ഭിന്നശേഷിക്കാരുടെ സര്‍വമേഖലയും സ്പര്‍ശിക്കുന്ന തരത്തില്‍ ദീര്‍ഘവീക്ഷണത്തോടെയാണ് തയ്യാറാക്കിയിരിക്കുന്നതെന്നും പദ്ധതിക്കായി എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ ഗോപിനാഥ് മുതുകാടിന് ഒന്നര കോടി രൂപയുടെ ചെക്ക് അദ്ദേഹം കൈമാറി.രാവിലെ 11ഓടെ ഡിഫറന്റ് ആര്‍ട് സെന്ററിലെത്തിയ യൂസഫലി ഭിന്നശേഷിക്കുട്ടികളുടെ കലാവിരുന്നുകള്‍ ആസ്വദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെന്ററിന്റെ എല്ലാവിഭാഗങ്ങളും നടന്നു കാണുകയും കുട്ടികളോടും മാതാപിതാക്കളോടും കുശലാന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു.
രഘുചന്ദ്രൻ നായര്‍, അവോക്കി മാനേജിംഗ് ഡയറക്ടര്‍ ഗണേഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.അന്താരാഷ്ട്ര നിലവാരത്തില്‍ അതിവിപുലമായ ഭിന്നശേഷി പുനരധിവാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റും ഗവേഷണകേന്ദ്രവുമാണ് കാസര്‍കോട് കാഞ്ഞങ്ങാട് ആരംഭിക്കുന്നത്.

അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ക്ലാസ് മുറികള്‍, പ്രത്യേകം തയ്യാറാക്കിയ സിലബസിനെ അധികരിച്ചുള്ള പഠനരീതികള്‍, ആനിമല്‍ തെറാപ്പി, വാട്ടര്‍ തെറാപ്പി, പേഴ്സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് ഫാക്ടറികള്‍, തെറാപ്പി സെന്ററുകള്‍, റിസര്‍ച്ച്‌ ലാബുകള്‍, ആശുപത്രി സൗകര്യം, സ്‌പോര്‍ട്സ് സെന്റര്‍, കമ്ബ്യൂട്ടര്‍ പരിശീലനം തുടങ്ങിയവ ഇവിടെ ഉണ്ടാകുമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.