അയ്മനത്ത് ഗ്യാസ് സബ്‌സിഡിയുടെ പേരിൽ വീട്ടമ്മയുടെ മാല കവർന്ന പ്രധാന പ്രതി പിടിയിൽ: പിടിയിലായത് കായംകുളം കേന്ദ്രീകരിച്ചുള്ള വൻ തട്ടിപ്പ് മാഫിയ സംഘം; പ്രതികളുടെ പേരിൽ സംസ്ഥാനത്തെമ്പാടും തട്ടിപ്പ് കേസ്

അയ്മനത്ത് ഗ്യാസ് സബ്‌സിഡിയുടെ പേരിൽ വീട്ടമ്മയുടെ മാല കവർന്ന പ്രധാന പ്രതി പിടിയിൽ: പിടിയിലായത് കായംകുളം കേന്ദ്രീകരിച്ചുള്ള വൻ തട്ടിപ്പ് മാഫിയ സംഘം; പ്രതികളുടെ പേരിൽ സംസ്ഥാനത്തെമ്പാടും തട്ടിപ്പ് കേസ്

സ്വന്തം ലേഖകൻ

കോട്ടയം: അയ്മനത്ത് ഗ്യാസ് സബ്സിഡിയുടെ പേരിൽ വയോധികയെ കബളിപ്പിച്ച് രണ്ടര പവന്റെ സ്വർണമാല തട്ടിയെടുത്ത സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. കായംകുളം കൃഷ്ണപുരം പുള്ളിക്കോണം രണ്ടാംകുറ്റി കുന്നത്ത വിട്ടീൽ സജീറിനെ (29)യാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു.
മാർച്ച് എട്ടിന് വൈകിട്ട് നാലരയോടെ അയ്മനത്തായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കല്ലുങ്കത്ര വട്ടക്കാട്ട് ജാനകിയുടെ (83) വീട്ടിലാണ് പ്രതികൾ എത്തിയത്. ഗൃഹോപകരണങ്ങൾ വിൽപ്പനയ്ക്കെന്ന പേരിലാണ് പ്രതികൾ അയ്മനത്തെയും പ്രദേശത്തെയും വീടുകളിൽ എത്തിയത്. തമിഴ്നാട്ടിൽ നിന്നും വാങ്ങുന്ന രണ്ടാം ക്വാളിറ്റി സാധനങ്ങളുമായാണ് പ്രതികൾ വീടുകളിൽ എത്തിയിരുന്നത്. തുടർന്ന് വീടുകളിൽ സാധനങ്ങൾ വിൽപ്പനയ്ക്കെന്ന പേരിൽ കയറും. സ്ത്രീകളോ, ആളുകളോ കൂടുതലുള്ള വീടുകളിൽ എത്തുന്ന പ്രതികൾ വിലയും ഗുണനിലവാരവും കൂടിയ സാധനങ്ങൾ ആദ്യം കാണിക്കും. തുടർന്ന് ഇവയുടെ രണ്ടാം ക്വാളിറ്റി സാധനങ്ങൾ മറ്റൊരു കവറിലാക്കി വിൽപ്പന നടത്തും. ഇതിനിടെ പ്രായമായ സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിൽ എത്തിയാണ് പ്രതികൾ തട്ടിപ്പ് നടത്തുന്നത്. ഇവിടെ എത്തിയ ശേഷം സാധനങ്ങൾ വിൽക്കാൻ എന്ന പേരിൽ കയറും. തുടർന്ന് തന്ത്രത്തിൽ വയോധികരുടെ ആഭരണങ്ങൾ ഊരിവാങ്ങും. ഇവരെ തന്ത്രത്തിൽ ഇവിടെ നിന്നു മാറ്റിയ ശേഷം ആഭരണങ്ങൾ അടിച്ചു മാറ്റി മുങ്ങുകയാണ് ചെയ്യുന്നത്.
പ്രതി സജീറിന്റെ വാഹനത്തിലാണ് പ്രതികൾ തട്ടിപ്പിനായി സഞ്ചരിച്ചിരുന്നത്.
പത്തനംതിട്ട പുളിക്കീഴ് ഭാഗത്ത് താമസിക്കുന്ന വയോധികയെ കബളിപ്പിച്ച് രണ്ടു പവന്റെ സ്വർണമാല പ്രതികൾ തട്ടിയെടുത്തിരുന്നു. ആലപ്പുഴ വെൺമണിയിലും വീട്ടമ്മയെ കബളിപ്പിച്ച് രണ്ടരപവന്റെ സ്വർണവളയും പ്രതി തട്ടിയെടുത്തിരുന്നു. ഗ്യഹോപകരണങ്ങളുടെ പേരിൽ കൂടുതൽ തട്ടിപ്പ് നടത്തിയതായും സംശയിക്കുന്നുണ്ട്.
ഇതു സംബന്ധിച്ചു നേരത്തെ തന്നെ പൊലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കായംകുള കേന്ദ്രീകരിച്ചുള്ള സംഘത്തെപ്പറ്റി സൂചന ലഭിച്ചത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ വി.എസ് പ്രദീപ്കുമാർ, ഈസ്റ്റ് എസ്.എച്ച്.ഒ സി.ഐ ജി.ബിനു, ആന്റി ഗുണ്ടാ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ടി.എസ് റെനീഷ്, എ.എസ്.ഐമാരായ വി.എസ് ഷിബുക്കുട്ടൻ, എസ്.അജിത്, ഐ.സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.എൻ മനോജ്, ബിജു പി.നായർ, സിപിഒ സജമോൻ ഫിലിപ്പ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. മറ്റു പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് സംഘം അറിയിച്ചു. രണ്ടു ദിവസത്തിനികം മറ്റു പ്രതികളും പിടിയിലാകുമെന്നാണ് പൊലീസ് സംഘം നൽകുന്ന സൂചന.